ആലപ്പുഴ:പ്ലാസ്റ്റിക്ക് ചട്ടികൾക്കും ഗ്രോ ബാഗുകൾക്കും ഗുഡ്ബൈ പറയാം. വാനിലയുടെ സുഗന്ധവുമായി പരിസ്ഥിതി സൗഹൃദ റബ്ബർ ഗ്രോബാഗും ചെടിച്ചട്ടികളും ഇതാ. റബർ ഷീറ്റുകൊണ്ട് നിർമ്മിച്ച ഇവ തട്ടിയാലോ നിലത്തുവീണാലോ പൊട്ടില്ല. വീണ്ടും വീണ്ടും ഉപയോഗിക്കാം. റബർ കർഷക കമ്പനിയായ റബ്ഫാം ആണ് ഇതിന് പിന്നിൽ.
പ്ലാസ്റ്റിക്കിന്റെ പരിസ്ഥിതി പ്രശ്നങ്ങൾക്കും മൺചട്ടിയുടെ ബലക്കുറവിനും റബ്ബർഗ്രോബാഗും ചട്ടികളും പരിഹാരമാകും. വീടിന്റെ അകത്തളങ്ങൾക്ക് ഭംഗിയേകുന്ന റബ് ഫാമിന്റെ ഇൻഡോർ പോട്ടുകൾ വാനിലയുടെ സുഗന്ധവും പരത്തും.
വർഷങ്ങളോളം ഈട് നിൽക്കും. മണ്ണിനോട് അലിഞ്ഞുചേരും. വിവിധ വിലപ്പത്തിലും നിറത്തിലും ആകൃതയിലുമുള്ള ഗ്രോബാഗുകളും ചെടിച്ചട്ടികളും ഇൻഡോർ പോട്ടുകളും വിപണിയിലെത്തിക്കഴിഞ്ഞു.
കർഷകരിൽ നിന്ന് സംഭരിക്കുന്ന റബ്ബർ ഷീറ്റിന് രൂപമാറ്റം വരുത്തിയാണ് ഇവ നിർമ്മിക്കുന്നത്.
ഗുണനിലവാരത്തിന് റബർ ബോർഡിന്റെ സാക്ഷ്യപത്രമുണ്ട്.
മുന്നൂറോളം
അംഗങ്ങൾ
റബർ കർഷകരെ സംരംഭകരാക്കി കൃഷി ആദായകരമാക്കാനാണ് 2022ൽ പാല ആസ്ഥാനമായി റബ് ഫാം രൂപീകരിച്ചത്. കേരളത്തിലെ റബർ ഉൽപ്പാദക സംഘങ്ങൾ (റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി) ചേർന്ന് കൃഷി വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച കമ്പനിയിൽ 300 ലധികം കർഷകർ അംഗങ്ങളാണ്.
കേരളത്തിലെ റബർ പുറത്തേക്ക് കൊണ്ടുപോയി കമ്പനികൾ ലാഭം കൊയ്യുമ്പോൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി ലാഭവിഹിതം അംഗങ്ങൾക്ക് തിരികെ നൽകുന്നതാണ് പദ്ധതി.
വില ഇങ്ങനെ
ഗ്രോബാഗ്:150
ഇൻഡോർ പോട്ട് മീഡിയം വിത്ത് ട്രേ (5.7 ലിറ്റർ): 350
ഇൻഡോർ പോട്ട് സ്മാൾ (1 ലിറ്റർ):125
ഒരുവർഷം മുമ്പാണ് പ്രകൃതി സൗഹൃദ ഗ്രോബാഗുകളും ചെടിച്ചട്ടികളും നിർമ്മിച്ച് തുടങ്ങിയത്. ഇതിനകം പത്തുലക്ഷത്തോളം രൂപയുടെ വ്യാപാരം നടത്തി. റബർ ഉൽപ്പന്നമായ ഗ്രോബാഗിനെയും ചെടിച്ചട്ടികളെയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ സഹായം തേടിയിട്ടുണ്ട്.
- ഡോ.ജേക്കബ് മാത്യു, ചെയർമാൻ, റബ്ഫാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |