കൊച്ചി: നഗരത്തിനോടൊപ്പം സമീപപ്രദേശങ്ങളുടേയും വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര ഗതാഗത രൂപരേഖയുടെ കരട് ചര്‍ച്ച ചെയ്തു. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കരട് ചര്‍ച്ചയായത്. യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പം പൊതുജനങ്ങളും പങ്കെടുത്തു. തുടര്‍ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍, കൊച്ചിയോട് ചേര്‍ന്നുകിടക്കുന്ന ഒന്‍പത് നഗരസഭാ കൗണ്‍സിലുകള്‍, 29 പഞ്ചായത്തുകള്‍ എന്നിവ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തയ്യാറാക്കും. നിയോജകമണ്ഡലം അടിസ്ഥാനത്തിലും യോഗംചേരും.
യോഗത്തിലെ പ്രധാനപ്പെട്ട ചര്‍ച്ച നടന്നത് കൊച്ചി മെട്രോയുടെ നീട്ടല്‍ സംബന്ധിച്ചാണ്. അങ്കമാലിയിലേക്കും ഒപ്പം കൊച്ചി വിമാനത്താവളത്തിലേക്കും മെട്രോ റെയില്‍ നീട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശാലമായ ചര്‍ച്ച നടന്നു. ആലുവയില്‍ നിന്നാണ് മെട്രോ റെയില്‍ ആരംഭിക്കുന്നത്. ഇത് അങ്കമാലിയിലേക്കും വിമാനത്താവളത്തിലേക്കും നീട്ടിയാല്‍ വലിയ നേട്ടമുണ്ടാകുമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. നിരവധി ട്രെയിനുകള്‍ക്ക് വിമാനത്താവളത്തിനോട് ചേര്‍ന്ന് സ്‌റ്റോപുകളില്ല.
റെയില്‍വേ ഇക്കാര്യം ആലോചിക്കുന്നുണ്ടെങ്കിലും അത്തരമൊരു പദ്ധതിക്ക് സമയമെടുക്കും. ട്രെയിനില്‍ എറണാകുളം സൗത്തിലോ ആലുവയിലോ ഇറങ്ങുന്ന വിമാനത്താവളത്തിലേക്ക് പോകാനുള്ള യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് മെട്രോയില്‍ വിമാനത്താവളത്തിലേക്ക് എത്താനായാല്‍ അത് വലിയ നേട്ടമാണ്. അതോടൊപ്പം തന്നെ അങ്കമാലിയില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് വരുന്നവര്‍ ഒരിക്കലും ആലുവയില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ കയറാന്‍ നില്‍ക്കില്ല.
കൊച്ചി നഗരം അങ്കമാലി വരെ വളര്‍ന്നു കഴിഞ്ഞുവെന്നും അതിനാല്‍ ഭാവി കൂടി മുന്നില്‍ക്കണ്ട് അവിടേക്ക് മെട്രോ റെയില്‍ നീട്ടണം എന്ന നിര്‍ദേശമാണ് പ്രധാനമായും ഉയര്‍ന്നത്. നഗരത്തിലെ പാര്‍ക്കിംഗ് ഏരിയയുടെ അപര്യാപ്തത, ശരിയായ പാര്‍ക്കിംഗ് മാനേജ്മെന്റ് സംവിധാനത്തിന്റെ അഭാവം,ഗതാഗതക്കുരുക്ക്, സബര്‍ബന്‍ ട്രെയിന്‍ പദ്ധതി, ഇടപ്പള്ളിമുതല്‍ അരൂര്‍റൂട്ടില്‍ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നീ ആവശ്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |