വൈപ്പിൻ: ഗൂഗിൾ പ്രൊമോഷൻജോലി വാഗ്ദാനംചെയ്ത് പത്തുലക്ഷം രൂപയിലേറെ തട്ടിയെടുത്ത കേസിൽ പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽവീട്ടിൽ കുഞ്ഞുമുഹമ്മദിനെ (55) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. പുതുവൈപ്പ് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.
ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താത്പര്യമുണ്ടോ എന്ന മെസേജും ലിങ്കും യുവാവിന് ആദ്യം അയച്ചു കൊടുത്തു. തുടർന്ന് ഗൂഗിൾ പ്രൊമോഷൻ നടത്തിച്ച് ചെറിയതുക പ്രതിഫലവും നൽകി. പിന്നീട് കൂടുതൽ വരുമാനത്തിനെന്ന വ്യാജേന പെയ്ഡ് ടാസ്കുകൾ നൽകി. അതിനായി പണവും വാങ്ങി. ടാസ്കുകൾ പൂർത്തീകരിച്ചില്ലെന്നും സിബിൽ സ്കോർ കുറഞ്ഞുപോയി എന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിൽ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ഞാറക്കൽ പൊലീസ് മലപ്പുറം എറവക്കാട് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മുനമ്പം ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, സി,പി.ഒമാരായ പ്രീജൻ, അനൂപ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |