ശിവഗിരി : കർക്കടക വാവിനോടനുബന്ധിച്ച് ആഗസ്റ്റ് 3ന് ശിവഗിരിയിൽ ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്ന് അനവധിപേർ അന്നേദിവസം ശിവഗിരിയിൽ എത്തിച്ചേരും. മഹാഗുരുപൂജ, ഗുരുപൂജ തുടങ്ങി ശാരദാമഠത്തിലും മഹാസമാധിയിലും നടത്തേണ്ട വഴിപാടുകൾക്ക് ഭക്തർക്ക് യാതൊരു വിധ തടസ്സങ്ങളും നേരിടാതെ നിർവ്വഹിക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചുതുടങ്ങി. മുൻ വർഷങ്ങളിലേതിനെക്കാൾ കുറേക്കൂടി സൗകര്യങ്ങൾ ഉറപ്പാക്കും. പ്രത്യേക വാഹനങ്ങളിൽ എത്തുന്നവർക്കായി തീർത്ഥാടന ഓഡിറ്റോറിയത്തിന് ഇരുവശവും സമീപപ്രദേശങ്ങളിലുമായി കുറ്റമറ്റ പാർക്കിംഗ് സംവിധാനം ഉണ്ടാകും.
ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ ബ്രഹ്മചാരിമാർ, മറ്റു വൈദികർ ഉൾപ്പെടെയുള്ളവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഗുരുധർമ്മപ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും കർമ്മയോഗയുടെയും വോളന്റിയേഴ്‌സിന്റെ സേവനം ലഭ്യമാകും. മറ്റ് ഭക്തജനങ്ങൾക്കും സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. തലേന്ന് വന്നു ചേരുന്നവർക്കു വ്യവസ്ഥകൾക്ക് വിധേയമായി താമസസൗകര്യമുറപ്പാക്കും. കൂട്ടമായി എത്തുന്നവർക്ക് തിരക്കൊഴിവാക്കുന്നതിന് പേരും നക്ഷത്രവും രേഖപ്പെടുത്തി മുൻകൂറായും കൗണ്ടറിൽ നല്കാനാകും. ഗുരുപൂജാ പ്രസാദത്തിലേക്കുള്ള കാർഷികവിളകളും പലവ്യഞ്ജനങ്ങളും ഭക്തർക്ക് ഗുരുപൂജാ മന്ദിരത്തിന് സമീപമുള്ള ഉത്പന്ന സമർപ്പണ മന്ദിരത്തിൽ നൽകാവുന്നതാണ്. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ .ഒ: ഫോൺ: 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |