കോഴിക്കോട്: കനാലിൽ ചാടിയ യുവാവിനെ കാണാതായി. കോഴിക്കോട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ആശാരികണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിനെയാണ് (24) കാണാതായത്.
രാത്രി 10.30ന് ജോലി കഴിഞ്ഞ് വരും വഴി മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡക്‌റ്റിലേക്കാണ് യദു ചാടിയത്. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്‌സിന്റെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.
എഴുകോണിൽ നെടുമൺകാവ് കൽച്ചിറ ചിറയിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളിൽ ഒരാൾ മുങ്ങി മരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊട്ടാരക്കര പെരുംകുളം തിരുവാതിരയിൽ ബാഹുലേയൻപിള്ളയുടെയും ശ്രീഗംഗയുടെയും മകൻ മിഥുനാണ് (23) മരിച്ചത്. മറ്റ് മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
വാക്കനാട് കുന്നത്ത് ചരുവിള വീട്ടിൽ റാഷിദ് (23), ആദിച്ചനല്ലൂർ വെളിച്ചിക്കാല കെട്ടിടത്തിൽ പുത്തൻ വീട്ടിൽ സൈഫുദ്ദീൻ (22), മയ്യനാട് എസ്.എസ് അഭയ കേന്ദ്രത്തിന് സമീപം അഹ്ലാനിൽ അൽ താരിഫ് (23) എന്നിവരാണ് രക്ഷപ്പെട്ടത്. പ്രദേശവാസിയായ റാഷിദിനൊപ്പം കൽച്ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു മറ്റുള്ളവർ. മിഥുനും സൈഫുദീനും നീന്തൽ വശമില്ലായിരുന്നു.
കടവിലെ പാറക്കെട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങി താഴത്തെ കടവിലേക്ക് നടക്കുന്നതിനിടെ എക്കൽ മാറിയുണ്ടായ ചതുപ്പിൽ മിഥുൻ അകപ്പെട്ടു. മിഥുനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും വെള്ളത്തിൽ മുങ്ങി. താഴേക്കടവിൽ കുളിക്കുകയായിരുന്ന പ്രദേശവാസികളായ വിളയിൽ പുത്തൻവീട്ടിൽ വൈഷ്ണവ്, ബിജു മന്ദിരത്തിൽ വിനീത്, മാടൻ തടത്തിൽ രാഹുൽ എന്നിവർ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തി സാഹസികമായി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
മൂന്നു പേരെ പിടിച്ച് കയറ്റിയെങ്കിലും മിഥുൻ കൈവിട്ട് ആഴത്തിലേക്ക് പോയി. തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർഫോഴ്സും സ്കൂബാ ടീമും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയാണ് നാലു മണിയോടെ മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. അസി.സ്റ്റേഷൻ ഓഫീസർ വിജയകുമാർ, ബിനുകുമാർ,ഫയർമാൻമാരായ അനൂപ്, പി. ബിജു, അനിൽദേവ്, നിഖിൽ, ഗിരീഷ് കൃഷ്ണൻ, ഹരിരാജ്, വിജേഷ്, സുരേഷ് കുമാർ, ഷഹീർ, എച്ച്. ജിമാരായ അനിൽകുമാർ, സാബു എന്നിവർ തിരച്ചിലിൽ പങ്കെടുത്തു. അടൂരിൽ ഷവർമ എന്ന പേരിൽ ഭക്ഷണശാല നടത്തുകയായിരുന്നു മിഥുൻ. സഹോദരി: മിനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |