SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

ആറൻമുളയിലെ അനാഥർ

Increase Font Size Decrease Font Size Print Page
k

പൊതു തിരഞ്ഞെടുപ്പുകളിൽ പ്രചാരണം മുറുകുമ്പാേഴെല്ലാം അവഗണിക്കപ്പെട്ടു കിടക്കുന്ന വിഭാഗങ്ങളിലേക്ക് സ്ഥാനാർത്ഥികളുടെ എത്തിനോട്ടമുണ്ട്. അവർക്കൊപ്പം നിന്ന് പരാതികൾ കേൾക്കുന്ന സ്ഥിരം കലാപരിപാടികൾ ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും നടക്കുന്നുണ്ട്. പത്തനംതിട്ട മണ്ഡലത്തിലെ ആറൻമുളയിൽ പന്ത്രണ്ട് വർഷത്തോളമായി പ്രാഥമിക കാര്യങ്ങൾക്കു പോലും സൗകര്യങ്ങളില്ലാതെ കഴിയുന്ന കുടുംബങ്ങളെ ആറൻമുള വിമാനത്താവള വിരുദ്ധ സമരസമിതി പദ്ധതി പ്രദേശത്ത് കുടിൽ കെട്ടി താമസിപ്പിച്ചവരാണ്. ഭൂരഹിതരായ ഇവർക്ക് ഭൂമി പതിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആറൻമുളയിൽ താമസിപ്പിച്ചത്. വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതോടെ സമരനേതാക്കൾ സ്ഥലംവിട്ടു. പക്ഷെ, ഇരുന്നൂറാേളം കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പായില്ല.

ജീവിതം പ്രതിസന്ധിയിലാവർ ഒറ്റയ്ക്കും കൂട്ടമായും കുടിലുകൾ ഉപേക്ഷിച്ച് പോയി. ഇപ്പോൾ മുപ്പതിൽ താഴെ കുടുംബങ്ങൾ മാത്രമാണ് പ്രദേശത്ത് താമസിക്കുന്നത്. പലർക്കും റേഷൻ കാർഡില്ല. പഴയ വിലാസത്തിലെ വോട്ടർ തിരിച്ചറിയൽ കാർഡ് ഉള്ളതുകൊണ്ട് വോട്ടു ചെയ്യാം. നേതാക്കളോ സ്ഥാനാർത്ഥികളോ ഇത്തവണ ഇവിടേക്ക് എത്തിയില്ല. വന്നാൽ തങ്ങളുടെ നാക്കിന്റെ ചൂടറിയുമെന്നാണ് കുടിലുകളിൽ ഉള്ളവർ പറയുന്നത്.

വെള്ളമില്ലാതെ അയൽപക്ക വീടുകളിലെ കിണറുകളെയും തോടുകളെയും ആശ്രയിച്ചു കഴിയുകയായിരുന്നു ഇവർ. അടുത്തിടെ, പരസ്പരം സഹായിച്ച് കിണറുകൾ വെട്ടി. രാത്രിയിൽ വെളിച്ചമില്ല. ശൗചാലയങ്ങളുമില്ല. അവഗണനയിൽ കഴിയുന്ന കുടുംബങ്ങളുടെ ദുരിതമകറ്റാൻ ആരുമില്ല.

കരിമാരം തോടിന്റെ കരഭാഗത്ത് കുറച്ച് താമസക്കാരുണ്ട്. കുടിലുകൾക്ക് പിന്നിലെ തുറസായ താഴ്ന്ന ഭാഗങ്ങളിലേക്ക് ചൂണ്ടി ഇതാണ് ഞങ്ങളുടെ ശൗചാലയമെന്ന് അവർ പറഞ്ഞു. ഇരുൾ വീഴുമ്പോഴോ കുടിലിന്റെ മറവിലോ ആണ് സ്ത്രീകൾ കുളിക്കുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സൗകര്യങ്ങളില്ല. താമസിക്കാൻ വാസയോഗ്യമായ സ്ഥലം അനുവദിക്കാമെന്ന വാഗ്ദാനം പൊള്ളയായിരുന്നുവെന്ന് അവർ രോഷത്തോടെ പറഞ്ഞു.

'പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ഇങ്ങോട്ടു വരേണ്ട. വന്നാൽ ഞങ്ങൾക്ക് ചിലത് ചോദിക്കാനുണ്ട്. പന്ത്രണ്ട് വർഷത്തിനിടെ പല തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. ഞങ്ങളുടെ ഗതി ഇങ്ങനെ തന്നെ'. ടാർപ്പാളിൻ കൊണ്ട് കെട്ടിയ കുടിലിന് മുന്നിലിരുന്ന് അറുപത്തിമൂന്നുകാരനായ ഭാനുവിക്രമൻ ആചാരി പറഞ്ഞു. ശ്വാസകോശ രോഗം കാരണം ഇദ്ദേഹം ജോലിക്കു പോകുന്നില്ല. ഭാര്യ ജഗദമ്മയുമൊത്ത് കുടിലിന് സമീപം കൃഷി നടത്തിയിരുന്നു. പന്നികൾ ഒന്നും ബാക്കി വയ്ക്കാത്തതിനാൽ ഉപേക്ഷിച്ചു. റേഷൻ കാർഡില്ല. സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം മക്കൾക്ക് എഴുതിക്കൊടുത്താണ് പാർട്ടിക്കാരെ വിശ്വസിച്ച് ഇങ്ങോട്ടു പോന്നത്. അവർ പിന്നീട് കൈയൊഴിഞ്ഞു. ഇനി എങ്ങോട്ടും പോകുന്നില്ല, ഇവിടെക്കിടന്ന് മരിക്കുമെന്ന് ജഗദമ്മ പറഞ്ഞു.

കരി മണക്കുന്ന

വസ്ത്രങ്ങൾ

കുടിവെള്ളം കിട്ടാതെ വന്നപ്പോൾ സമരഭൂമിയിലെ താമസക്കാർ പരസ്പരം സഹായിച്ചാണ് കിണർ വെട്ടിയത്. എല്ലാവർക്കും കിണറില്ല. വൈദ്യുതിയില്ല. വിളക്കിലൊഴിക്കാൻ മണ്ണെണ്ണ അവർക്ക് കിട്ടില്ല. ഡീസൽ വാങ്ങിയൊഴിക്കും. അതിന്റെ രൂക്ഷഗന്ധവും കരിയുമാണ് കുടിലുകൾക്കുള്ളിലെ പാത്രങ്ങളിലും വസ്ത്രങ്ങളിലും. മറ്റ് സ്ഥലങ്ങളിലുള്ള മക്കൾ നൽകുന്ന റേഷനരി കാശ് കൊണ്ടാണ് ചോറ് വയ്ക്കുന്നതെന്ന് ഓലക്കുടിലിൽ താമസിക്കുന്ന ഗോപാലകൃഷ്ണൻ പറഞ്ഞു.

ആർക്കോ വേണ്ടി സമരം ചെയ്യാനെത്തി കുടുങ്ങിപ്പോയതിന്റെ അമർഷത്തിലാണ് അദ്ദേഹം. ഇപ്പോൾ ഞങ്ങളെ ആർക്കും വേണ്ട, സൗകര്യമുള്ളവർക്ക് വോട്ട് ചെയ്യുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ആകെയുണ്ടായിരുന്ന രണ്ടര സെന്റ് സ്ഥലം മൂന്ന് മക്കളിൽ ഒരാൾക്ക് നൽകി. മറ്റ് രണ്ടു പേരും വാടക വീടുകളിൽ താമസിക്കുന്നു. ഇങ്ങനെ ഒരാേ പ്രയാസങ്ങളിലാണ് സമരഭൂമിയിലുള്ളവർ കഴിയുന്നത്.

ഭൂരഹിതരായ അറുന്നൂറിലധികം കുടുംബങ്ങളെയാണ് വിമാനത്താവള പദ്ധതിക്കെതിരെ സമരം തുടങ്ങിയപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഇവിടെ താമസിപ്പിച്ചത്. ഭൂമി തിരിച്ച് സ്വന്തം പേരിലാക്കി തരുമെന്നായിരുന്നു വാഗ്ദാനം. ജില്ലയിലെയും സമീപ ജില്ലകളിലെയും ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങളാണ് കുടിലകളിൽ എത്തിയത്. കുരുന്ന് കുട്ടികളും അസുഖബാധിതരും വാർദ്ധക്യത്തിന്റെ അവശത അനുഭവിച്ചവരുമെല്ലാം സമരഭൂമി സ്വപ്നഭൂമിയാക്കി കഴിഞ്ഞുകൂടി. ഒടുവിൽ, ഒന്നാം പിണറായി സർക്കാർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. സമരഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചു. സമര നേതാക്കൾ പ്രദേശത്ത് നിന്ന് മടങ്ങി. അനാഥരെപ്പോലെ കുറേ കുടുംബങ്ങൾ അവശേഷിച്ചു. തൊഴിലില്ലാതെയും മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും സൗകര്യങ്ങളില്ലാതെയും വലഞ്ഞ കുടുംബങ്ങൾ പാർട്ടി നേതാക്കളെ സമീപിച്ചു. ശരിയാക്കാമെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന വാക്കുകളിൽ പ്രതീക്ഷയില്ലാതായതോടെ ഏറെപ്പേർക്കും സമരഭൂമി വിട്ടുപോവുകയല്ലാതെ മാർഗമില്ലാതായി. എങ്ങോട്ടും പോകാൻ ഇടമില്ലാത്തവരാണ് ഇപ്പോഴുള്ളത്. രണ്ടു വർഷത്തിനിടെ, മിച്ചഭൂമിയിൽ നാല് പേർ മരണമടഞ്ഞു. ശവദാഹത്തിന് സ്ഥലമില്ലാതെ രണ്ട് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിന് കൈമാറി. ഒരാളെ ബന്ധുക്കൾ കൊണ്ടുപോയി. അടുത്തിടെ അസുഖബാധിതയായി മരിച്ച പൊന്നമ്മ എന്ന അറുപത്തൊന്നുകാരിയെ മിച്ചഭൂമിയിൽ ദഹിപ്പിച്ചു.

ആറൻമുള

സമരം

ആറൻമുളയിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തി വിമാനത്താവളം പണിയാൻ കെ.ജി.എസ് എന്ന സ്വകാര്യ കമ്പിനിക്ക് ഉമ്മൻചാണ്ടി സർക്കാരും കേന്ദ്രത്തിലെ യു.പി.എ സർക്കാരും അനുമതി നൽകിയതിനെതിരെ നാട്ടുകാർ ആരംഭിച്ച സമരം രണ്ടായിരത്തി പന്ത്രണ്ടിൽ ശക്തമായി. കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ വിമാനത്താവള വിരുദ്ധ സമരസമിതി നടത്തിയ പ്രക്ഷോഭത്തിൽ സി.പി.എം, ബി.ജെ.പി തുടങ്ങി കോൺഗ്രസിതര രാഷ്ട്രീയ പാർട്ടികളും സംഘപരിവാർ സംഘടനകളും അണിനിരന്നു. വിമാനത്താവളത്തിന് തത്വത്തിൽ അനുമതി നൽകിയത് വി.എസ് അച്യുതാനന്ദർ സർക്കാരാണെന്ന് വാദമുയർന്നെങ്കിലും, വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സമരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

പദ്ധതി പ്രദേശത്ത് ഭൂരഹിത പട്ടികജാതി കുടംബങ്ങളെ താമസിപ്പിച്ചു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരും സംസ്ഥാനത്ത് ഒന്നാം പിണറായി സർക്കാരും അധികാരത്തിൽ വന്നതോടെ വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും റദ്ദാക്കി. പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. ആറൻമുള സമരഭൂമിയിൽ താമസിക്കുന്നവർക്ക് ഇപ്പോൾ ആരെയും വിശ്വാസമില്ലാതായി. തല ചായച്ചുറങ്ങാൻ സ്വന്തമെന്ന് പറയാനായി ഒരു തുണ്ട് ഭൂമിയില്ലാത്തവന്റെ വേദന മാളികകളിൽ ഉറങ്ങുന്നവർക്ക് അറിയില്ലല്ലോ!

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARANMULA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.