SignIn
Kerala Kaumudi Online
Wednesday, 23 October 2019 4.08 AM IST

മറക്കാൻ പറ്റുമോ ആ ദാവണിക്കാലം...

half-saree

ഓർമ്മയില്ലേ ആ പഴയ ദാവണിക്കാലം... കൂട്ടുകാർക്കിടയിൽ അഭിമാനത്തോടെ ചേർത്തുപിടിച്ചതും പാടവരമ്പത്തൂടെ ദാവണി തുമ്പ് വീശി ഓടിയതും മറക്കുമോ എന്നെങ്കിലും. കൺമഷി ചാലിച്ച കൺതിളക്കം കാണാൻ കണ്ണാടി നോക്കിനിന്നപ്പോഴല്ലേ അമ്മ പിന്നാലെ വന്നു കളിയാക്കിയത്. സാരി ഞൊറിയിട്ടുടുക്കാനും മുടി പിന്നിക്കെട്ടി മുല്ലപ്പൂ ചൂടാനും തിടുക്കം കൂട്ടിയപ്പോൾ നേരമായില്ലെന്നു പറഞ്ഞ് അമ്മ ശാസിച്ചതോർമയില്ലേ? കുട്ടിയുടുപ്പിൽ ആരോടും പറയരുതാത്തൊരു കുഞ്ഞുനോവിന്റെ കടുംചുവപ്പുകണ്ട് അമ്മ പുത്തൻ ദാവണി സമ്മാനിച്ചതു മറന്നുപോയോ? കൂടെ പഠിക്കുന്നൊരു ചങ്ങാതി വായനശാലയിലെ ഇരുൾമൂലയിൽ പതുങ്ങിനിന്നു സമ്മാനിച്ച കത്ത് പൊട്ടിച്ചു വായിച്ചതും അമ്മയുടെ മുന്നിൽ നിന്നായിരുന്നു.

മൺമറഞ്ഞുപോയവയ്‌ക്കെല്ലാം പറയാനുള്ളത് ഓരോ കഥകളാവും. നീണ്ട കാലം ജീവിച്ച് മറഞ്ഞ് പോയതിന്റെ കഥ. ചില ശേഷിപ്പുകൾ ഇന്നും ബാക്കിവച്ചുകൊണ്ട് ഓർമ്മത്താളുകളിലിടം പിടിച്ച മലയാളികളുടെ പ്രിയ വേഷം ദാവണിയ്ക്കും പറയാനുള്ളത് ഒരു നീണ്ട കഥയാണ്.
ഇമവെട്ടുന്ന നേരത്തിനുള്ളിൽ മാറിമറയുന്ന വസ്ത്രസങ്കല്പങ്ങളിൽ ഇന്നലെകളെക്കുറിച്ചോർക്കുന്ന പതിവ് കുറവാണ്. പുതുമ തേടിയുള്ള യാത്രയ്ക്കിടയിൽ നാം പലപ്പോഴും കഴിഞ്ഞുപോയതിനെ മനഃപൂർവം മറക്കാൻ ശ്രമിക്കും. പക്ഷേ ഇടയ്ക്കിടെ പുറത്തുവരുന്ന ഓർമ്മത്തികട്ടലുകളെ മാറ്റിനിർത്താൻ കഴിയില്ലല്ലോ.....


മലയാളികളുടെ വസ്ത്രസങ്കല്പചരിത്രത്തിലെ കടന്നുപോയ ഏടുകൾക്കിടയിലാണ് ദാവണിയുടെ സ്ഥാനം. നിറഞ്ഞുപെയ്ത തുലാവർഷത്തിൽ പാടവരമ്പത്തൂടെ മഴയ്ക്ക് നനയ്ക്കാൻ കൊടുക്കാതെ കുടയ്ക്കകത്തേക്ക് പിടിച്ചൊതുക്കിയ ദാവണിത്തുമ്പ്, അമ്പലത്തിലെ ഉത്സവത്തിന് അച്ഛൻ ആദ്യമായി വാങ്ങിച്ചുതന്ന പച്ചയും മഞ്ഞയും നിറമുള്ള ദാവണി, പുസ്തകത്തോടൊപ്പം ചോറ്റുപാത്രവും നെഞ്ചോടടുപ്പിച്ച് ബസിൽ കയറുമ്പോൾ ആൺനോട്ടങ്ങളെ ആട്ടിയകറ്റാൻ പാടുപെട്ട ദാവണി.

ആദ്യചുംബനത്തിന്റെ മധുരം ഈറനണിയിച്ച കണ്ണീരിന്റെ ഉപ്പറിഞ്ഞ ദാവണിത്തുമ്പ്, വടക്കേപ്പറമ്പിലെ ചക്കരമാവിൽ നിന്ന് കട്ടെടുത്ത മാമ്പഴമൊളിപ്പിച്ചതും ആ വെളുത്ത ദാവണിത്തുമ്പിലായിരുന്നില്ലേ.. അങ്ങനെ ഓർമ്മകളുടെ കെട്ടഴിക്കുമ്പോൾ ചിതറിവീഴുന്ന നിറമുള്ള മുത്തുകളാണ് ഓരോ മലയാളിപ്പെണ്ണിനും ദാവണിയോർമ്മകൾ. സന്തോഷത്തിന്റെയും കുസൃതിയുടെയും അടക്കിപ്പിടിച്ച വിങ്ങലിന്റെയും നൂറുനൂറു കഥകളായിരിക്കും ദാവണികൾക്ക് പറയാനുള്ളത്. ഒരു ദാവണിക്കാലം മലയാള മണ്ണിൽ നിന്നും ഓടി മറഞ്ഞെങ്കിലും ഇന്നും ചില ശേഷിപ്പുകൾ അങ്ങിങ്ങായി കാണാം.


ബ്‌ളൗസ്, പാവാട, ദുപ്പട്ട എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുള്ള ഈ വേഷം മലയാളികൾക്കും തമിഴർക്കും ദാവണിയാണെങ്കിൽ തെലുങ്കർക്ക് ലംഗാവണിയാണ്. (ലംഗ എന്ന് വച്ചാൽ പാവാട, വണി എന്നാൽ ഷാൾ) മുറിബ്‌ളൗസും അരയ്ക്കുചുറ്റും വലിച്ചുകെട്ടിയ ഞൊറിപ്പാവാടയും അതിനുമീതെ ചുറ്റി ഉടുത്ത രണ്ട് മീറ്റർ നീളമുള്ള തുണിയും ചേർന്നപ്പോൾ പെൺമനസിൽ വിരിഞ്ഞത് ഒരു പൂക്കാലം തന്നെ ആയിരുന്നു. എഴുപതുകളുടെ തുടക്കം മുതൽക്കാണ് ദാവണി പ്രാചരത്തിൽ വരുന്നത്. ബ്‌ളൗസിലും ഷാളിലും പാവാടയിലുമുള്ള വൈവിദ്ധ്യമാർന്ന നിറങ്ങൾ കൊണ്ട് ദാവണിയും വസ്ത്രലോകത്ത് ഒരു കഥയെഴുതി.


ദാവണികൾ ഏതാണ്ട് 100 BC കാലഘട്ടം മുതൽ നിലവിലുണ്ടെന്നാണ് ചരിത്രം. പെൺകുട്ടികൾ ദാവണികളിലേക്ക് ചേക്കേറിത്തുടങ്ങുന്നത് പ്രായപൂർത്തിയാകുന്നതോടെയാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് പിച്ചവച്ചുതുടങ്ങുമ്പോൾ അവർ ആദ്യമായി ദാവണി അണിഞ്ഞു തുടങ്ങുന്നു. മാറു മറയ്ക്കാൻ രണ്ട് മീറ്റർ തുണി കൂടി നിർബന്ധമാക്കുന്നു ദാവണികൾ. തിരണ്ടു കല്യാണ വേളയിൽ പെൺകുട്ടിയുടെ അമ്മവീട്ടുകാരാവും അവൾക്ക് ആദ്യമായി ദാവണി സമ്മാനിക്കുന്നത്. ദക്ഷിണേന്ത്യയിൽ പ്രധാനമായും തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിലായിരുന്നു ഈ ആഘോഷം നടന്നുവന്നിരുന്നത്.

ചെന്നൈ എക്‌സ്പ്രസിൽ ദീപിക പദുകോൺ ദാവണിയിലെത്തിയപ്പോൾ ഉത്തരേന്ത്യയും അംഗീകരിച്ചുകഴിഞ്ഞു ഈ വേഷം. മനീഷ് മൽഹോത്രയെ പോലെ ലോകമറിയുന്ന ഫാഷൻ ഡിസൈനർമാരുടെ ഷോകളിൽ വരെ ഇന്ന് നമ്മുടെ ദാവണി ഇടം നേടിക്കഴിഞ്ഞു.

അതുവരെ പാവാടയിലും ബ്‌ളൗസിലും കളിച്ചു നടന്ന പെൺജീവിതത്തിനു കുറുകെ ഒരു രണ്ടുമീറ്റർ തുണി കൂടി വന്നുചേരുന്നതോടെ ദാവണിക്കാലം തുടങ്ങുകയായി.

നിറങ്ങളിലെ വൈവിദ്ധ്യങ്ങളെ വളരെ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നുവെന്നതാണ് ദാവണികളുടെ ഇഷ്ടത്തിന് പിന്നിലെ പ്രധാന കാരണം. മഞ്ഞ, പച്ച, ചുവപ്പ്, നീല അങ്ങനെ അന്തമില്ലാത്ത നിറങ്ങൾ വിരിഞ്ഞു ഓരോ പെൺജീവിതത്തിലും. സാരിയുടെ നീളമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേതും തന്നെ ഈ അര സാരി (ഹാഫ് സാരി)ക്കില്ല. പാവാടകൾ അനുവദിക്കുന്ന അതേ ചലന സ്വാതന്ത്ര്യം ദാവണിയെ പെൺകുട്ടികളുടെ ഇഷ്ടവേഷമാക്കി.

എൺപതുകളുടെ തുടക്കം മുതലാണ് സിനിമകളിൽ ദാവണി വെട്ടം വിതറിത്തുടങ്ങിയത്. പിന്നീട് മലയാളികളുടെ പ്രിയ നായികമാരെല്ലാം തന്നെ പ്രേക്ഷക മനസിൽ ചേക്കേറിയതും ഈ വേഷത്തിൽ തന്നെ ആയിരുന്നു. ഉർവശി, മേനക, ശോഭന, മഞ്ജു വാര്യർ തുടങ്ങി നമ്മുടെ പ്രിയനായികമാരെ മറ്റൊരു വേഷത്തിൽ ഓർത്തെടുക്കാൻ നാം പാടുപെട്ടേക്കാം. അഭ്രപാളിയിൽ അവർ പാട്ടുകൾ പാടി കാമുകനൊത്ത് രസിച്ച് നടന്നപ്പോൾ ദാവണികൾ അവൾക്ക് ഒരു അലങ്കാരമായി മാറി.

സിനിമയ്ക്ക് മുൻപ് സാഹിത്യത്തിൽ മലയാളികൾ നെഞ്ചേറ്റിയ നിരവധി നായികമാരും ദാവണി വേഷക്കാരായിരുന്നു. മുകുന്ദന്റെയും സേതുവിന്റെയും മറ്റും തൂലികത്തുമ്പിലും വിരിഞ്ഞു നിരവധി ദാവണി നായികമാർ. ഒരർത്ഥത്തിൽ പറഞ്ഞാൽ എഴുത്തിലും സിനിമയിലും പല കാലഘട്ടങ്ങളിലായി ദാവണികൾ ഇടംപിടിച്ചിട്ടുണ്ട്.

പിന്നീട് സൽവാറുകൾ വിപണി കീഴടക്കിയതിനെത്തുടർന്നാണ് ദാവണി നിറങ്ങൾ മങ്ങിത്തുടങ്ങിയത്. അണിയാനുള്ള എളുപ്പവും സൗകര്യവും സൽവാറുകളെ സ്ത്രീകൾക്ക് പ്രിയപ്പെട്ടതാക്കി. കാഴ്ചയിൽ ഉത്തരേന്ത്യനെങ്കിലും സൽവാറുകൾ ദക്ഷിണേന്ത്യൻ വസ്ത്ര വിപണിയിലെ ഒരു സാധാരണ കാഴ്ചയായി പെട്ടെന്ന് മാറി.

പാവാടകളും മുറിബ്‌ളൗസുകളുമുണ്ടാക്കിയ അസൗകര്യങ്ങൾ കുറയ്ക്കാനും കൂടുതൽ ചലന സ്വാതന്ത്ര്യം അനുവദിക്കാനും ചുരിദാറുകൾക്ക് സാധിച്ചു. പിന്നീട് ഫാഷൻ ലോകത്തെ മാറുന്ന തുടിപ്പുകൾ സൽവാറുകളിൽ വൈവിദ്ധ്യം വിരിയിച്ചുകൊണ്ടേയിരുന്നു. ഇന്നും വിപണി വിട്ടുപോകാൻ കഴിയാത്തവിധം സൽവാർ വൈവിദ്ധ്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

ആവശ്യക്കാർ നഗരവാസികൾ


മുൻപ് നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു ദാവണിയെങ്കിൽ ഇന്ന് ഈ വേഷം ആവശ്യപ്പെട്ട് കടയിലെത്തുന്നവരിൽ കൂടുതലും നഗരവാസികളാണ്. അതിൽ ബോളിവുഡ് സുന്ദരിമാർ വരെ ഉൾപ്പെടുന്നു. 2000 രൂപ മുതൽ ആരംഭിച്ച് ഒരുലക്ഷം വരെ വിലവരുന്ന ദാവണിക്കിന്ന് ആവശ്യക്കാർ ഏറി വരുന്നു. വിവാഹവേളകളിൽ മുതൽ അവാർഡ് വേദികൾ വരെ കീഴടക്കുന്നത് പലപ്പോഴും ദാവണിസുന്ദരികൾ തന്നെയാണ്.

പ്രാദേശികതയുടെ അതിർവരമ്പുകൾ തകർത്ത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കർണാടകയുടെയും ഗ്രാമഭംഗികളിൽ നിന്ന് ഉത്തരേന്ത്യൻ സിനിമാലോകവും വിശ്വേത്തര ആഘോഷവേളകൾ വരെ കീഴടക്കിയിരിക്കുകയാണ് ദാവണി വർണങ്ങൾ. വർഷങ്ങൾക്കുമുമ്പ് യൗവനത്തിലേക്കു കടക്കുന്ന പെൺമനസ് അണിഞ്ഞുതുടങ്ങുന്ന ഈ വസ്ത്രമിന്ന് ഫാഷൻ ലോകത്ത് വിസ്മയങ്ങൾ തീർത്തുതുടങ്ങിയിരിക്കുന്നു.

ഒരുനാൾ പെൺ അലമാരകളിൽ നിന്ന് ചെറിയൊരിടവേളയെടുത്തെങ്കിലും കാലങ്ങൾക്കിപ്പുറത്ത് ദാവണി വീണ്ടും അലമാരകളിൽ ഇടം നേടിയിരിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് ദാവണിവിരിയിച്ചതൊരു പൂക്കാലമായിരുന്നെങ്കിൽ ഇന്നതൊരു ആഘോഷത്തിന്റെ തെളിവായി മാറിയിരിക്കുകയാണ്.

ദാവണികൾ മടങ്ങിവരുന്നു

പെട്ടെന്നുണ്ടായചുരിദാർ വിപ്ലവത്തിനിടയിൽ ദാവണിപ്പകിട്ട് ചെറുതായൊന്നു മങ്ങിപ്പോയിരുന്നെങ്കിലും പെൺമനസുകൾക്ക് ദാവണി പൂർണമായുപേക്ഷിക്കാൻ ഇനിയും സാധിച്ചിട്ടില്ല. പരമ്പരാഗത രൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ന് ഡിസൈനർ ദാവണിയാണ് വിപണിയിലെ താരം.

സിൽക്ക്, ലിനൻ തുണികൾ വിട്ട് ഷിഫോണിലും ജോർജെറ്റിലും നൈലോണിലുമൊക്കെയാണ് പുത്തൻ ദാവണി പരീക്ഷണങ്ങൾ. മിന്നുന്ന കസവുകളുടെ സ്ഥാനത്തിന്ന് മുത്തുകളും കല്ലുകളും സീക്വൻസുകളുമൊക്കെയാണ്. സാരി ഉണ്ടാക്കുന്ന ബാദ്ധ്യതകളൊന്നും തന്നെ ഇല്ല എന്നതും സാരിയോട് കിടപിടിക്കുന്ന ഭംഗി നൽകുന്നു എന്നുള്ളതുമാണ് ദാവണിയുടെ പ്രിയം കുറയാതിരിക്കാൻ പ്രധാന കാരണം.

ദാവണിയിലെ പുത്തൻ പരീക്ഷണങ്ങൾ ബ്‌ളൗസിലും ദുപ്പട്ടയിലും പാവാടയിലും ഒരുപോലെയുണ്ട്. ബ്‌ളൗസുകൾ വ്യത്യസ്തമാകുന്നത് അതിനുപയോഗിക്കുന്ന തുണിയുടെ വൈവിദ്ധ്യത്തിലും പുതുരൂപങ്ങളിലുമാണ്.

എന്നാൽ ദുപ്പട്ടയിൽ വ്യത്യസ്തത കൊണ്ടുവരുന്നതിൽ ഉപയോഗിക്കുന്ന തുണിയ്ക്കു പുറമെ ഡിസൈനുകൾക്കും വലിയ പങ്കുണ്ട്.

മുഴുവൻ ആകർഷണവും പാവാടയിൽ വേണമെങ്കിൽ അതിനുമുണ്ട് പല വഴികൾ. പരമ്പരാഗത പാവാട സങ്കല്പങ്ങളിൽ നിന്നു മാറി മത്സ്യകന്യകയെപ്പോലെ തോന്നിപ്പിക്കുന്ന തയ്യൽ വൈവിദ്ധ്യങ്ങളും പാവാടയിൽ കാണാം.നിറങ്ങളിലെ പരീക്ഷണങ്ങളും പുത്തൻകാലത്ത് ദാവണിയെ പ്രിയങ്കരമാക്കുന്നു. മുമ്പെങ്ങും പരീക്ഷിച്ചിട്ടില്ലാത്ത നിറങ്ങൾ വരെ ഇന്ന് ദാവണിയിൽ കാണാം. നിറങ്ങളുടെ അനന്ത സാദ്ധ്യതകൾ പരീക്ഷിക്കുന്നതിൽ ഫാഷൻ ലോകം വിജയിച്ചു കഴിഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HALF SAREE, HALF SAREE TREND, BEAUTY, WOMAN, HALF SAREE NEW TRENDS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.