മ്യൂണിക്ക്: സാബി അലോൺസോയുടെ പരിശീലനത്തിൽ സമാനതകളില്ലാത്ത കുതിപ്പ് നടത്തുന്ന ബയേർ ലെവർകുസൻ തോൽവി അറിയാതെ 50 മത്സരങ്ങൾ പൂർത്തിയാക്കി കുതപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ജർമ്മൻ ബുണ്ടസ് ലിഗയിൽ വി.എഫ്.എൽ ബോച്ചമിനെ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് കീഴടക്കിയതോടെയാണ് ലെവർകൂസന്റെ അപരാജിത കുതിപ്പ് അമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയത്.
ബുണ്ടസ് ലിഗ കിരീടം നേരത്തേ തന്നെ ഉറപ്പാക്കിയിരുന്നു ലെവർകുസൻ. ജർമ്മൻ ലീഗിൽ ഇത് വരെ കളിച്ച 33 മത്സരങ്ങളിൽ 27 ജയവും 6 സമനിലയുമാണ് അവരുടെ സമ്പാദ്യം. നേടിയത് 87 പോയിന്റുകൾ. രണ്ടാം സ്ഥാനത്തുള്ള ഇത്രയും മത്സരങ്ങൾ പൂർത്തിയാക്കിയ മുൻ ചാമ്പ്യന്മാരായ ബയേണിനുള്ളത് 72 പോയിന്റാണ്.
18ന് ഓസ്ബർഗിനെതിരായ അവസാന ലീഗ് മത്സരത്തിൽ തോൽക്കാതിരുന്നാൽ ലീഗിന്റെ ചരിത്രത്തിൽ ഒരു സീസൺ തോൽവി അറായാതെ പൂർത്തിയാക്കിയ ആദ്യത്തെ ടീമാകും ലെവർകുസൻ.
നേരത്തേ ബോച്ചമിനെതിരായ ജയത്തോടെ ലീഗ് സീസണിലെ ഏവേ മത്സരങ്ങൾ ഒന്നുപോലും തോൽക്കാത്ത മൂന്നാമത്തെ ക്ലബെന്ന നേട്ടം ലെവർകൂസൻ സ്വന്തമാക്കിയിരുന്നു. ബുണ്ടസ്ലിഗയിൽ ലെവർകൂസൻ അവസാനമായി തോൽവിയറിഞ്ഞത് 2023 മേയൽ ബോച്ചമിനോടായിരുന്നു.
യൂറോപ്പ ലീഗ് ഫൈനലിലും ലെവർകുസൻ എത്തിക്കഴിഞ്ഞു. യൂറോപ്പിലെ ക്ലബുകളിൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീമെന്ന റെക്കാഡ് ലെവർകുസന്റെ പേരിലാണ്. 1963-65കാലഘട്ടത്തിൽ ബെൻഫിക്ക സ്ഥാപിച്ച 48 മത്സരങ്ങളിലെഅപരാജിത കുതിപ്പിന്റെ റെക്കാഡാണ് ലെവർകുസൻ തിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |