തൃശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വിശുദ്ധ മാർ അബിമലേക് തിമോഥെയൂസിന്റെ ഓർമ്മ തിരുനാളും സഭാപിതാക്കന്മാരുടെ ഓർമ്മ ദിനവും സമൂഹ സദ്യയും 30, മേയ് ഒന്ന് തിയതികളിൽ ആചരിക്കും. 30ന് വൈകിട്ട് ആറരയ്ക്ക് റംശാ പ്രാർത്ഥനയും തിരുനാൾ പ്രദക്ഷിണവും നടക്കും. വലിയപള്ളിയിൽ നിന്ന് ആരംഭിച്ച് ലത്തീൻപള്ളി വഴി എരിഞ്ഞേരി അങ്ങാടി വഴി പുത്തൻപള്ളി അഞ്ചു വിളക്ക് വഴി വലിയപള്ളിയിൽ തന്നെ സമാപിക്കും.
മേയ് ഒന്നിന് രാവിലെ ഏഴിന് മാർത്ത് മറിയം വലിയപള്ളി കത്തീഡ്രലിൽ മാർ ഔഗിൻ കുരിയാക്കോസ് മെത്രോപൊലീത്തയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന നടക്കും. പത്തരയ്ക്ക് സമൂഹ സദ്യ ആശീർവദിക്കും. 10.45 ന് അനുസ്മരണ സമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ, മേയർ എം.കെ.വർഗീസ്, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. 15,000 പേർക്കാണ് സമൂഹ സദ്യ. രക്തദാനം, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയും നടത്തുമെന്ന് വികാരി ജനറാൾ ഫാ.ജോസ് ജേക്കബ്ബ് വേങ്ങാശേരി, ക്ലർജി കൗൺസിൽ സെക്രട്ടറി ഫാ.കെ.ആർ.ഈനാശു, പ്രോഗ്രാം ജനറൽ കൺവീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ, മീഡിയ സെക്രട്ടറി അബി ജെ.പൊൻമണിശേരി, പി.ആർ.ഒ ജിൽസൺ ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |