SignIn
Kerala Kaumudi Online
Saturday, 28 September 2024 6.40 AM IST

വെങ്കയ്യ നായിഡുവിന് എഴുപത്തിയഞ്ച്, സേവനത്തിന്റെ കർമ്മസത്യം

Increase Font Size Decrease Font Size Print Page
venkaiah-naidu-garu

നരേന്ദ്ര മോദി

പ്രധാനമന്ത്രി

ആദരണീയ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യ നായിഡു ഗാരുവിന് ഇന്ന് എഴുപത്തിയഞ്ച് തികയുന്നു. പൊതുസേവനത്തിനായുള്ള അർപ്പണബോധവും അചഞ്ചലമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന ഒരു നേതാവിന്റെ ജീവിതം ആഘോഷിക്കാനുള്ള അവസരമാണിത്. രാഷ്ട്രീയ രംഗത്തെ ആദ്യകാലം മുതൽ ഉപരാഷ്ട്രപതി പദവി വരെ വെങ്കയ്യ ഗാരുവിന്റെ കർമപാത ഇന്ത്യൻ രാഷ്ട്രീയത്തിലെ സങ്കീർണതകളെ അനായാസമായും വിനയത്തോടെയും തരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവിന് ഉദാഹരണമാണ്.

ഒന്നിച്ചുള്ള

പ്രവർത്തനം

വെങ്കയ്യ ഗാരുവും ഞാനും പതിറ്റാണ്ടുകളായി പരസ്പരം അറിയുന്നവരാണ്. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്, ഞാനും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ആളുകളോടുള്ള സ്‌നേഹമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പൊതുസ്വഭാവം. ആന്ധ്രാപ്രദേശിലെ വിദ്യാർത്ഥി നേതാവെന്ന നിലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ രംഗപ്രവേശനം. അദ്ദേഹത്തിന്റെ കഴിവും പ്രസംഗപാടവവും സംഘടനാ വൈദഗ്ദ്ധ്യവും കണക്കിലെടുക്കുമ്പോൾ ഏതു രാഷ്ട്രീയ പാർട്ടിയും അദ്ദേഹത്തെ സ്വാഗതം ചെയ്യുമായിരുന്നു. എന്നാൽ,​ രാഷ്ട്രം ആദ്യമെന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം സംഘപരിവാറുമായി ചേർന്ന് പ്രവർത്തിക്കുവാൻ ഇഷ്ടപ്പെട്ടു. ആർ.എസ്.എസുമായും എ.ബി.വി.പിയുമായും സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം പിന്നീട് ജനസംഘത്തെയും ബി.ജെ.പിയെയും ശക്തിപ്പെടുത്തി.

ഏതാണ്ട് അമ്പതു വർഷം മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ,​ അന്ന് യുവാവായ വെങ്കയ്യ ഗാരു അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിൽ മുഴുകി. ലോക്‌നായക് ജെ.പിയെ ആന്ധ്രയിലേക്ക് ക്ഷണിച്ചതിന് അദ്ദേഹം ജയിലിലായി. ജനാധിപത്യത്തോടുള്ള ഈ പ്രതിബദ്ധത അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ആവർത്തിച്ചു കാണാനാവും. 1980-കളുടെ മദ്ധ്യത്തിൽ മഹാനായ എൻ .ടി. ആറിന്റെ ഗവൺമെന്റിനെ കോൺഗ്രസ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടപ്പോൾ ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ മുൻനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു.

1978-ൽ ആന്ധ്രാപ്രദേശ് കോൺഗ്രസിന് വോട്ടു ചെയ്‌തെങ്കിലും ആ പ്രവണതയെ മറികടന്ന് അദ്ദേഹം യുവ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വർഷത്തിനു ശേഷം എൻ.ടി.ആർ സുനാമി സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോൾപ്പോലും അദ്ദേഹം ബി.ജെ.പി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ സംസ്ഥാനത്തുടനീളമുള്ള ബി.ജെ.പിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി.

ദേശീയ

നേതൃത്വം

വെങ്കയ്യ ഗാരുവിന്റെ പ്രസംഗം കേട്ടിട്ടുള്ളവർക്ക് ആ പ്രഭാഷണ വൈദഗ്ദ്ധ്യം മനസിലായിട്ടുണ്ടാകും. വാഗ്മിയെന്നതു പോലെ അത്രതന്നെ പ്രവർത്തനനിരതനുമാണ് അദ്ദേഹം. ഒരു യുവ എം.എൽ.എ ആയിരുന്ന കാലം മുതൽ, നിയമസഭാ കാര്യങ്ങളിൽ ചെലുത്തിയ ശ്രദ്ധയും ആർജ്ജവും കാരണം അദ്ദേഹം അന്നേ ബഹുമാനിക്കപ്പെട്ടിരുന്നു. അതികായനായ എൻ.ടി.ആർ, വെങ്കയ്യ ഗാരുവിന്റെ കഴിവ് ശ്രദ്ധിക്കുകയും തന്റെ പാർട്ടിയിൽ അദ്ദേഹം ചേരാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ വെങ്കയ്യ ഗാരു തന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കാൻ വിസമ്മതിച്ചു. ആന്ധ്രയിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തിയ അദ്ദേഹം സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനായി.

1990-കളിൽ ബി.ജെ.പി കേന്ദ്രനേതൃത്വം വെങ്കയ്യ ഗാരുവിന്റെ ശ്രമങ്ങൾ ശ്രദ്ധിക്കുകയും,​ 1993-ൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ഇതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ചുവടുവച്ചു. കൗമാരപ്രായത്തിൽ അടൽജിയുടെയും അദ്വാനിജിയുടെയും സന്ദർശന വിവരങ്ങൾ പ്രഖ്യാപിച്ച് ചുറ്റിനടന്നിരുന്ന ഒരാൾ അവരോടൊപ്പം നേരിട്ടു പ്രവർത്തിക്കുന്ന പദവിയിലേക്കു മാറിയത് ശരിക്കും ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ, പാർട്ടിയെ എങ്ങനെ അധികാരത്തിലെത്തിക്കാമെന്നതിലും രാഷ്ട്രത്തിന് ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയെ എങ്ങനെ നേടികൊടുക്കാമെന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഡൽഹിയിലേക്കുള്ള മാറ്റത്തിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല, പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി അദ്ദേഹം ഉയർന്നു.

ഗ്രാമത്തിന്റെ

ഹൃദയം

2000-ൽ, വെങ്കയ്യ ഗാരുവിനെ തന്റെ ഗവൺമെന്റിൽ മന്ത്രിയായി ഉൾപ്പെടുത്താൻ അടൽജി ആഗ്രഹിച്ചപ്പോൾ, ഗ്രാമവികസന മന്ത്രാലയത്തോടുള്ള തന്റെ മുൻഗണന വെങ്കയ്യ ഗാരു അറിയിച്ചു. ഇത് അടൽജി ഉൾപ്പെടെയുള്ളവരെ അമ്പരപ്പിച്ചു. കാരണം, നിങ്ങൾക്ക് ഏതു വകുപ്പ് വേണമെന്ന് ചോദിക്കപ്പെടുന്ന ഒരു നേതാവുണ്ടാവുകയും,​ അദ്ദേഹത്തിന്റെ മുന്തിയ താത്പര്യം ഗ്രാമീണ വികസനമാവുകയും ചെയ്യുക എന്നത് അദ്ഭുതകരമായിരുന്നു. പക്ഷേ, വെങ്കയ്യ ഗാരുവിന് തന്റെ തീരുമാനം വ്യക്തമായിരുന്നു! അദ്ദേഹം ഒരു കർഷകപുത്രനായിരുന്നു. തന്റെ ആദ്യകാലങ്ങൾ അദ്ദേഹം ഗ്രാമങ്ങളിൽ ചെലവഴിച്ചു. അതിനാൽ, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു മേഖലയുണ്ടെങ്കിൽ അദ്ദേഹത്തിന് അത് ഗ്രാമവികസനമായിരുന്നു.

