തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകനായ ആര്യാമ സുന്ദരം വ്യക്തമാക്കി. സമാനമായ മറ്റൊരു കേസിൽ നേരത്തെ ഹാജരായതിനാൽ ഇപ്പോഴത്തെ കേസിൽ ഹാജരാകാനില്ലെന്നാണ് ആര്യാമ സുന്ദരത്തിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിച്ചതായാണ് വിവരം.
ശബരിമലക്കേസിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ കോൺഗ്രസ് നേതാവ് മനുഅഭിഷേക് സിംഗ്‌വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കേസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടർന്നാണ് ആര്യാമ സുന്ദരത്തിലേക്ക് ദേവസ്വം ബോർഡ് നീങ്ങിയത്. കേസിൽ നിന്നും രണ്ടാമത്തെ അഭിഭാഷകനും പിന്മാറിയതോടെ ദേവസ്വം ബോർഡിന് ഇനി മറ്റൊരാളെ കണ്ടെത്തേണ്ടി വരും. പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികൾ നാളെ മൂന്ന് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പറ്റിയ ഒരാളെ കണ്ടെത്തുക ബോർഡിന് മുന്നിൽ വെല്ലുവിളിയാകും. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ നിലനിൽക്കുമോ എന്നായിരിക്കും നാളെ കോടതി പരിഗണിക്കുകയെന്നാണ് നിയമ വിദഗ്‌ദ്ധർ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |