SignIn
Kerala Kaumudi Online
Tuesday, 10 December 2019 11.34 AM IST

ഇറാൻ പിടിച്ച ബ്രിട്ടീഷ് ടാങ്കറിൽ 18 ഇന്ത്യക്കാർ; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി

iran

വാഷിംഗ്ടൺ:പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഹോർമൂസ് കടലിടുക്കിൽ വെള്ളിയാഴ്‌ച അർദ്ധരാത്രി ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ 23 ജീവനക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരും ഇന്ത്യക്കാരാണ്. കൂട്ടത്തിൽ മലയാളികൾ ഉണ്ടോ എന്ന് വ്യക്തമല്ല. ഇവരെ വിട്ടുകിട്ടാൻ ഇറാനുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാർ ഇന്നലെ ന്യൂഡൽഹിയിൽ അറിയിച്ചു. മറ്റ് ജീവനക്കാർ റഷ്യ,​ ഫിലിപ്പൈൻസ്,​ ലാറ്റ്‌വിയ പൗരന്മാരാണ്.

സൗദി അറേബ്യയിലേക്ക് പോയ സ്റ്റെനാ ഇംപേരോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പൽ തങ്ങളുടെ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു എന്നാരോപിച്ചാണ് ഇറാൻ സൈന്യമായ റവലൂഷണറി ഗാർഡ് പിടിച്ചെടുത്തത്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക്ക് ആണ് കപ്പലിന്റെ ഉടമ.

ഫിഷിംഗ് ബോട്ടിന്റെ അപായ സന്ദേശം അവഗണിച്ച് അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങൾ ലംഘിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തതെന്ന് റവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇറാൻ അപകടകരമായ വഴിയിലാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജറമി ഹണ്ട് മുന്നറിയിപ്പ് നൽകി. ഫ്രാൻസും ജർമ്മനിയും ഇറാനെ അപലപിച്ചു. സംഘർഷം വർദ്ധിക്കുന്നത് ആപത്കരമാണെന്ന് ജർമ്മനി മുന്നറിയിപ്പ് നൽകി. ബ്രിട്ടനുമായി പ്രശ്നം ചർച്ച ചെയ്യുമെന്ന് യു. എസ് പ്രസിഡന്റ് ട്രംപും പറഞ്ഞു.

അതേസമയം, ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചത് കാരണം എണ്ണവില ബാരലിന് 62 ഡോളറായി വർദ്ധിച്ചു.

ഇറാന്റെ ഫിഷിംഗ് ബോട്ടിൽ ബ്രിട്ടീഷ് കപ്പൽ ഇടിച്ചെന്നും തുടർന്ന് നേവിയുടെ കപ്പലും ഹെലികോപ്റ്ററും എത്തി കപ്പൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും ഇറാൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്‌തു. കപ്പൽ ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തേക്ക് കൊണ്ടു പോയതായും അന്വേഷണം കഴിയുന്നതു വരെ കപ്പലും ജീവനക്കാരും അവിടെ തുടരുമെന്നും റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് കപ്പൽ ഉടമകൾ അറിയിച്ചു.

സംഘർഷത്തിന്റെ തുടർച്ച

ഈ മാസം ആദ്യം ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ ഗ്രെയ്സ് വൺ എന്ന എണ്ണക്കപ്പൽ വിട്ടുനൽകാത്തതിന്റെ പ്രതികാരമാണിതെന്ന് കരുതുന്നു. ഇറാനെതിരായ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഇറാന്റെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. കപ്പൽ വിട്ടുനൽകിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

 ഡ്രോണും തകർത്തു?

വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ സൈനിക കപ്പലിനു ഭീഷണിയുയർത്തിയ ഇറാന്റെ ആളില്ലാ വിമാനം വെടിവച്ചിട്ടതായി അമേരിക്ക അവകാശപ്പെട്ടു. തങ്ങൾക്ക് ഡ്രോൺ നഷ്ടമായിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു.

അതേസമയം, 'യു.എസ്.എസ്. ബോക്‌സർ' എന്ന യുദ്ധക്കപ്പലാണ് ഇറാന്റെ ഡ്രോൺ തകർത്തതെന്ന് പെന്റഗൺ വക്താവ് പറഞ്ഞു.

 യുദ്ധക്കപ്പലുകൾക്ക് പിന്നാലെ സൈന്യവും

ഇറാന് ഭീഷണിയുമായി അമേരിക്കൻ യുദ്ധക്കപ്പലുകൾ നേരത്തേ പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്. സൈന്യത്തെയും അവിടേക്ക് അയയ്ക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. മേയ് മാസത്തിന് ശേഷം ഒമാൻ കടലിൽ ആറ് എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നിൽ ഇറാനാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാൻ ഇത് നിഷേധിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, IRAN, INDIA, AMERICA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.