ന്യൂഡൽഹി∙ ഇരുപത്തിയൊന്നുകാരിയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആസാം സ്വദേശിയായ സ്നേഹ നാഥാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇവർ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കൊലപാതകവുമായി ബന്ധപ്പെട്ട് സ്നേഹയുടെ സുഹൃത്തായ ഇരുപത്തിനാലുകാരനായ രാജ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. സ്നേഹ ജിം ട്രെയിനറാണെന്നാണ് റിപ്പോർട്ട്. രാജും ആസാം സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്.
ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ദ്വാരകയിലെ ഫ്ലാറ്റിലെത്തിയത്.അപ്പോഴാണ് സ്നേഹയെ അബോധാവസ്ഥയിൽ കണ്ടത്. വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. രാജിന്റെ കൈകൾക്കും പരിക്കുണ്ട്. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ ഉണ്ടായതാവും ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഏറെ നാളായി പരിചയമുണ്ടായിരുന്ന ഇവർ തമ്മിൽ അടുപ്പത്തിലുമായിരുന്നു. എന്നാൽ കുറച്ചുദിവസങ്ങളായി ഇവരുടെ ബന്ധം വഷളായിരുന്നു. തമ്മിൽ തർക്കങ്ങളും വാക്കേറ്റവും പതിവായിരുന്നു. കഴിഞ്ഞദിവസം വൈകിട്ടോടെ സ്നേഹയുടെ വീട്ടിൽ രാജ് എത്തി. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ വീണ്ടും തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാജ് സ്നേഹയെ ആക്രമിക്കുകയുമായിരുന്നു.
കുത്തേറ്റ സ്നേഹ നിലത്തുവീണതോടെ രാജ് കഴുത്ത് ഞെരിക്കുകയും ചെയ്തു. സ്നേഹ അബോധാവസ്ഥയിലയാതോടെ ഭയന്നുപോയ രാജ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. കൊലപാതകത്തിന് പിന്നിൽ താൻ മാത്രമാണെന്ന് രാജ് പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായും വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരും. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |