SignIn
Kerala Kaumudi Online
Friday, 27 September 2024 8.34 PM IST

സ്വാമി ശാശ്വതികാനന്ദയുടെ സമാധി വാർഷികം നാളെ,​ മതമില്ലാത്ത മാനവികത

Increase Font Size Decrease Font Size Print Page
saswathikanandha

മാനവി​കാധി​ഷ്ഠി​തമായ മതാതീത ആത്മീയതയുടെ വക്താവും പ്രചാരകനുമായിരുന്ന സ്വാമി ശാശ്വതികാനന്ദ, ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങളെ വിശ്വവിഖ്യാതമാക്കിയ വിശുദ്ധാത്മക്കളിൽ പ്രധാനിയാണ്. സമാധി പ്രാപിച്ച് 22 വർഷം പിന്നിടുമ്പോഴും ആ വ്യക്തിത്വ ചൈതന്യം ശക്തമായും ദീപ്തമായും നിലനിൽക്കുന്നു. നാടും ജനങ്ങളും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങളോടെയാണ് സ്വാമിയെ സ്മരിക്കുന്നത്. മനസ്സിന്റെ കരുത്തും വാക്കിന്റെ ശക്തിയും കർമ്മത്തിന്റെ ഊർജ്ജവും സമന്വയിച്ച സമഗ്ര ശോഭയാർന്ന വ്യക്തിത്വം. ശ്രീനാരായണ ദർശനം ലളിതമായി അവതരിപ്പിക്കാൻ കഴിയുന്ന ആ വാഗ്‌‌വിലാസം ആരിലും ആദരവുളവാക്കുന്നതാണ്. അത്ഭുതകരമായ ധിഷണാവൈഭവം, സ്നേഹമധുരവും വിനയാന്വിതവുമായ പെരുമാറ്റം.... സ്വാമി പ്രസരിപ്പിച്ച തത്ത്വപ്രകാശം ഒരിക്കലും അണയുന്നതല്ല. ആ ഓർമ്മ പോലും പ്രബുദ്ധമായൊരു പ്രചോദനമാണ്.

ശാശ്വതികാനന്ദ സ്വാമിയുമായി അടുത്തിടപെടാൻ ധാരാളം അവസരങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്. സ്നേഹത്തിന്റെ മധുരമുള്ള ആ അനുഗ്രഹ മുഹൂർത്തങ്ങൾ അസാധാരണമായ സ്മരണയാണ്. സമാധിക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്വാമിയോടൊപ്പം യാത്ര ചെയ്തതും,​ ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജിലെ ഗണപതി വിഗ്രഹത്തിനു മുന്നിൽ ദീപപ്രകാശനം നിർവഹിച്ചശേഷം കരുവാറ്റയിലെ എന്റെ ഭവനത്തിലെത്തിയതും,​ വീണ്ടും കാണാമെന്നു പറഞ്ഞ് യാത്രയായതുമെല്ലാം ഓർമ്മയുടെ താളുകളിൽ മായ്ക്കാനാവാത്തവിധം പതിഞ്ഞിട്ടുണ്ട്. ദീപ്തമായ പുഞ്ചിരിയോടെ മൃദുസ്വരത്തിലുള്ള സംഭാഷണവും ആ പ്രശോഭിത സാന്നിദ്ധ്യവും ആരെയും ആകർഷിക്കുന്നതാണ്.

ഗുരുദർശനത്തിൽനിന്ന് സാംശീകരിച്ച കാഴ്ചപ്പാടിന്റെ കർമ്മകാണ്ഡമായിരുന്നു സ്വാമിയുടെ ജീവിതം. ആദ്ധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിക്കാൻ കഴിഞ്ഞെങ്കിലേ മനുഷ്യപുരോഗതി സാദ്ധ്യമാകൂ. ആത്മീയവും ഭൗതികവുമായ ചിന്താധാരകളെ വ്യക്തിത്വ വികാസത്തിന്റെ വൈവിദ്ധ്യപൂർണങ്ങളായ മാർഗരേഖകളായാണ് സ്വാമി വിഭാവനം ചെയ്തത്. ഈ ഉൾക്കാഴ്ചയും സമന്വയ വീക്ഷണവുമാണ് ഗുരുദർശനത്തിൽ പ്രകാശിക്കുന്നതെന്ന സുചിന്തിതമായ കാഴ്ചപ്പാടാണ് അദ്ദേഹം സ്വീകരിച്ചത്. ജാതിയുടെ സങ്കുചിത ചിന്തകളും മതത്തിന്റെ വിഭാഗീയ ശാഠ്യങ്ങളും അരങ്ങുതകർക്കുന്ന സമകാലീന സന്ദർഭത്തിൽ മതവിമുക്ത ആത്മീയതയുടെ സന്ദേശ വാഹകനായാണ് സ്വാമി നിലകൊണ്ടത്.

ജാതീയമായ അടിമത്തം സ്ഥാപിക്കുന്നതിനുവേണ്ടി ആത്മീയതയെ ദുർവിനിയോഗം ചെയ്ത ചരിത്രപാഠം ഓർമ്മിപ്പിച്ചുകൊണ്ട് വിപുലമായ ഒരു ആശ്രയ പ്രചാരണ പദ്ധതിക്കാണ് സ്വാമി നേതൃത്വം നൽകിയത്. പുരോഗമനാത്മകവും ലക്ഷ്യോന്മുഖവുമായ ഒരു മുന്നേറ്റത്തിനാണ് അത് വഴിയൊരുക്കിയത്. ജാതിവ്യവസ്ഥയുടെ സ്മൃതിനിയമങ്ങൾക്കെതിരായ പോരാട്ടം കൂടിയായിരുന്നു അത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം ഏറ്റുമുട്ടാൻ ശ്രമിക്കുമ്പോൾ സാധാരണക്കാർ ഇന്ന് പകച്ചുനിൽക്കുകയാണ്. വിഭാഗീയ ചിന്താഗതികൾ കൊണ്ടും ശിഥിലീകരണ പ്രവണതകൊണ്ടും സങ്കുചിത ഭാവങ്ങൾ ഉൾക്കൊള്ളുന്ന മനസ്സുകളാണ് നമുക്കു ചുറ്റും ഇരുട്ട് നിറയ്ക്കുന്നത്.

ഈ ദുർഘടത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള രക്ഷാമന്ത്രമായാണ് ഗുരുധർമ്മത്തെ ശാശ്വതികാനന്ദ സ്വാമി ഉയർത്തിക്കാട്ടിയത്. ഗുരുദേവന്റെ സ്വതന്ത്ര ആത്മീയ ദർശന കാഴ്ചപ്പാട് സ്വീകരിക്കുന്നവർക്കു മാത്രമേ ജാതിചിന്ത ഇല്ലാതാക്കാനാകൂ എന്ന കാഴ്ചപ്പാടിന് അനുഭവത്തിന്റെ ആഴവും ആർജ്ജവവുമുണ്ട്. ആത്മീയ പ്രബുദ്ധതയിലൂടെ അനിഷേദ്ധ്യവും അനിവാര്യവുമാകുന്ന സഹജ പ്രതിഭാസമായാണ് ഗുരുദേവന്റെ ആത്മീയതയെ സ്വാമി നിർവചിച്ചത്. മതവിമുക്ത ആത്മീയതയുടെ അമര പ്രഭാവമാണ് ഗുരുദർശനത്തിന്റെ ശക്തിയും ഓജസും. ഗുരുധർമ്മത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന കാഴ്ചപ്പാടാണ് സ്വാമി സ്വീകരിച്ചത്. മതേതര ഭാരതവും സമാധാനപൂർണമായ ലോകവും പടുത്തുയർത്താൻ ഗുരുധർമ്മത്തെ ശരണീകരിക്കുക എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

ശാസ്ത്രീയവും ജീവിതഗന്ധിയുമായ മതേതര വീക്ഷണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സ്വാമിയുടെ നിരീക്ഷണ നിഗമനങ്ങൾക്ക് കാലം കഴിയുന്തോറും മഹിമയേറുകയാണ്. ഗുരുദർശനവീഥി മുൻനിറുത്തി സ്വാമി പ്രസരിപ്പിച്ച ജ്ഞാനരശ്മികൾ,​ വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ജീവിത സാഹചര്യങ്ങളിൽ അനിവാര്യമായ ആശയങ്ങൾ തന്നെയാണ്. ആ ശാസ്ത്രീയ ധാരണകളെ സമൂലം തിരുത്തി മതേതരത്വവും മാനവികതയും മുൻനിറുത്തിയുള്ള ശരിയായ മാർഗദർശനം കൂടിയാണത്. ശ്രീനാരായണ ധർമ്മത്തെ കാലഘട്ടത്തിന്റെ ഉണർത്തുപാട്ടും മഹാദർശനവുമാക്കിയ സന്യാസിയാണ് സ്വാമി ശാശ്വതികാനന്ദ. പ്രകാശപൂർണമായ ആ സ്മൃതിക്കു മുന്നിൽ പ്രണാമം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SASWATHIKANANDHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.