ശിവഗിരി : ഗുരുദേവ ഭക്തനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്ന അന്തരിച്ച കുന്നംകരി സോമൻ പൂജാമുറിയിൽ നിധി പോലെ സൂക്ഷിച്ചിരുന്ന കസേര ഇനിമുതൽ ശിവഗിരി മഠത്തിൽ ഭക്തർക്ക് ദർശിക്കാനാവും വിധം സംരക്ഷിക്കും. ഗുരുദേവൻ കുട്ടനാട്ടിലൂടെ സഞ്ചരിച്ച വേളയിൽ ഇരിക്കുന്നതിനായി നിർമ്മിച്ച കസേര കൈമാറി സോമന്റെ പക്കലെത്തിയപ്പോൾ പൂജാമുറിയിൽ ഇടംപിടിക്കുകയായിരുന്നു. കസേര തന്റെ പക്കൽ ലഭ്യമായശേഷം തനിക്കും കുടുംബത്തിനും വലിയ പുരോഗതി കൈവന്നതായി കുടുംബം വിശ്വസിച്ചുപോരുന്നു. ഇക്കഴിഞ്ഞ ഒൻപതിനായിരുന്നു കുന്നംകരി സോമന്റെ വിയോഗം. കുന്നംകരി എസ്.എൻ.ഡി.പി. യോഗം ശാഖ സെക്രട്ടറി, പ്രസിഡന്റ്, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതിയംഗം എന്നിങ്ങനെ വിവിധ തുറകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സോമൻ ശിവഗിരി മഠത്തിന്റെയും ശാഖ സ്ഥാപനമായ മുഹമ്മ വിശ്വഗാജി മഠത്തിന്റെയും വികസന പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിച്ചിരുന്നു. മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീൺ ആർ. സോമൻ എന്നിവരാണ് നാളെ കസേര ശിവഗിരിയിൽ എത്തിക്കുക.
ജനകീയ ശുചീകരണ യജ്ഞം
തിരുവനന്തപുരം: പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളുകളിലും പരിസരത്തും ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു. ഇന്നലെ കരമന ഗവ. ബോയ്സ് എച്ച്.എസ്.എസിൽ മന്ത്രി വി.ശിവൻകുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ശുചീകരണ യജ്ഞത്തോടെയാണ് മുഴുവൻ സ്കൂളുകളും പ്രവേശനോത്സവത്തിനൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണത്തിൽ ജനപ്രതിനിധികൾ, അദ്ധ്യാപകർ, തൊഴിലാളികൾ, രക്ഷാകർത്താക്കൾ, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്സ് കേഡറ്റുകൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വിദ്യാർത്ഥി-യുവജന– മഹിളാ സംഘടനകൾ തുടങ്ങിവർ ഭാഗമാകും. 'മാലിന്യമുക്ത വിദ്യാലയം' എന്നതാണ് സർക്കാരിന്റെ മുദ്രാവാക്യം. പ്രവേശനോത്സവം പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷൈൻമോൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ്.ആർ.കെ, എസ്.എസ്.കെ ഡയറക്ടർ ഡോ.എ.സുപ്രിയ, വാർഡ് കൗൺസലർ മഞ്ജു.ജി.എസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.രാമചന്ദ്രൻ നായർ, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.വി.പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. സി.ഐ.ടിയുവിന്റെ നേതൃത്വത്തിൽ ചാല തമിഴ് സ്കൂളിലെ ശുചീകരണത്തിന് മന്ത്രി വി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് ആർ.രാമു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പുഷ്പലത, എൻ.സുന്ദരംപിള്ള, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റീന.എച്ച്.ആർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി.വി.എസ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |