തിരുവനന്തപുരം ഡി.സി.സിയുടെക്യാമ്പ് എക്‌സിക്യൂട്ടീവിൽ പങ്കെടുത്തില്ല
തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തനിക്കെതിരെയുണ്ടായ വിമർശനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തിയെന്ന് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡി.സി.സി ഇന്നലെ സംഘടിപ്പിച്ച ക്യാമ്പ് എക്‌സിക്യൂട്ടിവിൽ നിന്നു വിട്ടുനിന്നു. ഇനി ഹൈക്കമാൻഡിൽ നിന്നു മാർഗ നിർദേശം ലഭിച്ചാൽ
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിൽ പങ്കെടുക്കാമെന്ന നിലപാടിലാണെന്ന് അറിയുന്നു.
തന്നെ അറിയിക്കാതെ പ്രസിഡന്റ് കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ നടത്തിയ കെ.പി.സി.സി ഭാരവാഹിയോഗത്തിലെ വിമർശനം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിലും അമർഷമുണ്ട്. ഹൈക്കമാൻഡിന് പരാതി നൽകാനും സാദ്ധ്യതയുണ്ട് . പ്രശ്‌നം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടേക്കും.
വയനാട് ക്യാമ്പ് എകസിക്യൂട്ടീവ് തീരുമാനങ്ങൾ ഡി.സി.സി നേതൃയോഗങ്ങളിൽ പ്രതിപക്ഷനേതാവ് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു തീരുമാനം. ഇന്നലെ തലസ്ഥാനത്തെ ഡി.സി.സി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്, എം.എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കെ.പി.സി.സി പുറത്തിറക്കിയ ആറ് പേജുള്ള സർക്കുലറിന് പുറമേ നാല് നിർദ്ദേശങ്ങളടങ്ങുന്ന സർക്കുലർ പ്രതിപക്ഷനേതാവ് പുറത്തിറക്കിയതാണ് വിവാദമായി ചില ജനറൽ സെക്രട്ടറിമാർ ഉയർത്തിയത്.
കെ.പി.സി.സി അദ്ധ്യക്ഷനുൾപ്പെടെ 22 പേർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷനേതാവിനെ അനുകൂലിച്ച് രണ്ടുപേർ സംസാരിച്ചെന്നാണ് സൂചന. വാർത്ത പുറത്തായത് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിവേണമെന്നും മുതിർന്ന നേതാവ് കെ. മുരളീധരനും വ്യക്തമാക്കി.
വിമർശിക്കുന്നത് തെറ്റല്ല :
വി.ഡി സതീശൻ
തന്നെ വിമർശിക്കുന്നത് തെറ്റല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാലോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമർശനമുണ്ടായത് വാർത്തയാക്കേണ്ട കാര്യമില്ലെന്നും കെ.പി.സി.സി യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താനും നേതാക്കളെ വിമർശിച്ചിട്ടുള്ളയാളാണ്. അതിന് വിധേയനാകുന്നതിൽ അഭിമാനമേയുള്ളൂ. താൻ തിരുത്തും. അതുകൊണ്ടാണ് ഡി.സി.സിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവിൽ പങ്കെടുക്കാതിരുന്നത്. താൻ ഒരു സർക്കുലറും പുറത്തു വിട്ടിട്ടില്ല. കെ.പി.സി.സി യോഗത്തിൽ പറഞ്ഞതും പറയാത്തതും വാർത്തയായി. വാർത്ത നൽകിയവർ പാർട്ടിയുടെ ബന്ധുക്കളാണോ എന്ന് പരിശോധിക്കണം. യോഗത്തിന് വിളിക്കാത്തതിൽ പരാതിയില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |