പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷെെമിലി (30) മകൻ സമീറാം (ഒന്നരവയസ്) എന്നിവരാണ് മരിച്ചത്. വെള്ളിനേഴി പഞ്ചായത്തിലെ 13-ാം വാർഡിലെ പാറക്കുണ്ട് ഭാഗത്ത് ചെട്ടിയാർ തൊടി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഇവിടെ ജോലി ചെയ്യുകയായിരുന്നു ഷെെമിലിയും കുടുംബവും. വെട്ടുക്കല്ലിൽ നിർമിച്ച ആറടിയോള വലിപ്പമുള്ള ജലസംഭരണി തകർന്നതിനടിയിൽ പെട്ടാണ് മരണം സംഭവിച്ചത്.
പശുക്കൾക്ക് പുല്ലരിഞ്ഞ ശേഷം യുവതി കുഞ്ഞിനൊപ്പം ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപ്പിൽ നിന്ന് കെെകഴുകുമ്പോൾ സംഭരണി തകരുകയായിരുന്നു എന്നാണ് വിവരം. ഒന്നരവർഷം മുൻപാണ് ടാങ്ക് നിർമിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |