SignIn
Kerala Kaumudi Online
Friday, 27 September 2024 2.31 PM IST

തളർന്നുപോയ ജീവിതത്തെ നേരെനിർത്താൻ വിനുവിന് താങ്ങ് വർണക്കുടകൾ,ഒപ്പം 'ഭൂമിയിൽ മുളയ്ക്കുന്ന' പേപ്പർ പേനകളും

Increase Font Size Decrease Font Size Print Page
vinu

'ജീവിതം ഒന്നുകിൽ ധീരമായൊരു സാഹസികതയാണ് അല്ലെങ്കിൽ ഒന്നുമല്ല' എന്നാണ് പ്രശസ്‌ത അമേരിക്കൻ ചിന്തകയും സാഹിത്യകാരിയുമായ ഹെലൻ കെല്ല‌ർ പറഞ്ഞിരിക്കുന്നത്. തനിക്ക് തടസമായ ശാരീരിക വെല്ലുവിളികളെ മറികടക്കണം എന്ന് തീരുമാനിച്ച ആ നിമിഷം വിനായക് എന്ന വിനു അത് മനസിലാക്കി. ജന്മനാ ശരീരം തളർന്ന് വീൽ ചെയറിലായിപ്പോയ കാലത്ത്‌നിന്നും തന്റെ കൊച്ചുകുടുംബത്തിന് താങ്ങും അഭിമാനവുമായി മാറിയ വിനുവിലേക്കുള്ള വളർച്ച കേവലം ഏഴ് വർഷങ്ങൾ കൊണ്ടാണ്.

കൊല്ലം അഞ്ചൽ തഴമേൽ സ്വദേശിയായ വിനു എന്ന വിനായകിന് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പുറംലോകവുമായി ബന്ധപ്പെടാനോ സജീവമായി ഇടപെടാനോ ചെറുപ്പത്തിൽ കഴിഞ്ഞിരുന്നില്ല. നാണംകുണുങ്ങിയ പ്രകൃതമായി വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന വിനുവിന്റെ ജീവിതം മാറ്റിമറിച്ചത് ഉണ്ണിമാഷ് എന്ന് വിനു സ്‌നേഹത്തോടെ വിളിക്കുന്ന ഉണ്ണികൃഷ്‌ണൻ സാറിനെ 2017ൽ പരിചയപ്പെട്ടതാണ്.

ദൈവതുല്യനായ ഉണ്ണിമാഷ്

കൊല്ലം സ്വദേശിയായ ഉണ്ണിമാഷിനെ വിനു ദൈവതുല്യനായ ഗുരുവായാണ് കാണുന്നത്. 2017ൽ ഉണ്ണിമാഷിന്റെ നിർദ്ദേശപ്രകാരം ടീച്ചറെത്തി കുടനിർമ്മാണം വിനുവിനെ പഠിപ്പിച്ചു. 'അംബർലാ ബൈ ഡിഫറന്റ്‌ലീ ഏബിൾ‌‌ഡ്-കേരള' എന്ന ഗ്രൂപ്പിൽ വിനു അംഗമായി. അന്നുമുതൽ ഇന്നുവരെ നല്ല രീതിയിൽ കുടനിർമ്മാണം നടത്തുന്നു.

umbrella

മൂന്നുതരം കുടകളാണ് കൈകൊണ്ട് നിർമ്മിക്കുന്നത്. നല്ലയിനം മെറ്റീരിയൽ ഉപയോഗിച്ച് ത്രീഫോൾഡ്, ലോംഗ് അമ്പ്രല്ല (കാലൻ കുടകൾ)​, കുട്ടികൾക്കുള്ള കുടകൾ ഇവ നിർമ്മിക്കുന്നുണ്ട്. 83040 95974 എന്ന നമ്പരിൽ വിളിച്ചോ വാട്‌സാപ് സന്ദേശമയച്ചോ ആവശ്യക്കാർക്ക് വിനുവിൽ നിന്ന്കുടകൾ വാങ്ങാം.

