സ്യൂട്ടും കോട്ടുമിട്ടാൽ എക്സിക്യൂട്ടിവ് ലുക്ക്, ഒരു ലുങ്കിയും ഷർട്ടുമിട്ടു വന്നാലോ തനി നാടൻ.. അങ്ങനെയുള്ള ഒരു നടനെ കിട്ടുമ്പോൾ പരമാവധി ഉപയോഗിക്കേണ്ടതല്ലേ എന്ന് തിരക്കഥാകൃത്ത് സജീവ് പാഴൂർ പറഞ്ഞത് ബിജു മേനോനെ കുറിച്ചാണ്. ജി. പ്രജിത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' കണ്ട ആരും പറയില്ല ബിജു മേനോന് വാർക്കപ്പണി അറിയില്ലെന്ന്. അത്ര മനോഹരമായാണ് താരം ആ കഥാപാത്രമായി മാറിയത്. ഓർഡിനറിയിൽ പാലക്കാടൻ ഭാഷ പറയുന്ന ഡ്രൈവർ സുകുവായും പടയോട്ടത്തിലെ തിരുവനന്തപുരം സ്ളാംഗ് പറയുന്ന ചെങ്കൽ രഘുവായും ഈ ചിത്രത്തിലെ കണ്ണൂർ ഭാഷക്കാരനായ സുനിയായും എങ്ങനെ മാറുന്നുവെന്ന് ചോദിച്ചപ്പോൾ തന്റെ സ്വതസിദ്ധമായ ചിരിയോടെ ബിജു മേനോൻ നൽകിയ മറുപടി ഇങ്ങനെ: "ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാകണമെന്ന് ആഗ്രഹത്തിൽ ചെയ്യുന്നതാണ്. പാലക്കാടൻ ഭാഷ എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഓർഡിനറിയിൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. തിരുവനന്തപുരം, കണ്ണൂർ ഭാഷകൾ പഠിപ്പിച്ചു തരാൻ ലൊക്കേഷനിൽ ആളുണ്ടായിരുന്നു. അവർ പറഞ്ഞത് ഞാൻ അനുകരിച്ചു. അത്രയേയുള്ളൂ. അതൊക്കെ പ്രേക്ഷകർ സ്വീകരിക്കുമ്പോഴാണ് സന്തോഷം''. ബിജു മേനോൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
മാമച്ചൻ നൽകിയ ഉത്തരവാദിത്തം
വെള്ളിമൂങ്ങ എന്ന സിനിമ ചെയ്യുന്നതുവരെ എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പക്ഷേ അക്സപ്റ്റൻസ് കുറവായിരുന്നു. ആ ചിത്രം ഇറങ്ങിയതോടെ സ്വീകാര്യത കൂടി. അതോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉത്തരവാദിത്തവും വന്നു. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അതുംകൂടി ശ്രദ്ധിച്ചു. ചിലർ സിനിമ കണ്ടിട്ട് പറയും കഥയൊക്കെ കൊള്ളാമായിരുന്നു പക്ഷേ, ഞങ്ങൾക്ക് ചിരിക്കാനുള്ള വകയുണ്ടായില്ലെന്ന്. അത് മാമച്ചൻ നൽകിയ ഉത്തരവാദിത്തമാണ്. ഇനിവരാനുള്ള സിനിമകളിലായാലും ചിരിയുടെ എലമെന്റ് ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. എന്തുചെയ്താലും അത് പ്രേക്ഷകർ സ്വീകരിച്ചാൽ മാത്രമേ കലാകാരന് സന്തോഷം ഉണ്ടാകൂ.
പ്രൊഡ്യൂസർക്ക് പണം കിട്ടണം
ഏത് സിനിമ വന്നാലും പ്രൊഡ്യൂസർക്ക് മുടക്കിയ പണം തിരികെ കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ട്. അതുകൊണ്ടുതന്നെ എന്നെ നായകനാക്കി മെഗാ പ്രോജക്ട് എന്തെങ്കിലും വന്നാൽ വലിയ ടെൻഷനായിരിക്കും. അതിനാൽ ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങളിൽ അഭിനയിക്കാനാണ് കൂടുതൽ താത്പര്യം. പിന്നെ നായകനായി മാത്രമേ അഭിനയിക്കൂ എന്ന് ഒരു നിർബന്ധവുമുള്ള ആളല്ല ഞാൻ. ചെറുതായാലും വലുതായാലും നെഗറ്റീവായാലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കണം അത്രയേയുള്ളൂ. പക്ഷേ, കഴിഞ്ഞ കുറച്ചുകാലമായി നായക കഥാപാത്രങ്ങളാണ് തേടിവരുന്നതിലധികവും. റിലീസ് ചെയ്യാനുള്ളതിൽ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അതിൽ റിട്ടയറാകാൻ ആറുമാസം മാത്രമുള്ള എ.എസ്.ഐ അയ്യപ്പനായാണ് എത്തുന്നത്. കോശിയാകുന്നത് പൃഥ്വിരാജാണ്. വളരെ നല്ല സബ്ജക്ടാണ് സിനിമയുടേത്. ലാലുവിന്റെ (ലാൽജോസ്) 25-ാമത് ചിത്രമായ 41, രാജീവ് രവിയുടെ തുറമുഖം, വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ജേക്കബിന്റെ ചിത്രം ആദ്യരാത്രി എന്നിവയും മികച്ച രീതിയിലാണ് കഥ പറയുന്നത്. ആദ്യരാത്രിയിൽ ഒരു കല്യാണ ബ്രോക്കറായാണ് അഭിനയിക്കുന്നത്.
നോ ഡയറ്റ്, തടിക്കാനുള്ള ശ്രമത്തിലാണ്
ഭാര്യ സംയുക്ത യോഗയുടെയും ഡയറ്റിന്റെയുമൊക്കെ ആളാണ്. പക്ഷേ ഞാൻ ആ വിഭാഗമേയല്ല. മതിയാകുന്നവരെ ഉറങ്ങും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. ശരീരം സംരക്ഷിക്കുമെന്നല്ലാതെ കൂടുതൽ കെയറില്ല. സച്ചിയുടെ സിനിമയ്ക്കു വേണ്ടി തടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. എന്തു കഴിക്കുമ്പോഴും നന്നായി ആസ്വദിച്ച് കഴിക്കും. അല്ലാതെ കാലത്ത് ആറുമണിക്ക് എണീക്കാനും വ്യായാമം ചെയ്യാനുമൊന്നും പറ്റില്ല. ഇതു പറയുന്നതുകൊണ്ട് ഞാനൊരു മടിയനോ ഉഴപ്പനോ ആണെന്ന് തെറ്റിദ്ധരിക്കണ്ട. ഒരു കൂൾ ഗൈയാണ്. അതിപ്പോൾ ഞാനായാലും സംയുക്തയായാലും മകനായാലും (ദക്ഷ് ധാർമിക്) ഹാപ്പിയായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. വലിയ വലിയ മോഹങ്ങളൊന്നും ഞങ്ങൾക്കില്ല. കൊച്ചു കൊച്ചു സന്തോഷങ്ങൾ മാത്രമേയുള്ളൂ. ആ സന്തോഷങ്ങൾ ഞങ്ങളെ എനർജറ്റിക്കാക്കുന്നു. ഒന്നിനും മത്സരമില്ല, കിട്ടുന്നതൊക്കെ ബോണസെന്ന് വിശ്വസിക്കുന്നു. ഒരു നടനാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഞാൻ നടനായി ഇവിടെയെത്തി നിൽക്കുന്നു. ഇതെല്ലാം ബോണസുകളാണ്. സോ.. ഞങ്ങൾ ഹാപ്പിയാണ്.
വിഷമം കാണാൻ പറ്റില്ല
ഒരാളുടെയും വിഷമം കാണാൻ കഴിയില്ല. സൗഹൃദങ്ങൾക്കൊക്കെ ഒരുപാട് വില കൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരെങ്കിലും വന്ന് വിഷമം പറഞ്ഞാൽ അവർക്കു വേണ്ടി പടങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അഭിനയിച്ചിട്ടുണ്ട്. അതിലൊന്നും വിഷമം തോന്നിയിട്ടില്ല. അഭിനയത്തിനപ്പുറം വലിയ ഉത്തരവാദിത്തങ്ങൾ എടുക്കാൻ വയ്യ. സംവിധായകനെന്നു പറഞ്ഞാൽ നമ്മൾ വിചാരിക്കുന്നത്ര ഈസിയല്ല കാര്യങ്ങൾ. അതിനാൽ സംവിധാന മോഹം ഇപ്പോൾ മനസിലില്ല. പിന്നെ നല്ല സബ്ജക്ടിന് പ്രൊഡ്യൂസറെ കിട്ടുന്നില്ല എങ്കിൽ സുഹൃത്തുക്കളുമായി ചേർന്ന് അത്തരം സിനിമകൾക്ക് പണം മുടക്കാൻ തയാറാണ്. അത്തരം സബ്ജക്ടുകൾ വരട്ടെ അപ്പോൾ നോക്കാം.
കൂവൽ കിട്ടിയിട്ടില്ല
ഒരു സീനിലായാലും നായകനായി വന്നാലും ഒരിക്കൽ പോലും തിയേറ്ററിൽ നിന്ന് പ്രേക്ഷകരുടെ കൂവൽ ലഭിച്ചിട്ടില്ല എന്നതു തന്നെയാണ് നടനെന്ന നിലയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. അതിൽ ഞാൻ ഒരുപാടുപേരോട് കടപ്പെട്ടിരിക്കുന്നു.