SignIn
Kerala Kaumudi Online
Tuesday, 12 November 2019 12.01 PM IST

അമല പോളിന്റെ മാത്രം 'ആടൈ'

aadai

റിലീസിന് മുമ്പ് തന്നെ സിനിമാപ്രേമികൾക്കിടയിലും പൊതുസമൂഹത്തിലും ചർച്ചയായതാണ് അമല പോൾ നായികയാവുന്ന ആടൈ എന്ന സിനിമ. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ വിമർശനശരങ്ങളാണ് അമലയ്ക്കും ചിത്രത്തിന്റെ അണിയറക്കാർക്കും ഏറ്റുവാങ്ങേണ്ടി വന്നത്. ലൈംഗികതയുടെ അതിപ്രസരമാണെന്നതായിരുന്നു ഏറ്റവും കൂടുതലായി ഉയർന്ന വിമർശനം.

ആടൈയുടെ കഥ
തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ചതും ധീരവുമായ ഒരു ശ്രമമാണ് ആടൈ എന്ന സിനിമയിലൂടെ രത്നകുമാർ നടത്തിയിരിക്കുന്നത്. തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന പുരോഗമന ചിന്താഗതിക്കാരിയായ കാമിനി എന്ന പെൺകുട്ടി,​ താൻ ജോലി ചെയ്യുന്ന ടി.വി ചാനലിന് വേണ്ടി തൊപ്പി തൊപ്പി എന്ന പ്രാങ്ക് ഷോ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു. തന്റെ പിറന്നാൾ ദിവസം കമ്പനിയുടെ ഏറ്റവും മുകളിലത്തെ നിലയിൽ കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന കാമിനിക്ക് പക്ഷേ,​ അത് തന്റെ ജീവിതത്തിൽ തന്നെ ഷോക്കാവുന്ന ഒരു ആഘോഷമായി മാറുകയാണ്.

aadai1

അമലയുടെ ആടൈ

പൂർണമായും സ്ത്രീ കേന്ദ്രീകൃത സിനിമയായാണ് ആടൈയെ സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. നായികയായ കാമിനിയെ അവതരിപ്പിക്കുന്ന അമല പോൾ അതീവ ബോൾഡായ വേഷത്തിൽ പ്രത്യക്ഷപ്പെട്ട് സംവിധായകന്റെ മാർഗവും സുഗമമാക്കിയിരിക്കുന്നു. തമിഴ് സിനിമ അതിവേഗം മാറ്റത്തിന് വിധേയമായിരിക്കുന്ന സമയത്താണ് രത്നകുമാർ ഇത്തരമൊരു സിനിമയുമായി എത്തിയിരിക്കുന്നത്. തമിഴകം കണ്ടുപഴകിയ പരമ്പരാഗത തനി തമിഴ് പെണ്ണ് സങ്കൽപത്തെ ഒന്നാകെ സംവിധായകൻ പൊളിച്ചെഴുതുന്നുണ്ട്. അതിനാലാണ് സുതന്തിര കൊടി എന്ന തന്റെ പേര് മാറ്റി കാമിനി എന്ന പേര് നായിക സ്വീകരിക്കുന്നത്. അതിരുകളില്ലാത്ത ലോകത്ത് ചിറക് വിരിച്ചു പറക്കുകയും എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കണമെന്നാണ് കാമിനിയുടെ പക്ഷം. അതിനുവേണ്ടി ഏതറ്റം വരെയും പോകാൻ അവൾ തയ്യാറുമാണ്. മകളെ സാരി ഉടുത്തു കാണാൻ ആഗ്രഹിക്കുന്ന അമ്മയോട് അവൾ കലഹിക്കുന്നുണ്ട്. അഞ്ചരമീറ്റർ നീളമുള്ള സാരി വാരിച്ചുറ്റി നടന്ന് കാൽ തട്ടിവീഴുന്നതിനെക്കാൾ നല്ലത് ജീൻസും ടീഷർട്ടുമാണെന്ന് അവൾ ഉറച്ചുവിശ്വസിക്കുന്നു. സമൂഹത്തിലെ ബോൾഡായ സ്ത്രീകളുടെ പ്രതീകമായി കൂടി മാറുന്ന കാമിനി,​ ഡ്യൂക് ബൈക്കിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ചീറിപ്പാഞ്ഞ് ചെത്തുപയ്യന്മാരെ തോൽപിക്കുന്നുണ്ട്,​ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നുമുണ്ട് അവൾ. ഇതെല്ലാം സ്വാതന്ത്ര്യത്തിന്റെ ഭാഗമായി മാത്രമെ അവൾ കാണുന്നുള്ളൂ.

aadai2

145 മിനിട്ട് ദൈർഘ്യമുള്ള സിനിമയിൽ ആദ്യപകുതിയിൽ കുറച്ചൊക്കെ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാംപകുതിയിലാണ് സിനിമ എൻഗേജിംഗ് ആകുന്നത്. അഭിനയമികവ് മാത്രമല്ല,​ കഥാപാത്രത്തിനായി അമല നടത്തിയിരിക്കുന്ന ത്യാഗവും വിസ്‌മരിക്കാനാകില്ല. നൂൽബന്ധമില്ലാതെ,​ നാണം മറക്കാൻ ഒരു തുണ്ടുകടലാസില്ലാതെ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിൽ ദിവസങ്ങൾ കഴിച്ചുകൂട്ടേണ്ടി വരുന്നത് എത്ര ദയീനമായ അവസ്ഥയായിരിക്കും. അത്തരമൊരു അവസ്ഥയിലൂടെ അവൾ കടന്നുപോകുമ്പോഴും നഗ്നശരീരത്തിൽ നയനഭോഗം തേടുന്ന ചില ആണുങ്ങളുടെ മനോഭാവത്തെ കൂടി സംവിധായകൻ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. വലിയൊരു കണ്ണാടി കൊണ്ട് നാണം മറയ്ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവളുടെ ഭയം ആ കണ്ണാടിയിൽ പ്രതിഫലിച്ചുകാണാം.

സമൂഹത്തിൽ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന പ്രാങ്ക് ഷോകളെ ചോദ്യം ചെയ്യുന്ന സംവിധായകൻ യുവതലമുറയുടെ സെൽഫി ഭ്രമമത്തേയും ടിക് ടോക് വീഡിയോകളേയും പരിഹസിക്കുന്നുണ്ട് സിനിമയിലൂടെ. താൻ പറയാൻ എന്താണോ ഉദ്ദേശിച്ചത് കൃത്യമായ രംഗങ്ങളിലൂടെ അത് പറയുന്നിടത്താണ് സംവിധായക മികവ് പ്രകടമാകുക. കാമിനിയെ പോലുള്ളവർ കാണുന്ന ഒരു ലോകമുണ്ടെന്ന് ഈ സിനിമയിലൂടെ സംവിധായകൻ വിളിച്ചുപറയുന്നുണ്ട്. ഒപ്പം പ്രാങ്ക് ഷോകളിൽ ഇരകളാവുന്നവർക്കുണ്ടാകുന്ന,​ നാമറിയാതെ പോകുന്ന ബുദ്ധിമുട്ടുകളും. രത്നകുമാർ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

aadai3

ഏതാണ്ട് 40 മിനിട്ടോളം കാമറയ്ക്കുമുന്നിൽ നഗ്നയായാണ് അമല പോൾ അഭിനയിക്കുന്നത്,​ അല്ല ജീവിക്കുന്നത്. ശാരീരികമായും മാനസികമായും തയ്യാറെടുപ്പ് വേണ്ട ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തമിഴ് സിനിമയിൽ മറ്റൊരു നടിയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവിടെയാണ് അമല വ്യത്യസ്തയാകുന്നതും. തന്നോട് പ്രണയമാണെന്ന് പറഞ്ഞ സഹപ്രവർത്തകനോട് കാമിനി ചോദിക്കുന്ന ചോദ്യങ്ങൾ,​ ഒന്ന് അടുത്തിടപഴകിയാൽ,​ ബൈക്കിൽ കയറിയാൽ,​ തന്റെ ഭക്ഷണത്തിൽ നിന്ന് ഒരുപങ്ക് കൈയിട്ട് എടുത്ത് കഴിച്ചാൽ അതെല്ലാം പ്രണയമാണെന്ന് കരുതുന്നവർക്കുള്ള മറുപടി കൂടിയാണ്. രമ്യ സുബ്രഹ്മണ്യൻ,​ ശ്രീരഞ്ജിനി,​ ആദിരാജ്,​ വിവേക് പ്രസന്ന,​ രോഹിത് നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.


വാൽക്കഷണം: പരമ്പരാഗത സങ്കൽപങ്ങളുടെ പൊളിച്ചെഴുത്ത്
റേറ്റിംഗ്: 3.5

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOVIE REVIEW, ADAI MOVIE REVIEW, ADAI MOVIE REVIEW MALAYALAM, AMALA PAUL, ADAI MOVIE, ADAI
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.