അഞ്ചൽ: ഇടമുളയ്ക്കൽ കൈപ്പള്ളി ഐസ് പ്ലാന്റിന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റും മിനിലോറിയും കൂട്ടിയിടിച്ച്, മിനിലോറി ഡ്രൈവർ ഇടമാട് വേങ്ങൂർ സ്വാദേശി ഷിബു (37) മരിച്ചു. മിനി ലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേർ ഉൾപ്പെടെ 45 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8നായിരുന്നു അപകടം.
പുനലൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പോയ ബസും വെളിയത്തുനിന്നു റബ്ബർ തൈകളും കയറ്റി പുനലൂരിലേക്കു വരികയായിരുന്ന മിനി ലോറിയുമാണ് ഇടിച്ചത്. മിനി ലോറി തുടർന്ന് പോസ്റ്റിൽ ഇടിക്കുകയും ബസ് കൈത്തോട്ടിലേക്ക് ചരിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ വളരെ നേരം ശ്രമിച്ചാണ് ലോറിയിൽ കുടുങ്ങിയ ഷിബുവിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോറിയിൽ ഒപ്പമുണ്ടായിരുന്ന അമ്പലംകുന്ന് സ്വദേശിനിയും റബ്ബർ നഴ്സറി ജീവനക്കാരിയുമായ അമ്പിളിയെ (26) തിരുവനന്തപുരം മെഡി. ആശുപത്രിയിലും ലോറി ഉടമയെ പാരിപ്പള്ളി മെഡി. ആശുപത്രിയിലും പ്രേവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ അഞ്ചലിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രണ്ട് പേർ ഒഴികെയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. അഞ്ചൽ- ആയൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |