തിരുവനന്തപുരം: വേനല്‍ക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ബില്‍ വളരെ കൂടുതലായിരുന്നു. ഉയര്‍ന്ന വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് വേനല്‍ക്കാലത്ത് രേഖപ്പെടുത്തിയത്. എന്നാല്‍ മഴക്കാലത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും ബില്ലില്‍ കാര്യമായ കുറവ് വന്നില്ല. ഇതോടെ കെഎസ്ഇബി ജനങ്ങളെ പിഴിയുകയാണെന്ന ആരോപണവും ശക്തമാണ്. അനാവശ്യമായി ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് പണം പിരിക്കുന്നുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
മുമ്പ് എല്ലാ മാസവും ബില്‍ നല്‍കിയിരുന്നതിന് പകരം ഇപ്പോള്‍ രണ്ടുമാസം കൂടുമ്പോഴാണ് കെ.എസ്.ഇ.ബി. വൈദ്യുതി ബില്‍ നല്‍കിവരുന്നത്. രണ്ടുമാസം കൂടുമ്പോള്‍ ബില്‍ ഇടുന്നതുമൂലം ഉപഭോഗം മിനിമം സ്ലാബിന് മുകളിലേക്ക് പോകുന്നുവെന്നും അതുവഴി കെഎസ്ഇബിക്ക് അമിത ലാഭമുണ്ടാകുന്നുവെന്നുമാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്. മീറ്റര്‍ റീഡിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് വൈദ്യുതി ബില്‍ രണ്ട് മാസത്തിലൊരിക്കലാക്കി മാറ്റിയത്.
ഇതാദ്യമായിട്ടല്ല സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിനെതിരെ ഇത്തരത്തില്‍ അമിത ബില്‍ ഈടാക്കുന്നുവെന്ന ആക്ഷേപമുണ്ടാകുന്നത്. ഈ വിഷയത്തില്‍ മുമ്പ് കെഎസ്ഇബി നല്‍കിയ വിശദീകരണം, ബില്‍ ലഭിക്കുന്നത് രണ്ട് മാസത്തിലൊരിക്കല്‍ ആണെങ്കിലും ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്‍ജ്ജ് കണ്ടെത്തിയശേഷം അതില്‍ നിന്നാണ് ബില്‍ കാലയളവിലെ തുക കണ്ടെത്തുന്നത് എന്നായിരുന്നു.
ഇനി ബില്ലിനൊപ്പം ഡ്യൂട്ടി ഫ്യൂവല്‍ സര്‍ചാര്‍ജ്, മീറ്റര്‍ വാടക എന്നിവയും ഉള്‍പ്പെടുത്തും. ആകെ ഉപയോഗിച്ച വൈദ്യുതിക്ക് നല്‍കേണ്ട ബില്ലിന്റെ 10 ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഇതിനൊപ്പം യൂണിറ്റിന് ഒന്‍പതുപൈസ എന്ന നിലയിലാണ് ഫ്യൂവല്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. 12 രൂപയാണ് മീറ്ററിന്റെ വാടക. കെഎസ്ഇബി നല്‍കുന്ന മീറ്ററിനാണ് വാടക ഈടാക്കുന്നത്. അല്ലാത്ത മീറ്ററുകള്‍ക്ക് വാടകയില്ല. മീറ്റര്‍ വാടകയ്ക്ക് 12 ശതമാനമാണ് ജി.എസ്.ടി ഇനത്തില്‍ ഈടാക്കുന്നത്, അതും ബില്ലില്‍ ഉള്‍പ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |