തെന്നിന്ത്യയിൽ സ്വന്തമായി സ്ഥാനം ഉറപ്പിച്ച നായിക നടിയാണ് സദ സയ്യിദ്. ആദ്യ ചിത്രമായ ജയം മുതൽ വിക്രം നായകനായെത്തിയ അന്യനടക്കം അനേകം സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സദ നായികയായി തിളങ്ങി. ഇപ്പോൾ അഭിനയലോകത്തുനിന്ന് നീണ്ട ഇടവേളയെടുത്ത താരം മറ്റൊരു രംഗത്ത് തന്റെ കഴിവ് തെളിയിക്കുകയാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായാണ് തെന്നിന്ത്യൻ താരസുന്ദരി ഇപ്പോൾ തിളങ്ങുന്നത്. താൻ പകർത്തുന്ന ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാമിലെ 'സദ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി' എന്ന പേജിൽ പങ്കുവയ്ക്കാറുമുണ്ട്. ഓരോ ചിത്രത്തിന്റെ വിശദമായ വിവരണവും സദ ഉൾപ്പെടുത്താറുണ്ട്. ചിത്രങ്ങൾ പകർത്തുന്നതിനായി രാജ്യത്തെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങെല്ലാം സദ സന്ദർശിച്ചുകഴിഞ്ഞു.
അഭിനേതാവിന് പുറമെ തികഞ്ഞൊരു മൃഗസ്‌നേഹി കൂടിയാണ് സദ. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഹൈദരാബാദിൽ ഇക്കോ പാർക്ക് തുടങ്ങാനുള്ള തീരുമാനത്തിനെ നടി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെയായിരുന്നു വിമർശനം. താരത്തിന്റെ പ്രതികരണത്തെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു.
2002ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജയം ആണ് സദയുടെ ആദ്യ സിനിമ. മലയാളത്തിൽ ജയറാമിന്റെ നായികയായി നോവൽ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. 2023ൽ പുറത്തിറങ്ങിയ ആദികേശവയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നാൽപതോളം സിനിമകളിൽ സദ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |