SignIn
Kerala Kaumudi Online
Tuesday, 23 July 2024 5.26 AM IST

എ ഐ കോൺക്ലേവിന് വിജയാശംസകൾ

ai

ഐ.ടി മേഖലയിലെ പ്രമുഖ സ്ഥാപനമായ ഐ.ബി.എമ്മുമായി സഹകരിച്ച് സംസ്ഥാന സർക്കാർ ഇന്നും നാളെയുമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ജനറേറ്റീവ് എ ഐ കോൺക്ലേവ് സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ സാക്ഷാത്കരിക്കാനുള്ള സാർത്ഥകമായ ചുവടുവയ്പായിരിക്കും. അതുകൊണ്ടുതന്നെ ഐ. ടി. മേഖലയും, സ്റ്റാർട്ടപ്പ് സംവിധാനങ്ങളും വ്യവസായ പ്രമുഖരും നിക്ഷേപകരും അക്കാദമീഷ്യൻമാരുമൊക്കെ ഏറെ പ്രതീക്ഷകളോടെയാണ് ഈ കോൺക്ലേവിനെ നോക്കിക്കാണുന്നത്. കേരളത്തിന്റെ വ്യവസായ വികസന സാധ്യതകളെയും, അതുളവാക്കുന്ന സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തെയും മനസ്സിൽ താലോലിക്കുന്ന സാധാരണ മനുഷ്യരെ സംബന്ധിച്ചും കോൺക്ലേവ് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുന്നതാണ്. മാറിയ കാലത്തിന്റെയും ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും വിസ്മയകരമായ നേട്ടങ്ങൾ സാമൂഹ്യ ജീവിതം പുതുക്കിപ്പണിയാനും മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന പ്രതിജ്ഞാബദ്ധമായ കാഴ്ചപ്പാടാണ് ഈ സംരംഭത്തിന് വെളിച്ചം പകരുന്നത് എന്നതും ഏറെ പ്രതീക്ഷാ നിർഭരമാണ്.

ഇന്നു കാലവും ജീവിതവും അത്ഭുതകരമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേവലം കാൽ നൂറ്റാണ്ടുകൊണ്ടുതന്നെ കമ്പ്യൂട്ടർ സാങ്കേതികവിദ്യയും, ഡിജിറ്റൽ സാങ്കേതിക സാധ്യതകളും ജീവിതത്തെ മാറ്റി മറിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിന്റെ അഖിലാണ്ഡമണ്ഡലങ്ങളിലും പുത്തൻ സാങ്കേതികവിദ്യകൾ അധീശത്വം സ്ഥാപിക്കുന്നു . അവിശ്വസനീയമെന്ന മട്ടിലാണ് നിർമിത ബുദ്ധിയും, റോബോട്ടിക്സുമൊക്കെ നമ്മുടെ വീട്ടകങ്ങളിലേക്കുപോലും ചുവടുവച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇവയെ പരമാവധി നമ്മുടെ ജീവിത പുരോഗതിക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് ആശാസ്യം. 'എ ഐയുടെ പുതിയ ലോകം' എന്ന പേരിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഞങ്ങൾ പ്രസിദ്ധീകരിച്ച ലേഖന

പരമ്പര ഇതിലേക്ക് വെളിച്ചം പകരുന്നതായിരുന്നു.

രാജ്യത്തെ പ്രഥമ ഐ. ടി. പാർക്ക് നമ്മുടെ ടെക്നോപാർക്കാണ് എന്നത് അഭിമാനകരമാന്ന്. പിന്നീട് കൊച്ചി കാക്കനാട്ടെ ഇൻഫോപാർക്ക് ഈ മേഖലയിൽ വലിയ കുതിപ്പിനു സഹായകമായി. ഇതിന്റെ വരുംകാല സാധ്യതകൾ കാലേകൂട്ടി കണ്ടുകൊണ്ടുതന്നെയാണ് കഴിഞ്ഞ ബഡ്ജറ്റിൽ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുവച്ചത്. ജീവിത വിജയത്തിന് അറിവ് ആയുധമാണെന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചാണ് ഈ ഒരു പ്രോജക്ട് സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചിട്ടുള്ളത്. അത്തരം വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന സാക്ഷാത്കരിക്കാനുള്ള മുന്നേറ്റങ്ങളിൽ ഒരു തരം മാതൃകാ വ്യതിയാനം തന്നെ സൃഷ്ടിക്കാൻ രാജ്യാന്തര എ.ഐ. കോൺക്ളേവ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം .

രാജ്യത്തെ ഈ ദിശയിലെ വലിയ ഒരു ഒത്തുചേരലാണ് കോൺക്ളേവിൽ സംഭവിക്കുന്നത്. വ്യവസായ പ്രമുഖർ, പോളിസി മേക്കേഴ്‌സ്, ഇന്നവേറ്റർമാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പ് പ്രമോട്ടർമാർ, അക്കാദമീഷ്യന്മാർ എന്നിങ്ങനെ ഐ.ടി -എ.ഐ മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിദഗ്ധരൊക്കെ ഇതിൽ പങ്കെടുക്കുന്നുണ്ട്. അവർ രണ്ടു ദിവസങ്ങളിലായി നടത്തുന്ന സംവാദങ്ങളും പ്രബന്ധാവതരണങ്ങളും, ആശയവിനിമയങ്ങളും കൊടുക്കൽവാങ്ങലുകളുമൊക്കെ ഈ രംഗത്ത് ആഗോളമായിത്തന്നെ നടക്കുന്ന പ്രവണതകളെയും, മുന്നിൽ ഇതൾ വിരിയുന്ന സാധ്യതകളെയും പരിചയപ്പെടാനും ഉൾക്കൊള്ളാനും സഹായകമാകും. കോൺക്ളേവിന് ചുക്കാൻ പിടിക്കുന്ന സംസ്ഥാന വ്യവസായ വകുപ്പിനെയും അതിന് സമർത്ഥമായ നേതൃത്വം നൽകുന്ന മന്ത്രി

പി.രാജീവിനെയും ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്. വിവാദങ്ങളല്ല സംസ്ഥാനത്തിന് ആവശ്യം വികസനമാണ് എന്ന സന്ദേശം നൽകാൻ ഈ വിജ്ഞാന ഉച്ചകോടി വഴിയൊരുക്കട്ടെ.കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ജനറേറ്റീവ് എ.ഐ കോൺക്ളേവ് കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ പുത്തൻ സൂര്യോദയമാകട്ടെ എന്നാശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.