seed-pen

വിത്ത് പേന നിർമ്മാണം

ഉണ്ണി സാറിന്റെ തന്നെ നിർദ്ദേശാനുസരണം അഞ്ചൽ കരികോൺ സ്വദേശിയായ സുരേഷ് ബാബു എന്ന സാറാണ് പേപ്പർ കൊണ്ടുള്ള വിത്ത് പേന നിർമ്മാണം പഠിപ്പിച്ചത്. 95 ശതമാനം പേപ്പറും അഞ്ച് ശതമാനം പ്ളാസ്‌റ്റിക്കും അടങ്ങിയ പേനയിൽ പച്ചക്കറികളുടെ വിത്തും നിറക്കും. ഉപയോഗശേഷം ഭൂമിയിലേക്ക് വലിച്ചെറിയുമ്പോൾ വിത്ത് മണ്ണിൽ കിടന്ന് മുളച്ച് പച്ചക്കറികളാകും. ആദ്യകാലത്ത് ചീര, വഴുതന, മുളക്, തക്കാളി ഇവ ഉപയോഗിച്ചു. ഇപ്പോൾ മുളകും വഴുതനയുമാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രകൃതിക്കൊരു ദോഷവുമില്ലാത്തതാണ് വിനു നി‌ർമ്മിക്കുന്നവ.

കുടുംബത്തിന്റെ താങ്ങ്

അമ്മ സുപ്രഭയാണ് വിനുവിനൊപ്പം അഞ്ചലിൽ ഉള്ളത്. മുംബയിൽ ജോലിനോക്കുന്ന സഹോദരി വീണയും സഹോദരീ ഭർത്താവ് ശരതും മികച്ച പിന്തുണ വിനുവിന് നൽകുന്നുണ്ട്. സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ഒതുങ്ങിക്കൂടിയ വിനു തന്റെ തൊഴിൽ വഴി കൂടുതൽ ജനങ്ങളുമായി ഇന്ന് അടുപ്പം സ്ഥാപിച്ചുവരുന്നുണ്ട്. 2017ൽ സ്വന്തമായി വാഹനവും കിട്ടിയതോടെ പുറംലോകത്തിറങ്ങി ശക്തമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞു. ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ(എ.കെ.ഡബ്ളു.ആർ.എഫ്) എന്ന സംഘടനയിൽ അംഗമായി.

നാടിന്റെ സ്‌നേഹവും ആദരവും

പരിമിതികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറുന്ന വിനുവിനെ ജന്മനാട് ആദരിച്ചിട്ടുണ്ട്. 2019ൽ അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിലെ ചടങ്ങിൽ ആദരിച്ചു. 2022ൽ 'പരമ്പരാഗത അഞ്ചൽ നിവാസികളുടെ കൂട്ടായ്‌മ'യും ആദരിച്ചു.

തന്റെ അദ്ധ്വാനത്തിൽ നിന്നും ലഭിക്കുന്ന ഫലം കൊണ്ട് സന്തുഷ്‌ടനായി കഴിയുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള നിലപാട്. തന്റെ ജോലിയ്‌ക്ക് മൂലധനമില്ലായ്‌മ നല്ല രീതിയിൽ പ്രയാസം സൃഷ്‌ടിക്കുന്നുണ്ടെന്നും വിനു പറയുന്നു. മികച്ച രീതിയിൽ തൊഴിൽ മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യം എപ്പോഴുമുണ്ട്.

വായനയോടുള്ള ഇഷ്‌ടം

മോട്ടിവേഷൻ ബുക്കുകളും ആത്മകഥകളും നോവലുകളുമെല്ലാം ഇഷ്‌ടപ്പെടുന്നയാളാണ് വിനു. മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുൾ കലാമിന്റെ അഗ്നിചിറകുകൾ ഇഷ്‌ടമാണ്. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും അങ്ങനെ തന്നെ. കൈകാലുകളില്ലാത്ത ഓസ്ട്രേലിയൻ അമേരിക്കൻ മോട്ടിവേഷണൽ സ്‌പീക്കറായ നിക് എന്ന നിക്കോളാസ് വുജിചികിന്റെ 'ലൈഫ് വിത്തൗട്ട് ലിമിറ്റ്സ്' എന്ന പുസ്‌തകം വായിക്കാൻ വാങ്ങണമെന്ന് ഇപ്പോൾ ആഗ്രഹമുണ്ട്.

ഈ മഴക്കാലത്തും പുതിയ സ്‌കൂൾ വ‌ർഷത്തിലും ആവശ്യമായ കുടകളും പേപ്പർ പേനകളും തയ്യാറാക്കി വിനു തന്റെ അഞ്ചലിലെ വീട്ടിൽ ഇപ്പോഴും കർമ്മനിരതനായുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VINU V PILLAI, UMBRELLA MAKING, VEGITABLES PEN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.