ഫാസ്റ്റ്ട്രാക് എമിഗ്രേഷന്‍ നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളം
20 സെക്കന്റില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) വിദേശ യാത്രികര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംവിധാനം ഒരുങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ് ട്രാക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം ഒരുക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് സിയാല്‍.
പരീക്ഷണാര്‍ത്ഥം ജൂലായ് 29ന് തുടങ്ങുന്ന പദ്ധതി ആഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും. ഡെല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞമാസം ഫാസ്റ്റ്ട്രാക് എമിഗ്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ബ്യൂറോ ഒഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് ചുമതല. ആഗമന, പുറപ്പെടല്‍ മേഖലകളില്‍ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍. നിലവില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കും സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനാകും.
ഉപയോഗിക്കേണ്ട വിധം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്താല്‍ ബയോമെട്രിക് എന്റോള്‍മെന്റ് നടത്താം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ വിമാനത്താവളത്തിലെ എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും എമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. തൃപ്തികരമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയിലും എമിഗ്രേഷന്‍ നടപടികള്‍ സ്മാര്‍ട്ട് ഗേറ്റിലൂടെ നടത്താം.
പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റിലെത്തിയാല്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം തിരിച്ചറിഞ്ഞ് ഇമിഗ്രേഷന്‍ നടപടി 20 സെക്കന്റില്‍ പൂര്‍ത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |