തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന പൂർത്തിയാക്കുന്നതിന് പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, യൂത്ത് കോൺഗ്രസിന്റെ ലേബലിൽ അനർഹരെയും പ്രായപരിധി കഴിഞ്ഞവരെയും തിരുകിക്കയറ്റാൻ നീക്കമെന്ന ആക്ഷേപവുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തി.
പാർട്ടി പുന:സംഘടനയിൽ യൂത്ത് കോൺഗ്രസിന്റെ പത്ത് പ്രതിനിധികളെ ഉൾപ്പെടുത്തുന്നതാണ് രീതി. ഇതിന്റെ മറവിൽ, അഖിലേന്ത്യാ ചുമതലയുള്ള ചില നേതാക്കൾ താല്പര്യമുള്ളവരെ ഉൾപ്പെടുത്തിയുള്ള പട്ടിക കെ.പി.സി.സി നേതൃത്വത്തിന് കൈമാറിയെന്നാണ് പരാതി. ഇതിനെതിരെ കെ.പി.സി.സിക്കും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. മാനദണ്ഡങ്ങൾക്ക് പോലും അന്തിമ ധാരണയുണ്ടാക്കാനാവാതെ വന്നതോടെ, കെ.പി.സി.സി പുന:സംഘടന നീളുമെന്നുറപ്പായി.
യൂത്ത് കോൺഗ്രസിന്റെ പട്ടിക സംഘടനയുടെ അഖിലേന്ത്യാ അദ്ധ്യക്ഷൻ കേരളത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽസെക്രട്ടറിക്ക് കൈമാറുന്നതാണ് പതിവ്. എന്നാൽ രാഹുൽ ഗാന്ധിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ കേശവ് ചന്ദ് യാദവും രാജിവച്ചതോടെ ഇപ്പോൾ അഖിലേന്ത്യാ അദ്ധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. കേന്ദ്രനേതൃത്വത്തിലെ ചിലരെ സ്വാധീനിച്ച് പട്ടിക നേരിട്ട് കെ.പി.സി.സിക്ക് കൈമാറിയെന്നാണ് ആരോപണം. നിലവിലെ സംസ്ഥാനകമ്മിറ്റിയിൽ നിന്ന് സി.ആർ. മഹേഷ്, ആദം മുൽസി, സജി ജോസഫ് എന്നിവരെ മാത്രമാണ് ഉൾപ്പെടുത്തിയതത്രെ. പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് അനിൽ തോമസ്, പത്തനംതിട്ട ഡി.സി.സിയിലെ റിങ്കു ചെറിയാൻ, മറ്റൊരു മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹി ദീപ്തിമേരി വർഗ്ഗീസ്, കോട്ടയം ജില്ലയിലെ അജീഷ് ബെൻമാത്യു, നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവിലുള്ള ആർ.വി. രാജേഷ്, വിനോദ് കൃഷ്ണ തുടങ്ങിയവരാണ് ബാക്കി ഏഴ് പേരിൽ. കോളേജദ്ധ്യാപകനായ അജീഷ് ബെൻ സജീവരാഷ്ട്രീയത്തിൽ പോലുമില്ലത്രെ.. അഖിലേന്ത്യാ ജനറൽസെക്രട്ടറി രവീന്ദ്രദാസ്, പി.ബി. ശ്രീനിവാസ് എന്നിവരാണ് യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ ചുമതലക്കാരായുള്ളത്.
പാർട്ടിയിൽ യുവജനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസിന് അവകാശപ്പെട്ട സ്ഥാനങ്ങൾ പലരും തട്ടിയെടുക്കുകയാണെന്ന് സംസ്ഥാന നേതാക്കളുടെ പരാതി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം പ്രത്യേകസാഹചര്യത്തിലുണ്ടായതാണ്. സംഘടനാബലം കൊണ്ടല്ല. പാർട്ടിയുടെ സംഘടനാസംവിധാനം ഇപ്പോഴും നിർജ്ജീവമാണ്. മറ്റ് പല പരിഗണനകളുടെയും പേരിൽ അനർഹരെ നേതൃത്വത്തിലേക്കെത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്.
കെ.പി.സി.സി പുന:സംഘടനയിൽ ജംബോ കമ്മിറ്റികൾ വേണ്ടന്നതിൽ മാത്രമാണ് നേതൃതലത്തിൽ ധാരണയായിട്ടുള്ളത്. ജനപ്രതിനിധികൾ ഭാരവാഹിത്വത്തിലെത്തുന്നതും വർക്കിംഗ് പ്രസിഡന്റുമാർ വേണോയെന്നതുമെല്ലാം സംബന്ധിച്ച് ധാരണയായിട്ടില്ല. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ചർച്ച നടത്തുമെന്ന് അറിയിച്ചെങ്കിലും ഇരുവരും തലസ്ഥാനത്തില്ലാതിരുന്നതിനാൽ നടന്നില്ല. ചർച്ച ഇന്ന് നടക്കും. .