SignIn
Kerala Kaumudi Online
Tuesday, 23 July 2024 4.36 AM IST

ഇന്റർനാഷണൽ ജെൻ എ.ഐ കോൺക്ലേവിന് ഇന്ന് കൊച്ചിയിൽ തുടക്കം, സാദ്ധ്യതകളുടെ എ.ഐ ജാലകം തുറന്ന് കേരളം

ai

ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക് തിരുവനന്തപുരത്തു സ്ഥാപിച്ച് വിവര സാങ്കേതികവിദ്യയിൽ രാജ്യത്തിന് പുതുപാത തെളിച്ച കേരളം വീണ്ടുമൊരു ചരിത്രദൗത്യം ഏറ്റെടുക്കുകയാണ്. ഐ.ബി.എമ്മുമായി സഹകരിച്ച് സംസ്ഥാന സർക്കാർ 11, 12 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ജനറേറ്റീവ് എ.ഐ കോൺക്ലേവ് വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ യാത്രയിൽ വലിയ മന്നേറ്റമുണ്ടാക്കുന്ന ചുവടുവയ്പാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ)​ സാദ്ധ്യതകളും നൂതന വ്യവസായങ്ങളിൽ അതിന്റെ സ്വാധീനവും ചർച്ച ചെയ്യുന്ന സമ്മേളനം കേരളത്തിലും രാജ്യത്തും നിർമ്മിതബുദ്ധി വ്യവസായങ്ങളിൽ ഉണ്ടാകാൻ പോകുന്ന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി മാറും.


ലോകം മുഴുവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായങ്ങൾ വർദ്ധിച്ചുവരുന്ന ഘട്ടത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിന് ഏറെ പ്രസക്തിയുണ്ട്. വിവിധ മേഖലകളിൽ നിർമ്മിതബുദ്ധി ഉപയോഗിക്കുന്നതിൽ കേരളം മികവു തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യത്തെ ജെൻ എ.ഐ കോൺക്ലേവ് കൊച്ചിയിൽ നടക്കുന്നത്. നൂതന സാങ്കേതികവിദ്യാ സംരംഭങ്ങളിൽ നിർമ്മിത ബുദ്ധിയെക്കൂടി ഉപയോഗിക്കുന്നതിനും,​ ആധുനീകരണത്തിനൊപ്പം നവീന സാങ്കേതിക വിദ്യകളെക്കൂടി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധത ഈ സമ്മേളനം ഊട്ടിയുറപ്പിക്കും.


വ്യവസായ പ്രമുഖർ, നയരൂപീകരണ മേഖലകളിൽ പ്രവർത്തിക്കുന്നവർ, ഇന്നൊവേറ്റർമാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പ് പ്രൊമോട്ടർമാർ, അക്കാഡമിഷ്യന്മാർ തുടങ്ങിയവരുടെ ഒത്തുചേരലിന് സമ്മേളനം സാക്ഷ്യം വഹിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ബിസിനസ് സാങ്കേതികവിദ്യയിൽ നൈപുണ്യവും നെറ്റ്‌വർക്കിംഗ് തുടങ്ങിയ മേഖലകളിൽ മുന്നേറ്റവും കൈവരിക്കുന്നതിനുള്ള വേദിയായി ഇത് മാറും. ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലമായി കേരളത്തെ തിരഞ്ഞെടുത്ത വൻകിട കമ്പനികൾക്കൊപ്പം സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാർട്ടപ്പുകൾ, എം.എസ്.എം.ഇകൾ എന്നിവയും കോൺക്ലേവിന്റെ ഭാഗമാകും.

രാജ്യത്തെ മുൻനിര എ.ഐ ഡെസ്റ്റിനേഷനായി അതിവേഗം മാറുന്ന കേരളം ഈ മേഖലയിലെ നിക്ഷേപത്തിന് അനുകൂലമായ ആവാസ വ്യവസ്ഥയാണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച ഐ.ടി അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നൈപുണ്യമുള്ള മാനവവിഭവ ശേഷിയും കേരളത്തിന്റെ അനുകൂല ഘടകങ്ങളാണ്. 2023-ലെ വ്യാവസായ നയത്തിൽ എ.ഐയെ പ്രത്യേക പ്രാധാന്യം നൽകേണ്ട മേഖലയായി സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാന ബജറ്റിൽ അതിന് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബയോ ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇൻഡസ്ട്രി- 4.0 ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനാണ് കേരളത്തിന്റെ പുതിയ വ്യവസായ നയം ലക്ഷ്യമിടുന്നത്.


എ.ഐ അധിഷ്ഠിത സംരംഭങ്ങളുടെ വളർച്ചയ്ക്ക് സംസ്ഥാനത്ത് മികച്ച സാഹചര്യമാണുള്ളത്. നിക്ഷേപ സബ്സിഡി, സംസ്ഥാന ജി.എസ്.ടി റീഇംബേഴ്സ്‌മെന്റ്, എം.എസ്.എം.ഇകൾക്കുള്ള അപ്രന്റീസ്ഷിപ്പ് പദ്ധതി, പ്രത്യേക ഗ്രാന്റുകൾ, കുറഞ്ഞ പലിശനിരക്കുള്ള വായ്പകൾ, നികുതി ഇളവുകൾ എന്നിവയടക്കം 18 ഇൻസെന്റീവുകളാണ് ഇതിനായി വാഗ്ദാനം ചെയ്യുന്നത്. സാഫ്രാൻ, അത്താച്ചി, ഐ.വി.എം, ഡി സ്‌പേസ്, കോങ്സ്‌ബെർഗ്, വെൻഷ്വർ പോലുള്ള ആഗോള പ്രമുഖർ സംസ്ഥാനത്ത് നിക്ഷേപം ആരംഭിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് 2023 അവസാനം വരെ 18 മാസത്തിനുള്ളിൽ 1.7 ബില്യൺ ഡോളർ മൂല്യമാണ് സ്റ്റാർട്ടപ്പ് മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്. ഈ കാലയളവിലെ ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി കൂടുതലാണിത്. എ.ഐ മേഖലയിൽ 200-ൽ അധികം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്ക് പ്രാഗത്ഭ്യം തെളിയിക്കാനും ആഗോളതലത്തിലെ മന്നേറ്റങ്ങളും മാറ്റങ്ങളും അടുത്തറിയാനും ഉപദേശകരെയും നിക്ഷേപകരെയും കണ്ടെത്താനും മികച്ച അവസരമായിരിക്കും ഈ കോൺക്ലേവ്.

വിദ്യാഭ്യാസ മേഖലയിൽ എ.ഐ അധിഷ്ഠിത കോഴ്സുകളും ഗവേഷണങ്ങളും നടപ്പാക്കുന്നതിൽ സംസ്ഥാന
സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എ.ഐ, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് കോഴ്സുകളുള്ള ഇരുപതോളം കോളേജുകൾ സംസ്ഥാനത്തുണ്ട്. എ.ഐ, കോഡിംഗ് എന്നിവ ചെറിയ പ്രായത്തിൽത്തന്നെ പഠിപ്പിക്കുന്നതിലും സംസ്ഥാനം മുന്നിലാണ്. ഒന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ ഐ.ടി കോഡിംഗ് പരിചയപ്പെടുത്തിയ ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്. ക്ലാസ് മുറികളിൽ എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനായി 80,000 സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനുള്ള വിപുലമായ പരിപാടിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.


കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എം.എസ്.എം.ഇ മേഖല വലിയ മന്നേറ്റം നടത്തിയിട്ടുണ്ട്. എ.ഐ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് എം.എസ്.എം.ഇ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ വൈവിദ്ധ്യവത്കരിക്കുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിപണി വിപുലീകരിക്കുന്നതിനും സഹായിക്കും. കാർഷിക മേഖലയിൽ എ.ഐ സേവനങ്ങൾ നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന
ഖ്യാതിയും കേരളത്തിനു സ്വന്തമാണ്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകൾ തിരഞ്ഞെടുക്കുന്നതിനും കീടങ്ങളിൽ നിന്ന് വിളകൾക്ക് സംരംക്ഷണം നൽകുന്നതിനുമുള്ള നിർദേശങ്ങൾ കർഷകർക്ക് നൽകുന്നതിനുമെല്ലാം എ.ഐ സാദ്ധ്യതകൾ കേരളത്തിൽ ഉപയോഗിച്ചുവരുന്നു.

ലോകത്തിലെ മികച്ച എ.ഐ പ്രതിഭകളുള്ള മൂന്നാമത്തെ ടാലന്റ് പൂൾ ആകാനുള്ള സാദ്ധ്യത ഇന്ത്യയ്ക്കുണ്ടെന്ന് ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏത് സാങ്കേതിക വിദ്യയെയും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. ബിസിനസ് സേവനങ്ങളും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് എ.ഐ സംവിധാനങ്ങൾ സ്വീകരിക്കുന്നതിനു പുറമെ കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യ വെല്ലുവിളികൾ, ദാരിദ്ര്യ നിർമ്മാർജനം തുടങ്ങിയ വലിയ ആശങ്കകൾ പരിഹരിക്കാനും എ.ഐ പ്രയോജനപ്പെടുത്താം. കേരളത്തെ രാജ്യത്തെ എ.ഐ ഹബ്ബ് ആക്കിമാറ്റുന്നതിന് ജെൻ എ.ഐ കോൺക്ലേവ് തുടക്കം കുറിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.