വർഷങ്ങൾക്കു ശേഷം, 2014- ലെ എൻ.ഡി.എ ഗവൺമെന്റ് അധികാരമേറ്റപ്പോൾ, നഗരവികസനം, പാർപ്പിടം, നഗര ദാരിദ്ര്യ നിർമ്മാർജനം എന്നീ നിർണായക വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഞങ്ങൾ സുപ്രധാനമായ സ്വച്ഛ് ഭാരത് മിഷനും,​ നഗരവികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും ആരംഭിച്ചത്. ഒരുപക്ഷേ, ഇത്രയും വിപുലമായ കാലയളവിൽ ഗ്രാമനഗര വികസനത്തിനായി പ്രവർത്തിച്ച നേതാക്കളിൽ ഒരേയൊരാളാണ് അദ്ദേഹമെന്ന് പറയാനാവും.

പകരമില്ലാത്ത

പ്രതിഭ

2017-ൽ ഞങ്ങളുടെ സഖ്യം അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. മന്ത്രിസ്ഥാനവും എം.പി സ്ഥാനവും രാജിവച്ചപ്പോൾ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലൊന്ന് എനിക്ക് ഒരിക്കലും മറക്കാനാവില്ല. പാർട്ടിയുമായുള്ള ബന്ധവും അത് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും ഓർത്തപ്പോൾ അദ്ദേഹത്തിന് കണ്ണീരടക്കാനായില്ല. അത് അദ്ദേഹത്തിന്റെ,​ ആഴത്തിൽ വേരൂന്നിയ പ്രതിബദ്ധതയുടെയും അഭിനിവേശത്തിന്റെയും നേർക്കാഴ്ചയാണ് നൽകിയത്. ഉപരാഷ്ട്രപതിയായശേഷം പദവിയുടെ മഹത്വം വർദ്ധിപ്പിക്കുന്ന വിവിധ നടപടികൾ അദ്ദേഹം സ്വീകരിച്ചു.

യുവ എം.പിമാർക്കും വനിതാ എം.പിമാർക്കും ആദ്യമായി എം.പി ആകുന്നവർക്കും സംസാരിക്കാനുള്ള അവസരം ഉറപ്പാക്കിയ, രാജ്യസഭയുടെ മികച്ച അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. സഭയിലെ ഹാജരിന് അദ്ദേഹം ഏറെ ഊന്നൽ നൽകി. സമിതികളെ കൂടുതൽ ഫലപ്രദമാക്കുകയും സഭയിൽ ചർച്ചയുടെ നിലവാരം ഉയർത്തുകയും ചെയ്തു.

അനുച്ഛേദം 370 ഉം 35 (എ)-യും റദ്ദാക്കാനുള്ള തീരുമാനം രാജ്യസഭയിലെത്തിയപ്പോൾ, അദ്ധ്യക്ഷനായിരുന്നത് വെങ്കയ്യ ഗാരു ആയിരുന്നു. അത് അദ്ദേഹത്തിന് വളരെ വൈകാരികമായ ഒരു നിമിഷമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ഏകീകൃത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ആകർഷിക്കപ്പെട്ട ഒരു കുട്ടി, ഒടുവിൽ ആ സ്വപ്നം നേടിയെടുക്കുമ്പോൾ അതിന് ആദ്ധ്യക്ഷം വഹിക്കുകയായിരുന്നു!

ജോലിക്കും രാഷ്ട്രീയത്തിനും പുറമേ, വെങ്കയ്യ ഗാരു മികച്ച വായനക്കാരനും എഴുത്തുകാരനും കൂടിയാണ്. മഹത്തായ തെലുങ്ക് സംസ്‌കാരത്തെ ​ ഡൽഹിയിലെ ജനങ്ങൾക്കിടയിൽ, നഗരത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയായിരുന്നു അദ്ദേഹം. ശാരീരികക്ഷമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത,​ ഇപ്പോഴും ബാഡ്മിന്റൺ കളിക്കുന്നതിലും വേഗത്തിലുള്ള നടത്തം ആസ്വദിക്കുന്നതിലും കാണാം. ഉപരാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷവും വെങ്കയ്യ ഗാരു സജീവമായ പൊതുജീവിതം നയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടക്കുന്ന വിവിധ സംഭവങ്ങളിൽ,​ തനിക്കു താത്പ്പര്യമുള്ള വിഷയങ്ങളിൽ എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിക്കാറുണ്ട്. ഈ ജന്മ ദിനത്തിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന് ആശംസകൾ നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.