SignIn
Kerala Kaumudi Online
Tuesday, 23 July 2024 4.45 AM IST

തിരഞ്ഞെടുപ്പിൽ കാശ്‌മീർ ജനത കൂട്ടത്തോടെ വോട്ട് ചെയ്യാൻ വന്നതിന്റെ പ്രതികാരം, ഭീകരർ വീണ്ടും പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നതിന് പിന്നിൽ

kashmir-election

അതിർത്തി കടന്നെത്തുന്ന പാക് ഭീകരർ ഇന്ത്യൻ സായുധ സേനാംഗങ്ങൾക്കു നേരെ നടത്തുന്ന ആക്രമണം,​ സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങിക്കൊണ്ടിരിക്കുന്ന ജമ്മുകാശ്മീരിന് വീണ്ടും സുരക്ഷാഭീഷണി ഉയർത്തുകയാണ്. തിങ്കളാഴ്ച ജമ്മുവിലെ കത്വാ ജില്ലയിലെ മച്ചേദിയിൽ സേനാവ്യൂഹത്തിനു നേരെ നടന്ന ഒളി ആക്രമണത്തിൽ നാലു സൈനികരും ഒരു സി.ആർ.പി.എഫുകാരനും ഉൾപ്പെടെ അഞ്ച് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. രണ്ടുദിവസത്തിനിടെ ഭീകരരുടെ ആക്രമണമുണ്ടാകുന്നത് രണ്ടാം തവണയാണ്. ജൂണിനുശേഷം ഇതുവരെ അഞ്ചു വലിയ ഭീകരാക്രമണങ്ങളാണ് ഇന്ത്യൻ സേനയ്ക്ക് നേരിടേണ്ടിവന്നത്. തിങ്കളാഴ്ചത്തെ ആക്രമണത്തിനു പിന്നിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ എന്ന പാക് ഭീകരസംഘടനയാണെന്നാണ് സൂചന. ഹിസ്‌ബുൾ കമാൻഡറായിരുന്ന ബുർഹാൻ വാനി എട്ടുവർഷം മുൻപ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായിരുന്നു തിങ്കളാഴ്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം കാശ്‌മീരിൽ ഭീകരരുടെ ആക്രമണങ്ങൾ വീണ്ടും തലപൊക്കുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പൊതുതിരഞ്ഞെടുപ്പിൽ കാശ്‌മീർ ജനത കൂട്ടത്തോടെ വോട്ടുചെയ്യാൻ മുന്നോട്ടു വന്നിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷം പോളിംഗ് 58 ശതമാനമായി ഉയർന്നത് സ്ഥിതിഗതികൾ സാധാരണ നിലയിലാവുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. അധികം വൈകാതെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വോട്ടർമാരെ അകറ്റുക എന്ന ലക്ഷ്യത്തോടെയാകാം ഭീകരന്മാർ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കാശ്‌മീരിന്റെ പ്രത്യേകാവകാശങ്ങൾ റദ്ദാക്കിയ ഭരണഘടനാ ഭേദഗതിക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഭീകരഗ്രൂപ്പുകൾ വീണ്ടും തലപൊക്കാൻ തുടങ്ങിയത് ആപൽസൂചനയായി വേണം കാണാൻ.

ഈ വിധ്വംസക ശക്തികളെ നിർദ്ദാക്ഷിണ്യം നേരിടുക മാത്രമാണ് ഇതിനു പോംവഴി. ഭീകരർക്കെതിരായ നടപടികളിൽ ഭരണകൂടത്തിന് പൂർണ പിന്തുണ നൽകാൻ രാഷ്ട്രീയം വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്. ജമ്മുകാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്കു മടക്കിക്കൊണ്ടുവരാൻ അതീവ ശ്രമകരമായ ദൗത്യമാണ് വർഷമായി നടന്നുകൊണ്ടിരിക്കുന്നത് . ജമ്മുകാശ്‌‌മീരിന്റെ പ്രത്യേക പദവിയും അധികാരങ്ങളും രണ്ടാം മോദി സർക്കാർ എടുത്തുകളഞ്ഞതിനെതിരെ വലിയ പ്രക്ഷോഭമൊന്നും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. പ്രത്യേക പദവിയും അതുവഴി ലഭിച്ചിരുന്ന അമിത സമ്പത്തും ഇഷ്ടംപോലെ വച്ചനുഭവിച്ചുകൊണ്ടിരുന്ന,​ മാറി മാറി വന്ന ഭരണാധികാരികൾ മാത്രമാണ് ഇപ്പോഴും കേന്ദ്ര നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തുള്ളത്. വികസനം പാടേ നിലച്ചിരുന്ന കാശ്‌മീരിനെ വീണ്ടെടുക്കാനുള്ള യത്‌നത്തിൽ സാധാരണ ജനങ്ങൾ താത്‌പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സ്വന്തം ഭാഗധേയം നിർണയിക്കാനുള്ള അവസരമാണ് കാശ്‌മീർ ജനതയ്ക്ക് നൽകുന്നത്.

അതിർത്തി വഴി നുഴഞ്ഞെത്തുന്ന സായുധ പാക് ഭീകരർക്ക് പ്രാദേശിക തലത്തിൽ ഇപ്പോഴും സഹായം ലഭിക്കുന്നുണ്ടെന്നു വേണം കരുതാൻ. ഇന്ത്യൻ സേന ഇത്തരം ദേശവിരുദ്ധ ശക്തികളെ കണ്ടെത്താൻ നിരന്തരം റോന്തുചുറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാലും മലകളും കുന്നുകളും വനങ്ങളും നിറഞ്ഞ കാശ്‌മീർ പ്രദേശത്ത് ഒളിച്ചുകഴിയാനും തരം കിട്ടുമ്പോൾ ചാടിവീണ് ആക്രമിക്കാനും ഭീകരർക്ക് കഴിയുന്നു. പതിവുപോലെ കേന്ദ്ര സർക്കാരിനെ അതിഘോരമായി വിമർശിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നുണ്ട്. ജമ്മുകാശ്‌മീരിന്റെ സുരക്ഷിതത്വത്തിന് മോദി സർക്കാർ വലിയ വിനയായി മാറിയിരിക്കുകയാണെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിമർശനം. കാശ്‌മീർ സ്ഥിതിഗതികൾ നന്നായി അറിയാവുന്ന ഒരു നേതാവിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണ് ഇത്തരം അപക്വമായ വിമർശനം. പതിറ്റാണ്ടുകൾ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ജമ്മുകാശ്മീർ എങ്ങനെയായിരുന്നുവെന്ന കാര്യമെങ്കിലും അദ്ദേഹം ഓർക്കേണ്ടതായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KASHMIR TERROR ATTACK, TERROR ATACK, ELECTION, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.