മുണ്ടക്കയം: ഏന്തയാർ ഈസ്റ്റ് പാലം തകർന്നതിനെ തുടർന്ന് യാത്രാ ക്ലേശത്തിലായിരുന്ന മുക്കുളം, കനകപുരം, വടക്കേമല നിവാസികൾക്ക് ആശ്വാസമായി സ്വകാര്യ ബസ് താത്ക്കാലിക സർവീസ് ആരംഭിച്ചു.
ഇളംകാട് വഴി മറുകരയിൽ കയറി കനകപുരം വരെയാണ് സർവീസ്. പൂഞ്ഞാർ എം.എൽ.എമാരായ സെബസ്റ്റ്യൻ കുളത്തുങ്കൽ,വാഴൂർ സോമൻ, കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ ഇടപെടലും നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായാണ് ഇതുവഴി പ്രത്യേക പെർമിറ്റ് അനുവദിച്ച് ബസ് സർവീസിന് അനുമതി കിട്ടിയത്.
സർവീസ് ഇങ്ങനെ
രാവിലെ 7.45ന് മുണ്ടക്കയത്ത് നിന്നു ഏന്തയാർ ഈസ്റ്റിന് സർവീസ് ആരംഭിക്കും. 8.35ന് തിരികെ മുണ്ടക്കയം വഴി കോരുത്തോടിന് സർവീസ്, 11.14ന് വീണ്ടും മുണ്ടക്കയത്ത് നിന്നു ബസ് പുറപ്പെടും. 11.55ന് ഏന്തയാർ ഈസ്റ്റിൽ നിന്നു തിരികെ മുണ്ടക്കയത്തേക്ക്. വൈകുന്നേരം 5.20ന് മുണ്ടക്കയത്ത് നിന്നു വീണ്ടും സർവീസ് നടത്തും.
താത്കാലിക പാലം പൊളിച്ചു
പ്രളയത്തിൽ ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെ താത്കാലിക പാലം നിർമിച്ചിരുന്നു.എന്നാൽ പുതിയ പാലം നിർമാണം ആരംഭിച്ചതോടെ താത്ക്കാലിക പാലം പൊളിച്ചു നീക്കിയത് ജനത്തിന് ബുദ്ധിമുട്ടായിരുന്നു. പുതിയ ബസ് സർവീസ് ആരംഭിച്ചതോടെ വിദ്യാർത്ഥികളടക്കമുള്ളവരുടെ യാത്രാ ക്ലേശത്തിന് താത്ക്കാലിക പരിഹാരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |