SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

കനൽച്ചിലമ്പിന്റെ കനലാട്ടം

Increase Font Size Decrease Font Size Print Page
kanalattam

വായിച്ചും ശ്രവിച്ചും ആസ്വദിക്കുന്ന കവിതയുടെ അനുഭൂതി കാഴ്ചയിലൂടെ അറിയിക്കുന്ന മാന്ത്രികത! സരസ്വതി സമ്മാൻ ജേതാവായ പ്രഭാവർമ്മയുടെ വിഖ്യാത കാവ്യാഖ്യായിക 'കനൽച്ചിലമ്പ്" കനലാട്ടം എന്ന പേരിൽ നാടകമായി അരങ്ങിൽ കണ്ടപ്പോൾ വിസ്മയഭരിതനായി. നടനും നാടക സംവിധായകനും സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് മുൻ മേധാവിയുമായ ഡോ. രാജാ വാര്യർ സംവിധാനം നിർവഹിച്ച കനലാട്ടം, അർപ്പണ ഫൗണ്ടേഷനാണ് അവതരിപ്പിച്ചത്. നാടകത്തിൽ പ്രധാന കഥാപാത്രമായ പാൽക്കാരിയായി എത്തിയത് പ്രശസ്ത നടി ഗിരിജ സുരേന്ദ്രൻ.


പാൽക്കാരി എന്ന കഥാപാത്രത്തിന്റെ ഭൂതകാല ജീവിതത്തെ അനാവരണം ചെയ്യുന്നതോടൊപ്പം സ്ത്രീത്വത്തിന്റെ നിസ്സഹായതയും ഈ നാടകം വെളിവാക്കുന്നു. പ്രണയത്തിന്റെയും മാതൃത്വത്തിന്റെയും പരകോടിയിൽ വ്യാപരിച്ചിരുന്ന ഒരു സ്ത്രീയെ അധികാരത്തിന്റെയും സമ്പത്തിന്റെയും കൂച്ചുവിലങ്ങുകളിൽ തളച്ചിടുമ്പോൾ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞ് അവൾ ഉറഞ്ഞുതുള്ളുന്നു. വർത്തമാനകാലത്തു നിന്ന് അവൾ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് കനൽവഴികളാണ്. ആ വഴികളെ കനൽച്ചിലമ്പ് എന്ന മഹാകാവ്യത്തിലൂടെ പ്രഭാവർമ്മ ആഖ്യാനം ചെയ്തതുപോലെ ഈ നാടകത്തിലും ആവിഷ്‌കരിച്ചിരിക്കുന്നു.

പ്രതിപാദന അഭിനയത്തിൽ (Presentational Acting) തുടങ്ങി പ്രാതിനിദ്ധ്യ അഭിനയത്തിൽ (Representational Acting) എത്തിച്ചേരുന്ന നാടകം നടിയിൽ നിന്ന് കഥാപാത്രത്തിലേക്കുള്ള സഞ്ചാരമാണ്. ഏകപാത്ര അഭിനയശൈലിയാണ് അവലംബിച്ചിരിക്കുന്നതെങ്കിലും വിവിധ അഭിനയ,​ നൃത്തസങ്കേതങ്ങളിലൂടെ കനൽച്ചിലമ്പ് എന്ന മഹാകാവ്യത്തെ അതിന്റെ ബഹുസ്വരതയിൽ കാണാനായി. കനലാട്ടം എന്ന നാടകം ഒരർത്ഥത്തിൽ കനൽച്ചിലമ്പ് എന്ന മഹാകാവ്യത്തിന്റെ പുനർവായനയാണ്. മറ്റൊരർത്ഥത്തിൽ വ്യാഖ്യാനമാണ്. നടി കഥാപാത്രത്തെ വ്യാഖ്യാനിക്കുന്ന അപൂർവതയാണ് ഇവിടെ കാണുക.


പുരുഷ കേന്ദ്രീകൃതമായ ഈ ലോകത്ത് പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെ പ്രതീകമാണ് കനൽച്ചിലമ്പ് എന്ന മഹാകാവ്യത്തിലെ നായികയായ പാൽക്കാരി. അവൾക്കു പേരില്ല. എന്നാൽ മറ്റെല്ലാവരെയും പോലെ അവൾക്കും വിചാരവും വികാരവുമുണ്ട്. അതിനെ തച്ചുടച്ചുകൊണ്ടാണ് കാലം മുന്നോട്ടു പോകുന്നത്. അതിന് കാരണക്കാരാകുന്നത് സഹജീവികളാണ്. ബാല്യംതൊട്ട് കൗമാരംവരെ സ്വപ്നങ്ങളെ താലോലിച്ചവൾ അധികാരത്തിന്റെ ചങ്ങലയാൽ ബന്ധിതയാകുന്നു. ഭർത്താവിൽ നിന്നും വളർച്ച മുറ്റാത്ത കുഞ്ഞിൽനിന്നും അവളെ വേർപിരിക്കുന്നു. കുഞ്ഞ് മരണപ്പെടുമ്പോഴും ഭർത്താവ് കുറ്റം ചുമത്തപ്പെട്ട് കാരാഗൃഹത്തിൽ അടക്കപ്പെടുമ്പോഴും അവളുടെ നെഞ്ചിനുള്ളിലെ നെരിപ്പോട് എരിഞ്ഞുകൊണ്ടിരുന്നു.

എന്നാൽ,​ പകപോലും പുറത്തു കാട്ടാനാകാതെ, അനേകം ഭാര്യമാരിൽ ഇവളേയും ഒരുവളാക്കിയ സമ്പന്നന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നവൾ എന്ന വ്യഥ അവളെ അലട്ടുന്നുണ്ട്. എല്ലാം വിധിയെന്നു പഴിച്ച് മുന്നോട്ടുപോകുമ്പോൾ അവൾ കെട്ടിയാടുന്നത് വിവിധ വേഷങ്ങളാണ്. മകൾ, ഭാര്യ, അമ്മ, വേശ്യ, പാൽക്കാരി. ഇതെല്ലാം ആടിത്തീർക്കുമ്പോഴും സഹജീവികൾക്ക് ഇവളാരെന്നോ ഇവളുടെ കഥയെന്തെന്നോ അറിവില്ല. തന്റെ അതിജീവനത്തിന്റെ പാൽക്കുടം തകരുമ്പോൾ മഹാകവി ചോദിച്ച ചോദ്യം തന്നെ നടിയും ചോദിക്കുന്നു. പാൽക്കുടം ഉടഞ്ഞപ്പോൾ പാൽക്കാരി ചിരിച്ചതെന്തിന്? നടി ഗിരിജാ സുരേന്ദ്രൻ ഈ സമസ്യയ്ക്കുള്ള ഉത്തരം അഭിനയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത് വിസ്മയകരമായ അനുഭവമായിരുന്നു.


ലോക ക്ലാസിക് നാടകങ്ങളും വിശ്വപ്രസിദ്ധമായ യഥാർത്ഥ നാടകങ്ങളും അതുപോലെതന്നെ തനതു ശൈലിയിലുള്ള നാടകങ്ങളും ഒരുപോലെ തനിക്ക് വഴങ്ങുമെന്നു തെളിയിച്ച ഡോ. രാജാ വാര്യർ 'കനൽച്ചിലമ്പി"ലൂടെ അത് ഒരിക്കൽക്കൂടി ബോദ്ധ്യപ്പെടുത്തുന്നു. നാടകത്തിലും നൃത്തത്തിലും പ്രതിഭ തെളിയിച്ച അനുഗൃഹീത കലാകാരി ഗിരിജാ സുരേന്ദ്രൻ (അപർണ) തന്നിലെ അഭിനേത്രിയെ ശക്തമായി തിരിച്ചറിയിക്കുന്നു, ഈ നാടകത്തിലൂടെ. സമകാലീന നാടകവേദിയിലെ ശ്രദ്ധേയനായ യുവനാടകകൃത്തും നടനുമായ ഡോ. ആരോമലാണ് മഹാകാവ്യത്തിന് നാടകീയാവിഷ് കാരം നൽകിയിട്ടുള്ളത്. കാവാലം സജീവിന്റെ ആലാപനവും ഗിരീഷ് ചന്ദ്രന്റെ ദീപവിന്യാസവും സതീഷ്.കെ. നാരായണന്റെ സംഗീത നിർവഹണവും പ്രദീപ് അയിരുപ്പാറയുടെ രംഗവിതാനവും ശോഭാ സുരേന്ദ്രന്റെ വേഷവിതാനവും 'കനലാട്ട"ത്തെ ചേതോഹരമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LITERATURE, BOOKS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LITERATURE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.