തൃശൂർ: പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിംഗുകൾ എന്നിവ നീക്കിത്തുടങ്ങി. റോഡുവക്കുകളിലെ എല്ലാ ബോർഡുകളും നീക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മാറ്റിയിരുന്നില്ല. തുടർന്നാണ് നടപടികളിലേക്ക് നീങ്ങുന്നത്. ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഗമായി സ്ഥാപിച്ച ബോർഡുകൾ പോലും പലയിടത്തുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അദ്ധ്യക്ഷനായി. കെ. സിദ്ദിഖ്, പി.എസ്. ദീപക്ക്, കെ.ഐ. മാർട്ടിൻ, വി.പി. സോജൻ, വി. ഹരികൃഷ്ണൻ, എ.എൽ. നീരജ് പ്രകാശം തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് മുതൽ സ്‌പെഷ്യൽ ഡ്രൈവ്
ഇന്ന് മുതൽ ജൂലായ് 31 വരെ അനധികൃത ബോർഡുകളും, ബാനറുകളും നീക്കുന്നതിന് തദ്ദേശ സ്ഥാപനതല സമിതി 'സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് എൻജിനിയർ എന്നിവരാണ് പരിശോധനയ്ക്കുണ്ടാകും. അനധികൃത ബോർഡ് സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തി കേസെടുക്കും. അനുമതിയോടെ സ്ഥാപിച്ചതും പരിപാടി കഴിഞ്ഞതുമായ എല്ലാ ബോർഡുകളും ബാനറുകളും നീക്കും.
പരിശോധനകൾ തുടരണം
അനധികൃത ബോർഡുകൾ, ബാനറുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് നീക്കണം. ബോർഡുകളും ബാനറുകളും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ബോർഡ് നിർമ്മിക്കുന്ന കക്ഷികളുടെ പേരും, വിലാസവും ഏത് സ്ഥാപനത്തിനാണെന്ന വിവരവും (ക്യൂ.ആർ കോഡ്) ഉൾപ്പടെ രേഖപ്പെടുത്താൻ നിർദ്ദേശം നൽകണം. ഓരോ തദ്ദേശസ്ഥാപനതലത്തിലും സ്വീകരിക്കുന്ന നടപടികളുടെയും, നീക്കം ചെയ്യുന്ന വസ്തുക്കളുടെയും കണക്കുകൾ കൃത്യമാക്കി സൂക്ഷിക്കണം.
നീക്കിയത് 757 സാമഗ്രികൾ
ജൂണിൽ 90 തദ്ദേശ സ്ഥാപനങ്ങളിലായി 603 അനധികൃത ബോർഡുകളും, 121 ബാനറുകളും, 29 കൊടിത്തോരണങ്ങളും, നാല് ഹോർഡിംഗുകളും നീക്കി. കുന്നംകുളം മുനിസിപ്പാലിറ്റി, ഒരുമനയൂർ, പാണഞ്ചേരി, വലപ്പാട് പഞ്ചായത്തുകൾ പരിശോധന പോലും നടത്തിയിട്ടില്ല.
പിഴ ഈടാക്കിയത്
പിഴ ചുമത്തിയത്
ദേശീയ പാതകളിൽ പ്രത്യേക ടീം
ദേശീയപാതകളിൽ സ്ഥാപിച്ചിട്ടുളള അനധികൃത ബോർഡുകൾ പരിശോധിച്ച് നീക്കുന്നതിന് ഒരു ടീം പ്രവർത്തിക്കുന്നതായി ദേശീയ പാത അതോറിറ്റി പ്രതിനിധികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |