പനയം പഞ്ചായത്തിന്റെ അപേക്ഷയ്ക്ക് അനുമതി ഉടൻ
കൊല്ലം: പെരുമണിൽ നിന്ന് മൺറോത്തുരുത്തിലേക്ക് ജങ്കാർ സർവീസ് ആരംഭിക്കാനുള്ള പനയം പഞ്ചായത്തിന്റെ അപേക്ഷയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകാതെ അനുമതി നൽകിയേക്കും.
മാർച്ച് പകുതിയോടെയാണ് ജങ്കാർ സർവ്വീസിന് അനുമതി തേടി പനയം പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയത്. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. പോളിംഗ് കഴിഞ്ഞ ശേഷവും ജില്ലാ ഭരണകൂടം അപേക്ഷ പരിഗണിക്കാതിരുന്നതോടെ പഞ്ചായത്ത് അധികൃതർ തിരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട് അപേക്ഷ നൽകി. അടുത്തിടെ പഞ്ചായത്ത് ഭാരവാഹികൾ കമ്മിഷൻ അധികൃതരുമായി നടത്തിയ ചർച്ചയിൽ വൈകാതെ അനുമതി നൽകാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. തീരുമാനമെടുക്കാൻ കളക്ടറെ ചുമതലപ്പെടുത്താനാണ് സാദ്ധ്യത.
നേരത്തെ മൺറോത്തുരുത്ത് പഞ്ചായത്ത് നടത്തിയിരുന്ന ജങ്കാർ മുടങ്ങിയതോടെയാണ് പനയം പഞ്ചായത്ത് ഏറ്റെടുക്കാൻ തീരുമാനിച്ചത്. മൺറോത്തുരുത്ത് പഞ്ചായത്തുമായി ചർച്ച ചെയ്ത ശേഷമേ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാനാവുകയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമെത്തിയാൽ കളക്ടർ വൈകാതെ ചർച്ചയ്ക്കു വിളിക്കും. മുടങ്ങിയ ജങ്കാർ സർവ്വീസ് പുനരാരംഭിക്കാൻ മൺറോത്തുരുത്ത് പഞ്ചായത്ത് പല തരത്തിൽ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ പനയം പഞ്ചായത്ത് സർവീസ് അരംഭിക്കുന്നതിൽ എതിർപ്പുണ്ടാകില്ലെന്നാണ് വിവരം. കളക്ടർ വിളിക്കുന്ന ആദ്യ യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമാകാനാണ് സാദ്ധ്യത.
നിലച്ചത് കഴിഞ്ഞ ഒക്ടോബറിൽ
അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയ ജങ്കാർ, ഉടമസ്ഥൻ തിരികെ എത്തിക്കാതിരുന്നതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ പകുതിയോടെ, മൺറോത്തുരുത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്ന സർവീസ് നിലച്ചു. ഇതോടെ മൺറോത്തുരുത്തുകാർ കുണ്ടറ വഴി 25 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് കൊല്ലത്തേക്ക് എത്തുന്നത്. മൺറോത്തുരുത്ത് വഴി കുന്നത്തൂർ ഭാഗത്തേക്ക് പോയിരുന്ന പനയം പഞ്ചായത്തിലെ ജനങ്ങളും ദുരിതത്തിലായി. ഇതോടെയാണ് പനയം പഞ്ചായത്ത് രംഗത്തെത്തിയത്. ഇഴഞ്ഞു നീങ്ങുന്ന പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം പൂർത്തിയാകാൻ ഇനിയും രണ്ട് വർഷമെങ്കിലും വേണ്ടി വരും. ജങ്കാർ സവീസ് ആരംഭിച്ചില്ലെങ്കിൽ അത്രയും കാലം യാത്രക്കാർ ചുറ്റിക്കറങ്ങേണ്ടി വരും.
...........................
ജങ്കാർ സർവ്വീസ് ആരംഭിക്കാനുള്ള അപേക്ഷയിൽ വൈകാതെ തീരുമാനമെടുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുനൽകിയിട്ടുണ്ട്
കെ. രാജശേഖരൻ, പനയം പഞ്ചായത്ത് പ്രസിഡന്റ്
ജങ്കാർ സർവ്വീസ് പുനരാരംഭിക്കാൻ മൺറോത്തുരുത്ത് പഞ്ചായത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട്. സർവ്വീസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനങ്ങൾ സഹിതം കളക്ടർക്ക് കത്ത് നൽകി. ജനങ്ങളുടെ യാത്രാദുരിതം എത്രയും വേഗം പരിഹരിക്കണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആഗ്രഹം
മിനി സൂര്യകുമാർ, മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |