തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറെയും പി.എസ്.സി ചെയർമാനെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന ആവശ്യവുമായി യു.ഡി.എഫ് നേതാക്കൾ ഇന്നലെ രാവിലെ ഗവർണറെ സന്ദർശിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ. മുനീർ, ഘടകകക്ഷി നേതാക്കളായ എ.എ. അസീസ്, സി.പി. ജോൺ, റാംമോഹൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയ നേതാക്കൾ ഗവർണറുടെ അധികാര പരിധിയിൽ നിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഗൗരവമായി കാര്യങ്ങൾ പരിഗണിക്കാമെന്ന് ഗവർണർ മറുപടി നൽകി. സർവകലാശാല ഉത്തരക്കടലാസുകൾ എസ്.എഫ്.ഐ നേതാക്കളുടെ വീടുകളിൽ നിന്ന് കണ്ടെത്തിയതോടെ സർവകലാശാല പരീക്ഷകളുടെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിൻഡിക്കേറ്റ് ഉപസമിതിയെ ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചപ്പോൾ പരിശോധന കാര്യക്ഷമമാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ സമിതിയിലെ അംഗങ്ങളുടെ പേരുകൾ പരിശോധിച്ചപ്പോൾ അട്ടിമറിയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബോദ്ധ്യമായി. ആന്തൂർ സംഭവത്തിലേതുപോലെ സിൻഡിക്കേറ്ര് ഉപസമിതി അട്ടിമറിക്കുള്ള ഉപകരണം മാത്രമായി.
എല്ലാ കാര്യങ്ങളിലും നടപടി എടുത്തുവെന്ന മുഖ്യമന്ത്രിയുടെ വാദം തികച്ചും പൊള്ളത്തരമാണ്. ഏഴോളം കോളേജുകളിൽ മാസങ്ങളായി പ്രിൻസിപ്പൽമാരില്ല. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പദവി ഒഴിഞ്ഞു കിടക്കുന്നു. സർക്കാർ കോളേജുകളിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിദ്യാർത്ഥികളെ വിളിച്ചുകൊണ്ടുവന്ന് ജാഥ നടത്തുന്നത് കേസുകൾ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. സി.പി.ഐ പ്രതിനിധിയെപ്പോലും ഉൾപ്പെടുത്താതെ ഏകപക്ഷീയമായി മുന്നോട്ടു പോകുന്ന സിൻഡിക്കേറ്റ് ഉപസമിതിയുമായി യു.ഡി.എഫ് സഹകരിക്കില്ല. പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തിനാണ് സർക്കാർ തയ്യാറാവേണ്ടതെന്നും നേതാക്കൾ പറഞ്ഞു.