കൊല്ലം: വിധിയെഴുത്ത് ദിവസമായ ഇന്നലെ അതിരാവിലെ മുതൽ വോട്ട് ചെയ്ത് സ്ഥാനാർത്ഥികളും നേതാക്കളും. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ കുടുംബത്തോടൊപ്പം രാവിലെ 7ന് ക്രിസ്തുരാജ് എച്ച്.എസ്.എസിലെ 42-ാം നമ്പർ ബൂത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷ് കുടുംബ സമേതം രാവിലെ 8.30ന് പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്കൂളിലെ 96-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം രാവിലെ 7 ഓടെ വോട്ട് ചെയ്തു. തുടർന്ന് ചടയമംഗലത്തെത്തി. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷും കുടുംബവും രാവിലെ 10 ന് കൊട്ടാരക്കര ടൗൺ യു.പി.എസിലെ 83-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.
മന്ത്രി ജെ.ചിഞ്ചുറാണി രാവിലെ 9.15ന് നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിലും മന്ത്രി കെ.എൻ.ബാലഗോപാൽ കൊട്ടാരക്കര ഡയറ്റ് കെട്ടിടത്തിൽ താഴത്തെ നിലയിലെ 88-ാം നമ്പർ ബൂത്തിൽ രാവിലെ 9 നും വോട്ട് രേഖപ്പെടുത്തി. മന്ത്രി കെ.ബി.ഗണേശ് കുമാറും കുടുംബവും 11.30 ഓടെ പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂളിൽ 31-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.
എം.എൽ.എമാരായ എം.നൗഷാദ് രാവിലെ 8.30ന് കൂനമ്പായിക്കുളം ദേവിവിലാസം സ്കൂളിലും സി.ആർ.മഹേഷ് രാവിലെ 7.15 ഓടെ തഴവ ഗവ. സ്കൂളിലും വോട്ട് ചെയ്തു. ജി.എസ്.ജയലാൽ കല്ലുവാതുക്കൽ ഗവ. യു.പി.എസിൽ രാവിലെ 8.30 ഓടെയും പി.എസ്.സുപാൽ ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8 നും കോവൂർ കുഞ്ഞുമോൻ തേവലക്കര ബോയ്സ് സ്കൂളിൽ രാവിലെ 8 ഓടെയും പി.സി.വിഷ്ണുനാഥ് ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 നും സുജിത്ത് വിജയൻപിള്ള പഴഞ്ഞീക്കാവ് പി.എസ്.പി.എം യു.പി.എസിലും വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ ചാത്തന്നൂർ മീനാട് ബൂത്ത് 58 ൽ രാവിലെ 7.30ന് വോട്ട് ചെയ്തു. കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് രാവിലെ 11ന് തേവലക്കര ബോയ്സ് ഹൈസ്കൂളിലും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രാവിലെ 10.30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും വോട്ട് ചെയ്തു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ആശ്രാമം മൈനർ ഇറിഗേഷൻ ഓഫീസിലെത്തി വോട്ട് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |