ഇക്കൊല്ലം തിയേറ്ററുകളിലെത്തിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ചവയുടെ പട്ടികയിൽ മുന്നിലുള്ള ചിത്രമാണ് ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും ഗംഭീര പ്രകടനമായി വിലയിരുത്തപ്പെടുന്ന ചിത്രം മാർച്ച് 28നാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ്ഓഫീസിൽ 160 കോടിയിലേറെ സിനിമ കളക്ഷൻ നേടുകയും ചെയ്തു. ഇപ്പോഴിതാ നടൻ മമ്മൂട്ടിയില്ലായിരുന്നുവെങ്കിൽ ആടുജീവിതം സംഭവിക്കില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ളെസി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ മനസുതുറന്നത്.
'മമ്മൂക്ക ഇല്ലെങ്കിൽ ആടുജീവിതം ഉണ്ടാവുമായിരുന്നില്ല. കാരണം ആടുജീവിതം എനിക്ക് എഴുതാൻ പറ്റണമല്ലോ. തന്മാത്രയും ഭ്രമരവും എഴുതാൻ കഴിയണമല്ലോ? കാഴ്ച എഴുതാൻ മമ്മൂട്ടി തന്ന ധൈര്യമാണ് പിന്നീട് തന്മാത്രയും ഭ്രമരവും എഴുതാൻ ആത്മവിശ്വാസമായത്. നിനക്ക് എഴുതാൻ പറ്റുമെന്ന് ഒരു സ്റ്റാർ പറയുകയും അദ്ദേഹം അതിനായി വഴങ്ങിത്തരികയും ചെയ്തു. ഒരു അഞ്ച് ദിവസം കൊണ്ട് ഫസ്റ്ര് ഹാഫ് എഴുതുകയും അത് വായിച്ചുനോക്കാതെ തന്നെ ബാക്കിയെഴുതാൻ പറയുകയും ചെയ്തു.
അദ്ദേഹം വായിച്ചില്ലെന്നാണ് പിന്നീട് പറഞ്ഞത്. ആദ്യത്തെ രണ്ടോ മൂന്നോ സീൻ വായിച്ചപ്പോൾ തന്നെ പുള്ളി ഹാപ്പിയായി. അവൻ കൊണ്ടുവന്നപ്പോൾ ഞാൻ വായിച്ചില്ല. എനിക്കല്ലാതെ തന്നെ മനസിലായി എന്ന് പറഞ്ഞു. അത് വലിയ ആത്മവിശ്വാസമല്ലേ? തന്മാത്ര കാഴ്ചയെക്കാളും കോംപ്ളിക്കേറ്റഡ് ആയ തിരക്കഥയാണ്. കാഴ്ച എഴുതിയത് കൊണ്ടുമാത്രമാണ് തന്മാത്ര എഴുതാൻ പറ്റിയത്'- ബ്ളെസി പറഞ്ഞു.
ബ്ളെസിയുടെ ആദ്യ ചിത്രമായ കാഴ്ച 2004ലാണ് പുറത്തിറങ്ങിയത്. ബ്ളെസി തന്നെയായിരുന്നു രചനയും സംവിധാനവും നിർവഹിച്ചത്. മമ്മൂട്ടി, പത്മപ്രിയ, യഷ്, സനുഷ, ഇന്നസെന്റ്, മനോജ് കെ ജയൻ, വേണു നാഗവള്ളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |