കൊല്ലം: ജില്ലയിലെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും നിരോധിത പി.വി.സി ഫ്ളക്സുകൾ. പരിസ്ഥിതി സൗഹൃദമായി തിരഞ്ഞെടുപ്പ് നടത്താനാണ് പി.വി.സി ഫ്ളക്സുകൾക്കും പ്ലാസ്റ്റിക് തോരണങ്ങൾക്കും വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇത് അപ്പാടെ അവഗണിച്ചാണ് പ്രചാരണം കൊഴുക്കുന്നത്.
നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ശുചിത്വമിഷനും ആന്റി ഡിഫേസ്മെന്റ് സ്ക്വാഡും രംഗത്തുണ്ടെങ്കിലും ഫ്ളക്സുകൾ നീക്കുന്നതിൽ കാര്യമായ പുരോഗതിയില്ല. പിടിച്ചെടുക്കുന്ന ഫ്ളക്സുകളിൽ പുനരുപയോഗിക്കാനാകാത്ത വിധം പി.വി.സി, പോളിഎസ്റ്റർ, പ്ലാസ്റ്റിക്ക് അംശം അടങ്ങിയിട്ടുണ്ടോ എന്നതുൾപ്പെടെ അറിയാനുള്ള പരിശോധനകൾ നടത്താൻ ജില്ലയിൽ സംവിധാനമില്ല. പരിശോധന സംവിധാനം ഉള്ള ജില്ലയിലേക്ക് ഫ്ളക്സിന്റെ സാമ്പിൾ അയച്ചു നൽകിയാലും ഫലം ലഭിക്കാൻ മാസങ്ങളെടുക്കും. ഇതിനാൽ നടപടിയെടുക്കാനാകാത്ത സ്ഥിതിയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത് . മലിനീകരണ നിയന്ത്രണബോർഡിന്റെ സാക്ഷ്യപത്രമുള്ള ഫ്ളക്സുകളും സാമഗ്രികളും മാത്രമേ ഉപയോഗിക്കാവൂ എന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
ക്യൂ.ആർ കോഡുമില്ല, പേരുമില്ല
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാമഗ്രികളിൽ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേര്, വിലാസം, ഫോൺ നമ്പർ, , പുനരുപയോഗിക്കാമെന്നതിന്റെ ലോഗോ (റീസൈക്കിൾ ലോഗോ), ക്യു.ആർ കോഡ് എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ ഭൂരിഭാഗം ഫ്ളക്സുകളിലും ഇതൊന്നുമില്ല.
തുണിയിലുള്ള പ്രിന്റിംഗിനും പി.വി.സി യുടെ അംശമില്ലാത്ത കട്ടികുറഞ്ഞ ബോഹർ ഫ്ളക്സ് പ്രിന്റിംഗിനും വിലക്കൂടുതലായതിനാലാണ് പി.വി.സി ഫ്ളക്സുകൾ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഫ്ളക്സുകൾ തിരികെ കൊണ്ടുപോകണമെന്ന് നിർദേശം ഉണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് 10,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. തിരഞ്ഞെടുപ്പ് കമാനങ്ങളിൽ തെർമോക്കോൾ ഉപയോഗിക്കുന്നതിനും 10,000 രൂപ വരെ പിഴ ഈടാക്കുന്നുണ്ട്.
നിർദ്ദേശങ്ങൾ ഇങ്ങനെ
തുണിയിൽ പ്രിന്റ് ചെയ്തവ, കോട്ടൺ, പേപ്പർ, പോളിഎഥിലിൻ എന്നിവയിൽ നിർമ്മിച്ചവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ
ഫ്ളക്സിൽ സ്ഥാപനത്തിന്റെ പേര്, ക്യു.ആർ കോഡ്, ഫോൺ നമ്പർ, റീസൈക്കിൾ ലോഗോ എന്നിവരേഖപ്പെടുത്തണം
പി.വി.സി ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസറ്റിക്ക് തോരണങ്ങൾ എന്നിവ പ്രചരണത്തിന് ഉപയോഗിക്കരുത്
ഹരിതചട്ടം പാലിച്ചു മാത്രമേ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ബൂത്തുകളും അലങ്കരിക്കാവൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |