SignIn
Kerala Kaumudi Online
Sunday, 05 July 2020 10.40 PM IST

അന്യഗ്രഹജീവികളുടെ നിഗൂഢകേന്ദ്രം റെയി‌‌ഡ് ചെയ്യാൻ 15 ലക്ഷം പേർ, തീക്കളിയെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ സൈന്യം

area51

വാഷിംഗ്‌ടൺ: 'എലിയൻസ്' അല്ലെങ്കിൽ 'എക്‌സ്ട്രാ ടെറസ്ട്രിയൽ' എന്ന പേരിൽ അറിപ്പെടുന്ന അന്യഗ്രഹ ജീവികൾ എന്നും ശാസ്ത്ര കുതുകികളുടേയും സയൻസ് ഫിക്ഷൻ ആരാധകരുടെയും ഇഷ്ടവിഷയമായിരുന്നു. അമേരിക്കൻ സാഹിത്യത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയുമാണ് ഈ അന്യഗ്രഹവാസികൾ ആദ്യം നമ്മുടെ ഭാവനകളിലേക്ക് എത്തുന്നത്. ചിലപ്പോൾ സൗഹൃദശീലരും, മിക്കപ്പോഴും ദുഷ്ട ജീവികളുമായാണ് സാഹിത്യവും സിനിമയും ഇവയെ ചിത്രീകരിച്ചത്. ഒരുപക്ഷേ, മുഖ്യധാരാ സിനിമയിൽ അന്യഗ്രഹജീവിയെന്ന സങ്കല്പത്തെ(അതൊരു സങ്കല്പം മാത്രമാണെന്ന് തത്കാലം കരുതാം) ഊട്ടിയുറപ്പിച്ചത് സ്റ്റീവൻ സ്പീൽബെർഗിന്റെ 'ഇ.ടി, ദ എക്‌സ്ട്രാ ടെറെസ്ട്രിയൽ' എന്ന 1982ൽ പുറത്തിറങ്ങിയ ചിത്രമാണ്. ഇതിന് മുൻപും ഈ മട്ടിലുള്ള ചിത്രങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്രയും സാങ്കേതിക തികവോടെ, ഒരു ചിത്രം പുറത്തിറങ്ങിയത് അന്നത്തെ കാലത്ത് വലിയ സംഭവം തന്നെയായിരുന്നു. ഒരു പക്ഷെ സ്റ്റീവൻ സ്പീൽബെർഗിന്റെ തന്നെ, കൊലയാളി സ്രാവിന്റെ കഥ പറഞ്ഞ, ആദ്യത്തെ അമേരിക്കൻ സമ്മർ ബ്ലോക്ക് ബസ്റ്റർ 'ജാസി'ന് ശേഷം ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. ഈ കാരണം കൊണ്ടുതന്നെയാകണം, സയൻസ് ഫിക്ഷൻനെന്നും, അന്യഗ്രഹജീവികളെന്നും കേൾക്കുമ്പോൾ ആദ്യം നമ്മുക്ക് ഓർമ വരിക ഇ.ടിയെയാണ്.


എന്നാൽ കാര്യങ്ങൾ ഫിക്ഷനിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കരുതാൻ വരട്ടെ. ഭൂമിയിൽ യഥാർത്ഥത്തിൽ അന്യഗ്രഹജീവികൾക്കായി ഒരു സങ്കേതമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അമേരിക്കയിലെ ഏരിയ 51 ആണിത്. അമേരിക്കയിലെ കസീനോകളുടെ നാടായ നെവാഡ മരുഭൂമിയിലുള്ള അമേരിക്കൻ വ്യോമസേനയുടെ താവളമാണിത്. ഇതിനകത്ത് നടക്കുന്ന ഓരോ കാര്യവും അതീവ രഹസ്യമാണ്. ഇക്കാരണം കൊണ്ടാണ് ഇതിൽ അന്യഗ്രഹ ജീവികളുണ്ടെന്നും അവയുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങളും മറ്റും നടക്കുന്നുണ്ടെന്ന വിശ്വാസം അമേരിക്കൻ ജനതയ്ക്കിടയിൽ ബലപ്പെട്ടത്. 'ഏരിയ 51' വിഷയമാക്കി നിരവധി ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. അതും ഈ വിശ്വാസം ബലപ്പെടാൻ കാരണമായി. ഈ സങ്കേതത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്നും, അതിന് പിന്നിലെ സത്യം കണ്ടെത്താനും നിരവധി പേർ ഏറെ നാളുകളായി ശ്രമിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ മാദ്ധ്യമപ്രവർത്തകർ തുടങ്ങി യൂട്യൂബേർസ് വരെയുണ്ട്. എന്നാൽ ശക്തമായ സുരക്ഷാ കാരണം ഇവർക്കാർക്കും 'ഏരിയ 51'ന്റെ ഏഴയലത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല. തടസങ്ങൾ നിരവധി ഉണ്ടായിട്ടും ഈ വ്യോമത്താവളത്തിലെ 'സത്യങ്ങൾ' ജനങ്ങൾക്ക് മുമ്പിലെത്തിക്കാൻ ഇവർ ഇപ്പോഴും പരിശ്രമിക്കുകയാണ്.


എന്നാൽ ഇത്തരത്തിൽ അന്യഗ്രഹ ജീവികളൊന്നും 'ഏരിയ 51' ഫെസിലിറ്റിക്കുള്ളിൽ ഇല്ലെന്നും വിമാനങ്ങളുടെയും ആയുധങ്ങളുടെയും പരീക്ഷണത്തിനാണ് ഈ താവളം സേന ഉപയോഗപ്പെടുത്തുന്നതെന്നാണ് സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ഈ രഹസ്യം അറിയുന്നതിന് വേണ്ടിയാണ് 'സ്റ്റോ ഏരിയ 51, നമ്മൾ എല്ലാവരെയും അവർക്ക് തടയാനാകില്ല' എന്ന പേരിൽ ഒരു ഫേസ്ബുക്ക് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഒരു കൂട്ടം ആൾക്കാർ ചേർന്ന് 'ഏരിയ 51' പിടിച്ചടക്കുക എന്നതായിരുന്നു പദ്ധതി. ഏതാണ്ട് 15 ലക്ഷത്തിലധികം പേർ ഏരിയ 51ന്റെ രഹസ്യമറിയാൻ താത്പര്യപ്പെട്ട് രംഗത്തെത്തി. സംഗതി വെറും തമാശയായിരുന്നുവെങ്കിലും യു.എസ് സൈനിക വിഭാഗത്തിന് ഈ തമാശ അത്ര രസിച്ചിട്ടില്ല. ഈ വ്യോമതാവളം റെയ്ഡ് ചെയ്യാനുള്ള എല്ലാ നീക്കത്തെയും തങ്ങൾ ശക്തമായി നിരുത്സാഹപ്പെടുത്തുന്നുവെന്ന് സേന ഇവർക്ക് മുന്നറിയിപ്പ് നൽകി. ചുരുക്കത്തിൽ, ഇതിന് ശ്രമിക്കുന്നവരെ അങ്ങനെ ചുമ്മാ വിടില്ല എന്നർത്ഥം. ഇതോടെ സംഗതി തമാശയാണ് വിശദീകരിച്ചുക്കൊണ്ട് ഏരിയ 51 'പിടിച്ചടക്കാൻ' വന്നവർ രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ പതുക്കെ സംഭവം കെട്ടടങ്ങുന്ന മട്ടാണ് കാണുന്നത്. എങ്കിലും സംശയങ്ങൾ അവസാനിക്കുന്നില്ല. എന്താണ് ഏരിയ 51? അതിനുള്ളിൽ സത്യത്തിൽ എന്താണ്? അന്യഗ്രഹജീവികൾ ഭൂമിയിൽ തന്നെ ഉണ്ടോ? എന്താണ് ഭരണകൂടങ്ങൾ നമ്മിൽ നിന്നും ഒളിക്കുന്നത്? ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ഇവയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, SPECIAL, AREA 51, AMERICA, USA, ALIEN, CONSPIRACY THEORY, ARMY, AIR FORCE, HOLLYWOOD MOVIE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.