സി.ഐ ഋഷികേശിന്റെ ശബ്ദത്തിലും മുഖഭാവത്തിലും വല്ലാത്തൊരു പരിഹാസമുണ്ട്. ഇന്ദിരാഭായിക്ക് അങ്ങനെ തോന്നി.
എങ്കിലും അവർ പ്രതിവചിച്ചു.
''വന്ദനം സാർ."
''ഉം." അമർത്തി മൂളിക്കൊണ്ട് ഋഷികേശ് അവരെ അടിമുടി നോക്കി.
ചന്ദനത്തിന്റെ നിറം. ശരിക്കും ഒരു തമ്പുരാട്ടിയെപ്പോലെ തോന്നി!
സെറ്റു സാരിയാണു വേഷം.
അൻപതു കഴിഞ്ഞെങ്കിലും അത്രയും തോന്നിക്കില്ല. രത്നക്കല്ലുകളുടെ തിളക്കമുള്ള കണ്ണുകളും റോസ് നിറത്തിലുള്ള ചുണ്ടുകളും.
തലയെടുപ്പിലും നോട്ടത്തിലുമുണ്ട് ഒരു ഗാംഭീര്യ ഭാവം..
''സാറെന്താ ഈ വഴിക്ക്?"
ഇന്ദിരാഭായി തിരക്കി.
''പതിവില്ലാത്തത് നടന്നുവെന്ന് പരാതി കിട്ടിയാൽ വരാതിരിക്കാൻ പറ്റുമോ തമ്പുരാട്ടി?"
''പതിവില്ലാത്തതോ?" അവർ അയാളുടെ കണ്ണുകളിലേക്കു ശ്രദ്ധിച്ചു.
ഒരു കുറക്കന്റെ കൗശലവും വേട്ടനായുടെ ക്രൗര്യവും ഒളിഞ്ഞുകിടക്കുന്നു!
''ങ്ഹാ." ഋഷികേശ് കെയിൻ കൊണ്ട് വീണ്ടും ഇടംകൈ വെള്ളയിൽ താളമടിച്ചു. ''തമ്പുരാക്കന്മാരില്ലേ അകത്ത്? പറയേണ്ടത് ആണുങ്ങൾ തമ്മിലാണല്ലോ."
''അനന്തൻ തമ്പുരാൻ ഇവിടെയില്ല. അനുജനുണ്ട്."
സി.ഐയുടെ ഭാവം ഒട്ടും പിടിച്ചില്ല ഇന്ദിരാഭായിക്ക്.
''അനുജനെങ്കിൽ അനുജൻ. വിളിക്ക്.. ചേട്ടനെ പിന്നെ കണ്ടോളാം."
ഋഷികേശ് ഉമ്മറത്തേക്കു കയറി.
ഇന്ദിരാഭായി അയാളുടെ കാലുകളിൽ ശ്രദ്ധിച്ചു.
''ചെരുപ്പഴിക്കാതെ ആരും ഇവിടേക്കു കയറാറില്ല."
''ഓ." ആ ഒരു ശബ്ദത്തിൽ ഋഷികേശ് അത് അവഗണിച്ചു. ''ഈ ഷൂസഴിക്കലും ഇടീലുമൊക്കെ വല്യ പാടാ തമ്പുരാട്ടീ. പ്രത്യേകിച്ചും ഡ്യൂട്ടി സമയത്ത്. ങാ. അനിയൻ തമ്പുരാനെ വിളിക്ക്. പോയിട്ട് തിടുക്കമുണ്ടേ..."
''ആരാ അവിടെ?" പൊടുന്നനെ അകത്തുനിന്ന് ബലഭദ്രന്റെ ശബ്ദം കേട്ടു.
''അടിയങ്ങളാണേ. അങ്ങയെ ഒന്നു മുഖം കാണിക്കാൻ വന്നതാണേ..."
സി.ഐ അങ്ങനെ പറഞ്ഞപ്പോൾ മുറ്റത്തു നിന്നിരുന്ന എസ്.ഐ കാർത്തിക്കും പോലീസുകാരും ചിരിച്ചു.
ബലഭദ്രൻ വാതിൽക്കൽ എത്തിയിരുന്നു. അയാൾ ഇന്ദിരാഭായിയോടു പറഞ്ഞു:
''ചേച്ചി പൊയ്ക്കോളൂ."
ഋഷികേശിനെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയിട്ട് അവർ അകത്തു മറഞ്ഞു.
ബലഭദ്രൻ ഉമ്മറത്തു കിടന്നിരുന്ന ചാരുകസേരയിൽ ഇരുന്നു.
''എന്താണ് ഇൻസ്പെക്ടർ? ഒരു തവണ ഇവിടെ വന്നുപോയതാണല്ലോ. കുറച്ചുദിവസം മുൻപ്?"
''അതെ. പക്ഷേ ഇന്നു വന്നത് തമ്പുരാനെ കസ്റ്റഡിയിൽ എടുക്കാൻ. ദേ ഇതുകണ്ടോ."
അയാൾ പോക്കറ്റിൽ നിന്ന് ഒരു ബ്രൗൺ കവർ വലിച്ചെടുത്തു.
''സ്റ്റീൽ കാപ്പ് അണിയിച്ച് അങ്ങയെ എഴുന്നള്ളിക്കാനുള്ളതിന്റെ കോർട്ട് ഓർഡർ. "
ബലഭദ്രന് ഒന്നും മനസ്സിലായില്ല.
''എന്താ കാര്യം?"
''അത്ര വല്യതൊന്നുമല്ല തമ്പുരാൻ. ഇക്കാലത്ത് ഇതൊക്കെ സാധാരണയാ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റേപ്പു ചെയ്യുന്നതും അവർ പ്രഗ്നന്റ് ആകുന്നതുമൊക്കെ പോക്സോ വകുപ്പുള്ള കേസല്ലേ... പരാതി കിട്ടിയാൽ പോലീസിന് ചുമ്മാ കയ്യും കെട്ടി ഇരിക്കാൻ കഴിയുമോ?"
ഋഷികേശ് ആ കവർ ബലഭദ്രന്റെ മടിയിലേക്കിട്ടു.
''തമ്പുരാൻ വായിച്ച് തൃപ്തിപ്പെടണം. എന്നിട്ട് നമുക്കുടൻ പോകണം."
ബലഭദ്രൻ കവർ എടുത്തു. അതിനുള്ളിൽ നാലായി മടക്കി വച്ചിരുന്ന പേപ്പറും.
അതു നിവർത്ത് ഒന്ന് ഓടിച്ചു വായിച്ചു.
അയാളുടെ കണ്ണുകൾ കത്തി. തന്നെയും ചേട്ടനെയും കസ്റ്റഡിയിൽ എടുക്കാനുള്ള കോടതിയുത്തരവ്!
ബലഭദ്രൻ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കും മുൻപ് ഋഷികേശ് തുടർന്നു:
''പെൺകുട്ടി മജിസ്ട്രേട്ടിനു മുന്നിൽ നേരിട്ട് മൊഴികൊടുത്തിരിക്കുകയാണ് തമ്പുരാൻ. നിങ്ങളൊക്കെ പണവും സ്വാധീനവും ഉള്ളവരല്ലേ? അതുകൊണ്ട് ഞാനും ഒരു മുൻകരുതൽ എടുത്തെന്നു കരുതിക്കോ."
ബലഭദ്രൻ ചാടിയെഴുന്നേറ്റു.
''എന്ത് അസംബന്ധമാണിത്?"
അടുത്ത നിമിഷം ഋഷികേശ് അയാളുടെ കയ്യിൽ പിടിമുറുക്കി.
എസ്.ഐ കാർത്തിക്കും പോലീസുകാരും അയാളെ സഹായിക്കാനെത്തി.
''വിടെടാ..."
ബലഭദ്രൻ ഗർജ്ജിച്ചു.
പക്ഷേ പോലീസ് വിട്ടില്ല.
''ഒരു കുറ്റവാളിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം.."
ഋഷികേശ് പല്ലു ഞെരിച്ചു.
ബലഭദ്രന്റെ കൈകളിൽ വിലങ്ങുവീണു.
''നടക്ക്.."
അവർ ബലമായി അയാളെ മുറ്റത്തേക്കു വലിച്ചിറക്കി.
''എനിക്ക് വേഷം മാറണം. എന്റെ വക്കീലിനെ വിളിക്കണം."
ബലഭദ്രൻ പറഞ്ഞു.
''നമ്മള് ആരുടെയും കല്യാണം കൂടാനൊന്നുമല്ല പോകുന്നത്. വേഷം ഇത് തന്നെ ധാരാളം. പിന്നെ വക്കീൽ... അത് സമയത്ത് വന്നോളും."
തറവാട്ടിൽ നിന്നു സ്ത്രീകൾ പുറത്തുവന്നപ്പോഴേക്കും പോലീസ്, ബലഭദ്രനെ ബൊലേറോയിൽ കയറ്റിക്കഴിഞ്ഞിരുന്നു...
(തുടരും)