വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫോമുകളിൽ ഒപ്പിട്ടതായി കമല എക്സിൽ കുറിച്ചു. ' വോട്ടിനായി കഠിനമായി പരിശ്രമിക്കും. നവംബറിൽ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും" - കമല കുറിച്ചു. ആഗസ്റ്റ് ഏഴിന് ഡെമോക്രാറ്റിക് കൺവെൻഷനിൽ പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി കമലയെ തിരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ അന്ന് പ്രഖ്യാപിക്കും. കമലയ്ക്കെതിരെ മത്സരിക്കാൻ നിലവിൽ പാർട്ടിയിൽ ആരും മുന്നോട്ടുവന്നിട്ടില്ല.മുതിർന്ന നേതാക്കളുടെ പിന്തുണ ലഭിച്ചതിനാൽ കമലയ്ക്ക് അനായാസം പാർട്ടിയുടെ ഔദ്യോഗിക നോമിനി പദവി ലഭിച്ചേക്കും.
ട്രംപിന്റെ ലീഡിൽ ഇടിവ്
യു.എസിൽ സ്ത്രീകൾക്കും ആഫ്രോ - അമേരിക്കൻ വംശജർക്കുമിടെയിൽ കമലയ്ക്ക് പിന്തുണ വർദ്ധിക്കുന്നെന്നാണ് വിലയിരുത്തൽ. ഒടുവിൽ വന്ന സർവേകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന്റെ ലീഡിൽ കാര്യമായ ഇടിവുണ്ടായി.
വാൾസ്ട്രീറ്റ് ജേണലിന്റെ സർവേയിൽ കമലയേക്കാൾ വെറും രണ്ട് ശതമാനം വോട്ടിന് മുന്നിലാണ് ട്രംപ്.മറ്റ് പല സർവേകളിലും ട്രംപിന് തൊട്ടുപിന്നിൽ കമലയെത്തി.
ബൈഡന്റെ തന്ത്രം
കമലയെ നോമിനിയായി നിർദ്ദേശിച്ചത് മുൻ പ്രസിഡന്റ് ഒബാമയ്ക്കെതിരെയുള്ള ബൈഡന്റെ തന്ത്രമെന്ന് യു.എസ് മാദ്ധ്യമം. ബൈഡന്റെ പിന്മാറ്റത്തിന് ഒബാമയും മറ്റ് മുതിർന്ന നേതാക്കളും നിർബന്ധിച്ചെന്നാണ് റിപ്പോർട്ടുകൾ. ബൈഡന് ഇതിൽ കടുത്ത അമർഷമുണ്ടായിരുന്നു. ബൈഡന് പകരം മറ്റ് ചിലരെ ഒബാമയടക്കമുള്ളവർ കണക്കുകൂട്ടിയിരുന്നെന്നും ഇത് ഒഴിവാക്കാനാണ് തന്റെ വൈസ് പ്രസിഡന്റിനെ ബൈഡൻ നോമിനേറ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറിയ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പിന് ഒബാമയടക്കം പദ്ധതിയിട്ടെന്നും പറയുന്നു. കമല ഇതിൽ വിജയിക്കില്ലെന്ന് അവർ കണക്കുകൂട്ടിയിരുന്നത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |