സച്ചിൻ ടെണ്ടുൽക്കർ എന്നത് കേവലം ഒരു പേരല്ല. ക്രിക്കറ്റിലൂടെ ലോകത്തിന് ഇന്ത്യ സമ്മാനിച്ച മഹാപ്രതിഭയാണ് സച്ചിൻ. എന്നാൽ ആ സച്ചിന്റെ പേരിലുള്ള സച്ചിൻ എന്ന സിനിമയെ സംവിധായകൻ സന്തോഷ് നായർ കേവലമൊരു പേര് മാത്രമായി അവതരിപ്പിക്കുകയാണ് തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ.
സിനിമയുടെ തുടക്കത്തിലേ തന്നെ സംവിധായകൻ പറയുന്നുണ്ട്, ഈ സിനിമയ്ക്ക് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലെന്ന്. ഇത് സച്ചിന്റെ കഥയല്ലെന്ന്. പക്ഷേ, ക്രിക്കറ്റ് തന്നെയാണ് സിനിമയുടെ കേന്ദ്രബിന്ദുവെന്ന് വഴിയെ പ്രേക്ഷകർക്ക് മനസിലായിക്കൊള്ളും.
ക്രിക്കറ്റും സച്ചിനുമാണ് താരം
ക്രിക്കറ്റ് കളിയിൽ തുടങ്ങുന്ന സിനിമയുടെ ക്ളൈമാക്സും ഒരു കളിയിൽ തന്നെയാണ് അവസാനിക്കുന്നത്. ആദ്യപകുതിയിൽ സച്ചിന്റെ ജനനം മുതലുള്ള കഥ പറയുന്നുണ്ട് സിനിമ. യഥാർത്ഥ സച്ചിൻ സെഞ്ച്വറി അടിച്ച സമയത്ത് ജനിച്ചതു കൊണ്ട് മകന് സച്ചിൻ എന്ന് പേരിടേണ്ടി വന്ന വിശ്വനാഥൻ എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ കുടുംബത്തേയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്. അതിനിടെ തന്നെക്കാൾ നാല് വയസ് കൂടുതലുള്ള അഞ്ജലിയുമായി (യഥാർത്ഥ സച്ചിന്റെ ഭാര്യയുടെ പേര് അഞ്ജലിയെന്നും നാല് വയസ് കൂടുതലുമാണെന്നത് മറക്കരുത്) പ്രണയത്തിലാകുന്നു. ഇവരുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് നാടകീയമായ രണ്ടാംപകുതിയുടെ ആകെത്തുക.
ക്രിക്കറ്റിന് നല്ല പ്രാധാന്യം നൽകിയിട്ടുള്ള സിനിമ ചിലപ്പോഴെങ്കിലും ആവേശം ചോർന്നുപോയ ഒരു മാച്ചിനെ ഓർമ്മിപ്പിക്കുന്നുണ്ട്. കുടുംബബന്ധങ്ങൾ ക്കും ഹാസ്യത്തിനും കൂടുതൽ പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയരിക്കുന്നത് എസ്.എൽ.പുരം ജയസൂര്യയാണ്. ചർച്ച ചെയ്യുന്ന പ്രമേയം ക്രിക്കറ്റായതിനാൽ തന്നെ ക്രിക്കറ്റ് മാച്ചുകളടങ്ങുന്ന രംഗങ്ങൾക്കും പഞ്ഞമില്ല. ധാരാളം തമാശ രംഗങ്ങളും സിനിമയിലുണ്ട്.
സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസൻ ക്രിക്കറ്റ് തലയ്ക്കുപിടിച്ച യുവാവായി ശ്രദ്ധേയപ്രകടനം നടത്തുന്നുണ്ട്. ധ്യാനിന്റെ ജോഡിയായി എത്തുന്നത് അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അന്ന രാജനാണ്. സച്ചിനെക്കാൾ നാല് വയസ് മൂപ്പുള്ള കാമുകിയായ അഞ്ജലിയെന്ന കഥാപാത്രം അന്നയുടെ കൈയിൽ ഭദ്രമാണ്.
മുഖസ്തുതിയിൽ വീണുപോകുന്ന ക്രിക്കറ്റ് ടീം ക്യാപ്ടനായി എത്തുന്ന അജു വർഗീസും അഞ്ജലിയുടെ സഹോദരൻ ഷൈനിന്റെ വേഷത്തിലെത്തുന്ന രമേഷ് പിഷാരടിയും ചേർന്നാണ് കോമഡി കൈകാര്യം ചെയ്തിരിക്കുന്നത്. ഇവരുടെ പരസ്പരമുള്ള കൗണ്ടറുകൾ പ്രേക്ഷകർ നന്നായി ആസ്വദിക്കുന്നുണ്ട്. ഹരീഷ് കണാരൻ, അപ്പാനി ശരത്, കൊച്ചുപ്രേമൻ തുടങ്ങിയവരാണ് മറ്റ് തമാശക്കാർ. മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, മാല പാർവ്വതി, രശ്മി ബോബൻ, സേതുലക്ഷ്മി തുടങ്ങിയവരടക്കം ചെറുതുംവലുതമായ നീണ്ടൊരു താരനിര തന്നെ ചിത്രത്തിൽ വന്നുപോകുന്നുണ്ട്.
വാൽക്കഷണം: സച്ചിനാണ് താരം
റേറ്റിംഗ്: 2.5