തിരുവനന്തപുരം:വൈസ്ചാൻസലർ നിയമനത്തിന് സെനറ്റ് / സിൻഡിക്കേറ്റ് പ്രതിനിധിയെ നൽകാതെ യൂണിവേഴ്സിറ്റികൾ നിസഹകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.
ആറ് വി.സിമാരുടെ നിയമനത്തിന് യു.ജി.സി, ചാൻസലർ പ്രതിനിധികൾ മാത്രമുള്ള രണ്ടംഗ സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചെങ്കിലും നാലെണ്ണത്തിന്റെ അംഗീകാരം ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കിയെടുക്കാനുള്ള ഹർജിക്കൊപ്പമാവും ഗവർണർ വാഴ്സിറ്റികളുടെ നിസഹകരണം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകുക.
വാഴ്സിറ്റികളുടെ ചാൻസലറായ ഗവർണർ സർവകലാശാലകൾക്കെതിരേ ഇത്തരത്തിൽ നീങ്ങുന്നത് ആദ്യമായാണ്. ഒരു ഡസനിലേറെ തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാതെ വാഴ്സിറ്റികൾ കള്ളക്കളി നടത്തുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തുന്നു. വി.സി നിയമനത്തിൽ സർക്കാരിന് ഒരു റോളുമില്ലെന്നാണ് ഗവർണറുടെ നിലപാട്.
ആരോഗ്യ സർവകലാശാലയിലൊഴികെ 12വാഴ്സിറ്റികളിലും സ്ഥിരം വി.സിയില്ലാതെ പ്രൊഫസർമാരുടെ ഇൻ-ചാർജ് ഭരണമാണ്. അക്കാഡമിക്, ഭരണ കാര്യങ്ങളിലടക്കം ഇത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണറുടെ സെർച്ച്കമ്മിറ്റിക്ക് ബദലായി സാങ്കേതികം, വെറ്ററിനറി വാഴ്സിറ്റികളിൽ സർക്കാരും സെർച്ച്കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്.
യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി ചെയർമാന്റെ പ്രതിനിധി മാത്രമാണ് നിർബന്ധമായും ഉണ്ടാവേണ്ടതെന്നും വാഴ്സിറ്റി പ്രതിനിധി അനിവാര്യമല്ലെന്നും ഗവർണർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടും.
വാഴ്സിറ്റിയുമായി ബന്ധപ്പെട്ട ആരും സെർച്ച്കമ്മിറ്റിയിൽ ഉണ്ടാവരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം വി.സി നിയമനം സർക്കാരിന്റെ അധികാരമാണെന്ന് വ്യാഖ്യാനിച്ചാണ് സർക്കാർ സെർച്ച്കമ്മിറ്റികളുണ്ടാക്കുന്നത്.
കേരള സെനറ്റ്: ഗവർണറുടെ
നാമനിർദ്ദേശത്തിന് സ്റ്റേയില്ല
കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ നാല് വിദ്യാർത്ഥികളെ നാമനിദ്ദേശം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചു. നാമനിർദ്ദേശം സംബന്ധിച്ച ഫയലും വിദ്യാർത്ഥികളുടെ വിശദാംശങ്ങളും പരിശോധിച്ചശേഷമാണ് സ്റ്റേ നിരസിച്ചത്. എ.ബി.വി.പിക്കാരെയാണ് നാമനിർദ്ദേശം ചെയ്തതെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകരാണ് ഹർജി നൽകിയത്.
അതത് മേഖലയിൽ സമർത്ഥരായ വിദ്യാർത്ഥികളെയാണ് നാമനിർദ്ദേശം ചെയ്തതെന്ന് ഗവർണർക്കായി ഹാജരായ അഡ്വ.എസ്. ശ്രീകുമാർ കോടതിയെ അറിയിച്ചു .
കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഈ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനാകും.
മതംമാറ്റം സ്കൂൾ രേഖകളിൽ
ഉൾപ്പെടുത്താൻ ഉത്തരവ്
കൊച്ചി: മതംമാറിയ സഹോദരങ്ങൾക്ക് വിദ്യാഭ്യാസ രേഖകളിൽ തിരുത്തൽ വരുത്തി നൽകാൻ ഹൈക്കോടതി ഉത്തരവ്. ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ച് ക്രിസ്തു മതം സ്വീകരിച്ച ഏലൂർ മഞ്ഞുമ്മൽ സ്വദേശികളായ എസ്. ലോഹിത്, ലോജിത് എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. സ്കൂൾ സർട്ടിഫിക്കറ്റിൽ പേരും മതവും മാറ്റാൻ അപേക്ഷ നൽകിയെങ്കിലും പേര് മാത്രം മാറ്റിയ പരീക്ഷാ കമ്മിഷണറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി. അപേക്ഷ വീണ്ടും പരിഗണിച്ച് ഒരു മാസത്തിനകം സ്കൂൾ രേഖകളിൽ മതം മാറ്റം രേഖപ്പെടുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |