SignIn
Kerala Kaumudi Online
Friday, 27 September 2024 5.54 PM IST

കുവൈറ്റ് ദുരന്തം പാഠമാകണം ഒഴിവാക്കേണ്ട തീക്കളി

Increase Font Size Decrease Font Size Print Page
fire
fire

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ 25 മലയാളികളടക്കം 49 പേരുടെ മരിക്കാനിടയായ തീപിടിത്തം കുവൈറ്റിന് മാത്രമല്ല ലോകത്തിന് തന്നെ പാഠമാകണം. നമ്മുടെ കൊച്ചു കേരളവും സുരക്ഷിതമല്ലെന്ന വസ്തുതയും ഈ അവസരത്തിൽ വിസ്‌മരിക്കരുത്. കാരണം മറ്റൊന്നുമല്ല കേരളത്തിൽ ചെറുതും വലുതുമായി നിരവധി തീപിടിത്തങ്ങളുണ്ടായിട്ടുണ്ട്. ജീവഹാനിയും സംഭവിച്ചു. ഫ്ളാറ്റ് സമുച്ചയങ്ങൾ അടക്കം മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത വൻകിട കെട്ടിടങ്ങൾ കേരളത്തിലും വ്യാപകമാണ്. ഇവയ്ക്ക് ഫയർ ഫോഴ്സിൽ നിന്ന് അഗ്നിസുരക്ഷാ എൻ.ഒ.സി (നിരാക്ഷേപ പത്രം)​ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ 1500 ഓളം കെട്ടിടങ്ങൾ ഉണ്ടെന്നാണ് ഫയർ ഫോഴ്സിന്റെ അനൗദ്യോഗിക കണക്ക്. ഭൂരിഭാഗവും തിരുവനന്തപുരം,​ ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. സംസ്ഥാനമൊട്ടാകെ നോക്കിയാൽ പതിൻമടങ്ങാവും. ചില ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരം എൻ.ഒ.സി നൽകുന്നതായി ആക്ഷേപമുണ്ട്.

 സുരക്ഷിതമല്ല

സെക്രട്ടേറിയറ്റും മെഡി.കോളേജും

ഭരണസിരാകേന്ദ്രമായ തലസ്ഥാനത്തെ സെക്രട്ടേറിയറ്റും ഏറ്റവും കൂടുതൽ രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയും ഒട്ടും സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ അഗ്നിസുരക്ഷ കാലങ്ങളായുള്ള ആവശ്യമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ ആയിരക്കണക്കിന് ആളുകളാണ് നിത്യേന വന്നുപോകുന്നത്. വി.ഐ.പികളുടേതുൾപ്പെടെ വാഹനങ്ങളും. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും നാടിന്റെ വികസനവുമുൾപ്പെടുന്ന വിലപിടിപ്പുള്ള സർക്കാർരേഖകളും ലക്ഷക്കണക്കിന് ഫയൽശേഖരവും വേറെ. നൂറുകണക്കിന് ഓഫീസുകളിലായി അയ്യായിരത്തോളം ജീവനക്കാരും. എന്നാൽ, മതിയായ രീതിയിലുണ്ടാകേണ്ട അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നും സെക്രട്ടേറിയറ്റിലില്ല. പ്രാഥമിക അഗ്നിശമന ഉപകരണങ്ങളായ ഫയ‌ർ എക്സ്റ്റിൻഗുഷറുകൾ പ്രധാനപ്പെട്ട ഓഫീസുകളിലെല്ലാമുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ ജീവനക്കാ‌ർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടുമില്ല. അരഡസനോളം അഗ്നിശമന ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ മിനിവാട്ടർ ടെന്റർപോലും ഇവിടെയില്ല. പെട്ടെന്ന് തീപിടിത്തം ഉണ്ടായാൽ നേരിടാൻ തികച്ചും അപര്യാപ്തമാണ് ഇപ്പോഴത്തെ സംവിധാനം.

സുരക്ഷാ സംവിധാനങ്ങളും കുറവ്

ഇ- വേസ്റ്റുൾപ്പെടെ ലോഡുകണക്കിന് മാലിന്യങ്ങൾ സൂക്ഷിക്കുന്നിടത്തോ വാഹനങ്ങളുടെ പാ‌ർക്കിംഗ് ഏരിയയിലോ കാന്റീൻ പരിസരത്തോ അഗ്നി സുരക്ഷയ്ക്ക് യാതൊന്നുമില്ല. സെക്രട്ടേറിയറ്റ് വളപ്പിൽ തീപിടിത്തം തടയാൻ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനത്തിനാവശ്യമായ വെള്ളമില്ല. ചെങ്കൽ ചൂള ഫയർ സ്റ്റേഷൻ തൊട്ടടുത്തുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. പതിറ്റാണ്ടുകളുടെ പഴക്കവും ചരിത്ര പ്രാധാന്യവുമുള്ള ഈ സർക്കാർ കെട്ടിടത്തിൽ തടികൊണ്ടുള്ള നിർമ്മിതികൾ ഏറെയുണ്ട്. സെക്രട്ടേറിയറ്റിൽ നവീകരണത്തിന്റെ ഭാഗമായി പലതരത്തിലുള്ള ഉപകരണങ്ങൾ വ്യാപകമായി സജ്ജമാക്കാറുണ്ട്. അതിനുള്ള വൈദ്യുതി താങ്ങാൻ വയറിംഗ് സംവിധാനത്തിന് കഴിയില്ലെന്ന് ഫയർ ഫോഴ്സ് സൂചന നൽകിയിട്ടുണ്ട്. പക്ഷേ, പരിഹരിച്ചിട്ടില്ല. പല വാതിലുകളും തുറക്കാൻ കഴിയാത്തവിധം സ്ഥിരമായി ബ്ളോക്ക് ചെയ്തിരിക്കുകയാണ്. അത്യാഹിതം സംഭവിച്ചാൽ പുറത്തേക്കുള്ള രക്ഷാമാർഗങ്ങളാണ് ഇങ്ങനെ അടച്ചുവച്ചിരിക്കുന്നത്. ഫയർ എക്സ്റ്റിൻഗ്യൂഷറുകളും പരിമിതമാണ്. വർഷത്തിൽ രണ്ട് തവണ പരിശോധിച്ച് നിർദ്ദേശങ്ങളും ശുപാർശകളും റിപ്പോർട്ടായി അതത് ജില്ലാ കളക്ടർമാർക്ക് നൽകുന്നുണ്ടെങ്കിലും അത് കാര്യമായി എടുക്കാറില്ല.

കാലപ്പഴക്കം ചെന്ന ഇലക്‌ട്രിക് വയറിംഗ് സംവിധാനം, വീതികുറഞ്ഞ ഇടനാഴികൾ എന്നിവയുള്ള സെക്രട്ടേറിയറ്റും പരിസരവും തീപിടിത്തരഹിത മേഖലയാക്കാനുള്ള പരിശോധനകൾ നടത്തി സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. ഇത് കാലങ്ങളായുള്ള ആവശ്യമാണെങ്കിലും ഒരു സർക്കാരും ഇതിനായി ശക്തമായ ഇടപെടൽ നടത്തിയിട്ടില്ലെന്നതാണ് വസ്തുത. സെക്രട്ടേറിയറ്റ് വളപ്പിൽ സ്ഥിരമായി ഒരു ഫയർഫോഴ്സ് യൂണിറ്റിനെ നിയോഗിക്കുകയും തീപിടിത്തം മുൻകൂട്ടി അറിയാൻ കഴിയുന്ന സെൻസറുകളുൾപ്പെടെയുള്ള ആധുനിക അഗ്നിശമന ഉപകരണങ്ങൾ എല്ലാ ഓഫീസുകളിലും സ്ഥാപിക്കുകയും ചെയ്യണം.

ഏറ്റവും കൂടുതൽ രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ല. തുരുമ്പി പഴകിയ ഫയർ എക്സ്റ്റിൻഗ്യൂഷറുകളും പ്രവർത്തനരഹിതമായ വാട്ടർ സ്‌പ്രെയറുമാണ് അവിടെയുള്ളത്. വർഷത്തിൽ രണ്ട് തവണ ഫയർ ഓഡിറ്റ് നടത്തി ഫയർഫോഴ്സ് ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാൻ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും അത് നടപ്പാകാറില്ല. മെഡി.കോളേജിന് സമീപത്തുള്ള എസ്.എ.ടി ആശുപത്രി,​ തിരുവനന്തപുരം ജനറൽ ആശുപത്രി തുടങ്ങിയവയും തീപിടിത്ത ഭീഷണിയിൽ നിന്ന് മുക്തമല്ല. ജനറൽ ആശുപത്രിയുടെ ഒരുഭാഗം ഇപ്പോഴും പഴയ കെട്ടിടങ്ങളാണ്. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികൾ വരുന്ന ആശുപത്രിയാണിത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയും തീപിടിത്ത ഭീഷണിയിലാണ്. ഇവിടെ ഫയർ യൂണിറ്റും സൗകര്യങ്ങളും ഉണ്ടെങ്കിലും അടിയന്തര സഹാചര്യത്തിൽ രക്ഷപ്പെടാനുള്ള വാതിലുകൾ എല്ലാം തന്നെ സുരക്ഷയുടെ ഭാഗമായി ബ്ളോക്ക് ചെയ്തിരിക്കുകയാണ്. കൂടാതെ കോർപ്പറേഷൻ,​ പബ്ളിക് ഓഫീസ് എന്നിവിടങ്ങളിലും സുരക്ഷ വർദ്ധിപ്പിക്കേണ്ടതുണ്ട്.

 തീ അണച്ചാൽ മാത്രം പോര

തീപിടിക്കുമ്പോൾ അണയ്ക്കാൻ മാത്രമുള്ളതായി ഫയർഫോഴ്സ് വകുപ്പ് മാറരുത്. തീപിടിത്തം ഒഴിവാക്കാനുള്ള മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനും അവർ കൂടുതൽ ശ്രദ്ധ നൽകണം. എന്തെങ്കിലും വലിയ അപകടമുണ്ടായതിനു ശേഷമല്ല പരിശോധനയ്ക്കിറങ്ങേണ്ടത്. അതിന് മുമ്പുതന്നെ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും കർശന പരിശോധനകൾ നടത്താൻ തയ്യാറാകണം. തീപിടിത്തം തടയാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താൻ കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെയും മറ്റും പങ്കാളികളാക്കിക്കൊണ്ട് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാവും എന്നതിനെക്കുറിച്ച് നഗരസഭകളും ആലോചിക്കണം. സർക്കാരും ജനങ്ങളും ഒരേപോലെ ജാഗരൂകരായാൽ പല തീപിടിത്ത അപകടങ്ങളും ഒഴിവാക്കാനാകും. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെയും മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിൽ അതിനുള്ള കൂട്ടായ ശ്രമമാണ് ഉണ്ടാകേണ്ടത്.

ശ്രദ്ധിക്കാം ഇവ

 തീപിടിച്ചാൽ പരിഭ്രാന്തരാകാതെ പെരുമാറാൻ അവബോധം നൽകണം

 അഗ്നിശമന ഉപകരണം കൈകാര്യം ചെയ്യാൻ എല്ലാവരും പഠിക്കണം.

 വലിയ കെട്ടിടങ്ങളിൽ ഫയർ അലാറം ഓൺ ചെയ്യണം

തീ അണയ്ക്കലും സാധനങ്ങൾ മാറ്റലുമല്ല, സ്വയരക്ഷയാണ് പ്രധാനം

 അപകടസമയത്ത് ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക

പുറത്തിറങ്ങാനായാൽ 101ൽ വിളിക്കുക.

ആളുകളുടെ സഹായം അഭ്യർത്ഥിക്കുക

 കുടുങ്ങിക്കിടക്കുന്നവർക്ക് ഒച്ചവച്ച് നിർദ്ദേശങ്ങൾ നൽകരുത്, പരിഭ്രാന്തി കൂട്ടും

 പുക മൂടിയാൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യണം

 വൈദ്യുത കമ്പികളോ ഷോർട്ട് സർക്യൂട്ടോ ആണെങ്കിൽ വെള്ളത്തിൽ തൊടരുത്

 ഫയർ അലാറം, സ്‌മോക്ക് ഡിറ്റക്ടർ, ജലസ്രോതസ്സുകൾ, രാസവസ്തുക്കൾ തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.