SignIn
Kerala Kaumudi Online
Sunday, 01 September 2024 5.22 AM IST

ആവേശം പോളിംഗ് ബൂത്തിൽ

Increase Font Size Decrease Font Size Print Page
poll
poll

കോഴിക്കോട്: വമ്പൻ പ്രചാരണത്തിന്റെ ആവേശം പോളിംഗ് ബൂത്തിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ മുന്നണികൾ ആശയപ്പോരാട്ടമുയർത്തിയപ്പോൾ കടുത്ത പോരാട്ടം നടന്ന വടകരയിൽ പലപ്പോഴും ആവേശം അതിര് കടന്നു. ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളുടെ തുടർച്ചയുമായിരുന്നു പ്രചാരണത്തിലാകെ നിറഞ്ഞത്. വടകരയിൽ നിശബ്ദ പ്രചാരണ ദിനത്തിലും വെല്ലുവിളിയും പരാതികളും ആരോപണങ്ങളും നിറഞ്ഞു. വോട്ടിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 മണ്ഡലങ്ങളിലെ ആകെ വോട്ടർമാർ - 28,51,514

 വടകര - 14,21,883

 കോഴിക്കോട് - 14,29,631

 പോളിംഗ് സ്റ്റേഷനുകൾ ( കോഴിക്കോട്) - 1206

 പോളിംഗ് സ്റ്റേഷനുകൾ ( വടകര) - 1207

 പ്രശ്നസാദ്ധ്യതാ ബൂത്തുകൾ - 141 ( കോഴിക്കോട് 21, വടകര 120)

 മാവോയിസ്റ്റ് ഭീഷണി - 43 ( വടകര)

 കോഴിക്കോട്ടെ വലിയ പ്രചാരണം സി.എ.എ

ബി.ജെ.പിയെയും നരേന്ദ്രമോദിയെയും ആരാണ് കൂടുതൽ എതിർക്കുന്നതെന്ന് കാണിക്കാനുള്ള മത്സരമായിരുന്നു കോഴിക്കോട് മണ്ഡലത്തിൽ നിറഞ്ഞത്. എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികൾ നടത്തിയത്. പൗരത്വഭേദഗതി നിയത്തിലൂന്നി ന്യൂനപക്ഷത്തെ ഒപ്പം നിറുത്താൻ നടത്തിവന്ന ശ്രമങ്ങളുടെ തുടർച്ചയായിരുന്നു കോഴിക്കോട്ടെ എൽ.ഡി.എഫ് പ്രചാരണം. കോൺഗ്രസിനെ കടന്നാക്രമിച്ചു. ഇന്ത്യ മുന്നണിയുടെ നേതാവായ രാഹുൽഗാന്ധിയെ പോലും വെറുതെ വിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ ഉയർത്തിയ വിമർശനം മറ്റുനേതാക്കളും ഏറ്റെടുത്തു. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ ചോദ്യം ചെയ്യുന്ന പ്രസ്താവനയുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ രംഗത്തെത്തി. ബി.ജെ.പിയുടെ നയങ്ങൾക്കെതിരെ ഏറ്റവും ശക്തമായി പോരാടിയ നേതാവാണ്സ്ഥാനാർത്ഥി എളമരം കരീമെന്ന വാദമാണ് എൽ.ഡി.എഫ് മുന്നോട്ടുവച്ചത്. സമസ്തയിലെ തർക്കം അനുകൂല സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയും ഇടതുക്യാമ്പിനുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ലീഗ് പതാകൾ ഉയത്താതിരുന്നതും ചർച്ചയാക്കി.

ബി.ജെ.പിയെയും നരേന്ദ്രമോദിയെയും വിമർശിച്ചുള്ള പ്രചാരണത്തിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ദേശീയ തലത്തിലെ പ്രാധാന്യം ഉയർത്തിപ്പിടിച്ചായിരുന്നു യു.ഡി.എഫ് പ്രചാരണം. പിണറായി വിജയൻ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയ ആരോപണത്തിൽ രാഹുൽ ഗാന്ധി തന്നെ മറുപടിയുമായി രംഗത്തെത്തിയത് യു.ഡി.എഫ് ക്യാമ്പിന് ആശ്വാസമായി. സി.പി.എം - ബി.ജെ.പി ധാരണയുണ്ടെന്ന ആരോപണമാണ് യു.ഡി.എഫ് ഉയർത്തിയത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും വെല്ലുവിളി നടത്തിയുമാണ് എം.കെ. രാഘവൻ പ്രചാരണത്തിൽ മുന്നേറിയത്.

വിവാദങ്ങളിൽ കാര്യമായി ഇടപെടാതെ മോദി ഗ്യാരണ്ടിയും സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിപ്പിടിച്ചായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി.രമേശിന്റെ പര്യടനം. വികസന പ്രവർത്തനങ്ങളിൽ നിലവിലെ എം.പി എം.കെ. രാഘവനെതിരെ കുറ്റപത്രമിറക്കിയും പോരാട്ടം കടുപ്പിച്ചു.

 ഇടതുലക്ഷ്യം

കഴിഞ്ഞ മൂന്ന് തവണയായി നഷ്ടപ്പെടുന്ന മണ്ഡലം തിരിച്ചു പിടിക്കാനുള്ള അഭിമാന പോരാട്ടത്തിലാണ് എൽ.ഡി.എഫ്. 2009ൽ സി.പി.എം വിഭാഗീയത, എം.പി. വീരേന്ദ്രകുമാറിന് സീറ്ര് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകൾ മുന്നണി വിട്ടത് തുടങ്ങിയ കാരണങ്ങളാൽ 838 വോട്ടിന് നഷ്ടപ്പെട്ട സീറ്റ് തുടർന്ന് രണ്ട് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് സാധിച്ചില്ല. 2014ലും 2019ലും പരാജയഭാരം കൂടി. നിയമസഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം ലോക്സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.

 യു.ഡി.എഫ് ലക്ഷ്യം

മണ്ഡലം ഭൂരിപക്ഷമുയർത്തി നിലനിറുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യം. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും 2009ൽ നിലവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കണ്ണൂരിൽ നിന്നെത്തിയ എം.കെ. രാഘവൻ നേടിയവിജയം സ്വന്തം മുന്നണിയെ പോലും അമ്പരപ്പിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം 2014ൽ 16883 വോട്ടായും 2019ൽ 85225 വോട്ടായും എം.കെ. രാഘവൻ ഉയർത്തി. ഇത് ഒരുലക്ഷത്തിലധികമാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം.

 എൻ.ഡി.എ ലക്ഷ്യം

മണ്ഡലത്തിൽ വർദ്ധിച്ചുവരുന്ന സ്വാധീനവും 2009ന് ശേഷം തുടർച്ചയായി വോട്ടുയർത്താൻ സാധിക്കുന്നതുമാണ് എൻ.ഡി.എയുടെ പ്രതീക്ഷ. എം.ടി. രമേശ് 2004ൽ മത്സരിച്ചപ്പോഴാണ് എൻ.ഡി.എ മണ്ഡലത്തിലാദ്യമായി ഒരുലക്ഷത്തിനടുത്ത് വോട്ടു നേടിയത്. അന്ന് 97889 വോട്ട് നേടി. 2009ൽ 89718 വോട്ടുകളാണ് എൻ.ഡി.എയ്ക്ക് നേടാനായത്. പക്ഷേ 2014ൽ അത് 115760 ആയി ഉയർത്താനായി. 2019ൽ 161216 ആയി. 2004ന് ശേഷം മോദി ഗ്യാരണ്ടി ഉയർത്തി എം.ടി. രമേശ് കളത്തിലിറങ്ങിയപ്പോൾ വലിയ പ്രതീക്ഷയാണ് ബി.ജെ.പിയ്ക്കും എൻ.ഡി.എയ്ക്കുമുള്ളത്.

 വോട്ടിംഗ് ശതമാനം 2019 - 81.46

 വടകരയിൽ പൊരിഞ്ഞ പോര്

വടകരയിൽ തുടക്കം മുതൽ ട്വിസ്റ്റും ത്രില്ലും നിറഞ്ഞ പോരാട്ടമായിരുന്നു.ഒരുകാലത്തെ പൊന്നാപുരം കോട്ടയായ വടകര തിരിച്ചുപിടിക്കാൻ കരുത്തയായ സ്ഥാനാർത്ഥി കെ.കെ. ശൈലജയെ ഇറക്കി എൽ.ഡി.എഫ് വടകരയ്ക്ക് ആദ്യത്തെ ത്രില്ല് സമ്മാനിച്ചു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും നിലവിലെ എം.പി. കെ. മുരളീധരൻ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ സഹോദരി പത്മജ വേണുഗോപാൽ ബി.ജെ.പി പാളയത്തിലേക്ക് പോയ രാഷ്ട്രീയ സാഹചര്യത്തിൽ മുരളീധരൻ തൃശൂർ വെല്ലുവിളി ഏറ്റെടുത്ത് മണ്ഡലത്തിൽ നിന്ന് മാറി. പകരം മാസ് എൻട്രിയുമായി എത്തിയത് ഷാഫി പറമ്പിൽ. വന്നിറങ്ങിയ നിമിഷം മുതൽ വൻജനക്കൂട്ടത്തെ ആകർഷിച്ച് ഷാഫി താരമായി. ഇതോടെ പോരാട്ടം മുറുകി.

വടകരക്കാരനും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായ പ്രഫുൽ കൃഷ്ണൻ എൻ.ഡി.എയുടെ പതാക വാഹകനായതോടെ പോരാട്ടം കനത്തു. ഇടതുവലത് മുന്നണിയ്ക്കൊപ്പം വികസനവും മോദി ഗ്യാരണ്ടിയും കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും ഉയർത്തി പ്രഫുൽകൃഷ്ണൻ കൂടി കളം നിറഞ്ഞതോടെ വടകരയിൽ എല്ലാം അപ്രതീക്ഷിതം.

പരമ്പരാഗത മത്സരത്തിനപ്പുറം സാമൂഹിക മാദ്ധ്യമങ്ങളിലും വീറും വാശിയും നിറഞ്ഞതോടെ ആവേശം അതിരുവിടുന്ന സാഹചര്യവും ഉണ്ടായി.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയതത് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കി. ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ പ്രതികളായപ്പോൾ യു.ഡി.എഫും എൻ.ഡി.എയും അതിനെ മുഖ്യപ്രചാരണ വിഷയമാക്കി. യു.ഡി.എഫ് വനിതാ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചെന്ന വിവാദമുയർന്നു.

വ്യക്തിഹത്യ ആരോപണമുയർത്തി കെ.കെ. ശൈലജ രംഗത്തെത്തിയതും നിരവധി കേസുകൾ ഉണ്ടാവുകയും ചെയ്തു. തുടർന്ന് അശ്ലീല വീഡിയോ നിർമ്മിച്ചെന്ന പരാമർശം നടത്തിയില്ലെന്ന വാദവുമായി കെ.കെ. ശൈലജ രംഗത്തെത്തിയതോടെ അത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി. ഇരുപക്ഷവും പരസ്പരം വ്യക്തിഹത്യാ ആരോപണവുമായി രംഗത്തെത്തി. ഇരുവിഭാഗങ്ങളും പരസ്പരം പരാതി നൽകുകയും ചെയ്തു.

 ഇടത് ലക്ഷ്യം

കഴിഞ്ഞ മൂന്ന് തവണയായി നഷ്ടപ്പെടുന്ന പൊന്നാപുരം കോട്ട തിരിച്ചുപിടിക്കാനുള്ള അങ്കമാണ് എൽ.ഡി.എഫിന്റേത്. സി.പി.എം വിഭാഗീയത, എം.പി. വീരേന്ദ്രകുമാറിന് സീറ്ര് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകൾ മുന്നണി വിട്ടത്. ആർ.എം.പി.ഐയുടെ രൂപീകരണം തുടങ്ങിയ കാരണങ്ങളാൽ എൽ.ഡി.എഫിന് 2009ൽ 56186 വോട്ടിന് സീറ്റ് നഷ്ടപ്പെട്ടു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടത്തിയെങ്കിലും 2014 എ.എൻ. ഷംസീറിനും മണ്ഡലം പിടിക്കാനായില്ല. 2019ൽ പരാജയത്തിന്റെ ആക്കം കൂടി. നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്താണ്. മണ്ഡലത്തിലെ രാഷ്ട്രീയ മേധാവിത്വവും കെ.കെ. ശൈലജയുടെ ജനകീയതയും വോട്ടാവുമെന്നാണ് പ്രതീക്ഷ

 യു.ഡി.എഫ് ലക്ഷ്യം

2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ പിടിച്ചെടുത്ത മണ്ഡലം ഇത്തവണയും നിലനിറുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയ ഭൂരിപക്ഷം ഉയർത്താനാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഷാഫി പറമ്പിൽ പ്രചാരണത്തിലുടനീളം സൃഷ്ടിച്ച ഓളം വോട്ടാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. 2014ൽ 3306 വോട്ടായി ഭൂരിപക്ഷം ചുരുങ്ങിയെങ്കിലും വിജയം തുടർന്നു. 2019ൽ കെ. മുരളീധരൻ യു.ഡി.എഫ് തരംഗത്തിൽ 84633 ന് വിജയം നേടി. തിളക്കമുള്ള വിജയമാണ് ഷാഫി പറമ്പിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

 എൻ.ഡി.എ ലക്ഷ്യം

എൻ.ഡി.എയ്ക്ക് കാര്യമായി മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാത്ത മണ്ഡലത്തിൽ പ്രഫുൽകൃഷ്ണനിലൂടെ ചരിത്ര മുന്നേറ്റമാണ് എൻ.ഡി.എ ലക്ഷ്യം. 2009ന് ശേഷം മണ്ഡലത്തിൽ തുടർച്ചയായി വോട്ടുയർത്താൻ സാധിച്ചിട്ടുണ്ട്. 2009ൽ 40391 വോട്ടുകളാണ് എൻ.ഡി.എയ്ക്ക് നേടാനായത്. 2014ൽ അത് 76313 ആയി ഉയർത്താനായി. 2019ൽ 80128 ആയി. യുവ സ്ഥാനാർത്ഥിയെ കളത്തിലിറക്കിയതും കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമാണ് എൻ.ഡി.എയുടെ പ്രതീക്ഷ.

 വോട്ടിംഗ് ശതമാനം 2019 - 82.48

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.