പേരാമ്പ്ര: സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 6 യുവാക്കളെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും പൈപ്പുകളും പൊലീസ് കണ്ടെടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പി.കെ.എം
ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലും ലഹരി ഉപയോഗിക്കാൻ ചെറുപ്പക്കാർ തമ്പടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് യുവാക്കളെ പിടികൂടിയത്. ഇവർക്കെതിരെ പേരാമ്പ്ര സ്റ്റേഷനിൽ മാത്രം 4 കേസുകൾ രജിസ്റ്റർ ചെയ്തു. പിടിക്കപ്പെട്ട യുവാക്കളിൽ ചിലർ മുമ്പും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. തിരുവള്ളൂർ സ്വദേശികളായ നാറാണത്ത് അർഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയിൽ മുനീർ, കൈതക്കൽ യൂസഫ്, വെള്ളിയൂർ സ്വദേശി ശ്രീനാഥ്, അജിൽ ജെ മനോജ് എന്നിവരാണ് പൊലീസ് പിടിയിലായത് . ജില്ലയിൽ ഈ വർഷം മാത്രം ലഹരി ഉപയോഗിച്ച് അഞ്ചിലധികം യുവാക്കൾ മരണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം പൊലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി വസ്തുക്കളുടെ വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ റെയ്ഡും മറ്റ് ശക്തമായ നടപടികളും സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |