ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ കർണാടക സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക മത്സ്യത്തൊഴിലാളികളെയും മുങ്ങൽ വിദഗ്ദരെയും കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇങ്ങനെയൊരു നികൃഷ്ട മനസുള്ളവർ, ഈയൊരു ഘട്ടത്തിൽ ആ കുടുംബത്തെ ആക്രമിക്കുകയെന്നത് അംഗീകരിക്കാൻ പറ്റില്ല. ഞങ്ങൾ ആ വീട്ടിൽ പോയപ്പോൾ അവിടെയുള്ളവർ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് കമ്മീഷറുമായി ചർച്ച നടത്തിയിരുന്നു. കേസെടുത്തിരുന്നു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ കുടുംബത്തിന്റെ അവസ്ഥ നമ്മൾ മനസിലാക്കണം. ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്ന സംഘത്തിന്റെ ലക്ഷ്യമെന്താണ്. അതൊക്കെ പുറത്തുവരണം. '- മന്ത്രി പറഞ്ഞു.
എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും പൊന്റൂണുകൾ കൊണ്ടുവരണമെന്ന അഭിപ്രായം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇവ എത്തിക്കുന്നതിൽ ചില തടസങ്ങളുണ്ടെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളം ആവശ്യത്തിൽ ഉറച്ചുനിന്നു. ഇതോടെ കളക്ടർ രാജസ്ഥാനിലെ പൊന്റൂൺ സംഘത്തെ ബന്ധപ്പെട്ടു. രാത്രിയോടെ എത്തിച്ചേക്കും.
അർജുന്റെ കുടുംബത്തിന് ഷിരൂരിലെത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കളക്ടറുമായി നടത്തിയ യോഗത്തിൽ മൂന്ന് പേർക്ക് പാസ് അനുവദിക്കാൻ തീരുമാനമായെന്ന് മന്ത്രി വ്യക്തമാക്കി.
അർജുന്റെ ലോറി കരയിൽ നിന്ന് 132മീറ്റർ അകലെയാണ് ഉള്ളതെന്ന് ഡ്രോൺ പരിശോധനയിൽ സ്ഥിരീകരിച്ചു. റിട്ട. മേജർ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. നാലിടങ്ങളിൽ നിന്നാണ് ട്രക്കിന്റേതിന് സമാനമായ സിഗ്നലുകൾ ലഭിച്ചത്.
ലോറിയുടെ ക്യാബിൻ തലകീഴായിട്ടാണ് കിടക്കുന്നത്. പുഴയിലെ അടിയൊഴുക്കിൽ ക്യാബിന്റെ സ്ഥാനം മാറിയതായിരിക്കാമെന്നാണ് കരുതുന്നത്. ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇല്ലെന്ന് പറയാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |