കന്നഡ ചിത്രമായി റിലീസ് ചെയ്‌ത കാന്താര വളരെ പെട്ടെന്ന് പാൻ ഇന്ത്യൻ എന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ്. കർണാടകയിലെയും കേരളത്തിലെയും ഭാഗങ്ങൾ ചേർന്ന പഴയ തുളുനാട്, പശ്ചിമഘട്ടത്തോട് ചേർന്ന മലേനാട് എന്നീ ഭാഗങ്ങളിൽ പ്രശസ്‌തമായ ഭൂത കോല എന്ന കലാരൂപത്തെ അവതരിപ്പിക്കുന്ന ഋഷഭ് ഷെട്ടി 2022ൽ സംവിധാനം ചെയ്‌ത് നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 450 കോടി രൂപയോളം കളക്ഷൻ നേടി ഇൻഡസ്‌ട്രിയൽ ഹിറ്റായി.
ചിത്രത്തിന്റെ വിജയത്തെ കുറിച്ചും തന്റെ പുതിയ ചിത്രമായ തങ്കലനെ കുറിച്ചും വ്യക്തമാക്കുകയാണ് തമിഴ് സംവിധായകൻ ജ്ഞാനവേൽ രാജ. കാന്താര എന്തുകൊണ്ട് ഇന്ത്യമുഴുവൻ വിജയിച്ചു എന്ന് ചോദിച്ചാൽ എല്ലാനാട്ടിലും കാന്താര സിനിമയിലേത് പോലെ കുലദൈവം വെളിപാട് പറയുന്ന ആചാരമുണ്ട്. ആസാമിലുണ്ട്, ഒഡീഷയിലുണ്ട്, കാശ്‌മീരിലും,മദ്ധ്യപ്രദേശിലും ഉണ്ട്. എല്ലാവർക്കും ആ വിഷയം വളരെ പെട്ടെന്ന് കണക്‌ടായി. 'തങ്കലൻ' ചിത്രത്തിലും അതേ കാര്യമുണ്ട്. എല്ലാ പ്രേക്ഷകർക്കും അത് വേഗം കണക്‌ടാകും.' ജ്ഞാനവേൽ രാജ പറഞ്ഞു. ചിത്രത്തെ താൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ കാണാതെ ഒരു പ്രേക്ഷകൻ എന്ന നിലയിലാണ് കണ്ടതെന്നും സന്തോഷാശ്രു തനിക്കുണ്ടായെന്നും ജ്ഞാനവേൽ രാജ വ്യക്തമാക്കി. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
വിക്രം നായകനായെത്തുന്ന തങ്കലൻ ഓഗസ്‌റ്റ് 15നാണ് തീയേറ്ററുകളിലെത്തുക. പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, ഇംഗ്ളീഷ് അഭിനേതാവ് ഡാനിയേൽ കാർടിഗെറോൺ, ഹരികൃഷ്‌ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷം ചെയ്യുന്നത്. വിക്രത്തിന്റെ പ്രത്യേക ഗെറ്റപ്പിലുള്ള ചിത്രം 1900 ആരംഭത്തിൽ കോളാർ സ്വർണഖനി (കെജിഎഫ്)യിൽ നടക്കുന്ന കഥയാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |