മംഗളൂരു: ഷിരൂരിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ സാദ്ധ്യമായ പുതിയ രീതികൾ അവലംബിക്കാൻ യോഗത്തിൽ തീരുമാനമായതായി മന്ത്രി മുഹമ്മദ് റിയാസ്. ഷിരൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'കോഴിക്കോട് എംപി എംകെ രാഘവൻ, എംഎൽഎമാരായ അഷ്‌റഫ്, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കാർവാർ എംഎൽ സതീഷ് കൃഷ്ണ സെയിൽ, ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ എന്നിവരാണ് യോഗം ചേർന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തെരച്ചിലിൽ നാവികസേന പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നത് യോഗത്തിൽ വിലയിരുത്തി. എന്ത് പ്രതിസന്ധികൾ ഉണ്ടായിരുന്നാലും അർജുനെ കണ്ടെത്താനുള്ള ശ്രമം തുടരണമെന്ന് ഞങ്ങൾ കൂട്ടായി എടുത്ത തീരുമാനം യോഗത്തിൽ ചർച്ച ചെയ്യുകയും അന്തിമ തീരുമാനം ഉണ്ടാക്കുകയും ചെയ്തു.
ശ്രമം തുടരണമെന്ന് കളക്ടർ നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ മൂന്നുപേരെയും കണ്ടെത്താനുള്ള ലക്ഷ്യത്തിലേക്കെത്താൻ ശ്രമം തുടരണമെന്നാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഈ കാലാവസ്ഥയിൽതന്നെ ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളുണ്ട്, അത് തുടരും. പുതിയ സംവിധാനങ്ങൾ ആലോചിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യും. പരിഹാരം കാണാനുള്ള കൂട്ടായ ശ്രമങ്ങളാണ് നടന്നത്' -മന്ത്രി വ്യക്തമാക്കി.
അതേസമയം, ഐബിഒഡി സംഘം അർജുന്റെ ട്രക്കിന്റെ കൃത്യമായ ചിത്രം നൽകിയെന്ന് കാർവാർ എംഎൽഎ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യ സിഗ്നൽ ലഭിച്ച സ്ഥലത്തുതന്നെയാണ് പരിശോധന തുടരുന്നതെന്ന് സൈന്യവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |