SignIn
Kerala Kaumudi Online
Sunday, 29 September 2024 7.31 PM IST

വ്യോമ, ധന മേഖലകളെ വിറപ്പിച്ച് സൈബർ തകരാർ

Increase Font Size Decrease Font Size Print Page
cyber

നഷ്ടം ലക്ഷം കോടി ഡോളർ കവിഞ്ഞേക്കും

കൊച്ചി: മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേഷനിലുണ്ടായ ആഗോള സൈബർ തകരാറിൽ ലോകത്തിലെ വ്യോമ, ധന, മാദ്ധ്യമ മേഖലകൾക്ക് ലക്ഷം കോടി ഡോളറിലധികം നഷ്ടം നേരിട്ടതായി പ്രാഥമിക വിലയിരുത്തൽ. ആഗോള സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്ക് വരുത്തിയ അപ്ഡേഷൻ വഴി മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റം ഉപയോഗിക്കുന്ന ലോകത്തിലെ വിവിധ സ്ഥാപനങ്ങളുടെ കംപ്യൂട്ടറുകളിലുണ്ടായ തകരാറാണ് വിമാന യാത്രകളെയും ബാങ്കുകൾ, സ്‌റ്റോക്ക് ബോക്കിംഗ് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചത്. കംപ്യൂട്ടറുകൾ പണിമുടക്കിയതോടെ യു.എസിലും യൂറോപ്പിലും ആസ്ട്രേലിയയിലും ബിസിനസ് സേവനങ്ങൾ തടസം നേരിട്ടു. വിമാന കമ്പനികളുടെ ടിക്കറ്റിംഗ് മുതൽ ചെക്ക് ഇൻ വരെ സൈബർ തകരാർ മൂലം അവതാളത്തിലായി. പല സർവീസുകളും അനിശ്ചിതമായി വൈകി.

സാങ്കേതിക പ്രശ്നങ്ങൾ മൂലം ലോകമെമ്പാടുമുള്ള ബാങ്കിംഗ്, ധന സേവന മേഖലകളിൽ വ്യാപകമായ തടസങ്ങൾ നേരിട്ടു. രാജ്യത്തെ മുൻനിര സ്‌റ്റോക്കിംഗ് സ്ഥാപനങ്ങളിൽ ഓഹരി ഇടപാടുകൾ നടത്തുന്നതിനും പ്രശ്നങ്ങൾ നേരിട്ടുവെന്ന് ഉപഭോക്താക്കൾ പറയുന്നു.

വെള്ളിയാഴ്ച രാവിലെ മുതൽ അമേരിക്കയിലെ വിവിധ വ്യോമയാന കമ്പനികൾ ഫ്ളൈറ്റ് സർവീസുകൾ നിറുത്തിവെച്ചു. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, വിസ്താര, ആകാശ, സ്പൈസ് ജെറ്റ് എന്നിവയുടെ പ്രവർത്തനങ്ങളും തടസപ്പെട്ടു.

ഇൻഡിഗോ 200 വിമാന സർവീസുകൾ റദ്ദാക്കി

സൈബർ തകരാർ കണക്കിലെടുത്ത് പ്രമുഖ എയർലൈനായ ഇൻഡിഗോ ഇന്ത്യയൊട്ടാകെ 200 സർവീസുകൾ റദ്ദാക്കി. ലോക വ്യാപകമായി വ്യോമയാന സിസ്‌റ്റത്തിലുണ്ടായ പാളിച്ചകളുടെ പ്രതിഫലനമാണ് ഇന്ത്യയിലെ സർവീസുകളെയും ബാധിച്ചതെന്ന് കമ്പനി അറിയിച്ചു. റദ്ദാക്കിയ സർവീസുകളുടെ റീഫണ്ടുകൾ വൈകുമെന്നും അവർ പറയുന്നു.

സാധാരണ നിലയിലാകാൻ താമസിക്കും

സൈബർ തകരാറിന്റെ കാരണങ്ങൾ കണ്ടെത്തി പ്രശ്‌നം പരിഹരിച്ചുവെങ്കിലും വ്യോമയാന മേഖല സാധാരണ നിലയിലാകാൻ ദിവസങ്ങൾ വേണ്ടിവരും. വ്യാപകമായി സർവീസുകൾ റദ്ദാക്കിയതിനാൽ ഇതിന്റെ അനുരണനങ്ങൾ ലോകത്തെ മൊത്തം വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചു. ഓൺലൈനായി തകരാർ പരിഹരിക്കുന്നതിന് പരിമിതികളുണ്ടാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മാനുവലായി സിസ്‌റ്റം സാധാരണ നിലയിലേക്ക് മാറ്റേണ്ടിവരുമെന്നും അവർ പറയുന്നു.

ഇന്ത്യൻ ബാങ്കുകളെ ബാധിച്ചില്ല

ആഗോള സൈബർ തകരാർ ഇന്ത്യയിലെ പത്ത് ബാങ്കുകളെ മാത്രമാണ് നേരിയ തോതിൽ ബാധിച്ചതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഉപഭോക്ത്യ സേവനങ്ങളെ ബാധിക്കാതിരിക്കാൻ മുൻകരുതൽ വേണമെന്ന് നേരത്തെ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.