കൊച്ചി: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീർ ആണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിനുള്ളിൽ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഷാഹുൽ അലിയും സിംനയും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിംനയുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പിതാവിനെ കാണാനായിട്ടാണ് സിംന ആശുപത്രിയിലെത്തിയത്. ഈ സമയം പ്രതി സംഭവസ്ഥലത്തെത്തുകയും യുവതിയുമായി സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ ദൃക്‌സാക്ഷികൾ തടഞ്ഞുവയ്ക്കുകയും, പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്‌തുവരികയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |