ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ സിവിൽ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. അപകടത്തിൽ എറണാകുളം സ്വദേശി നവീൻ ഡാൽവിനാണ് മരിച്ചത്. ജെഎൻയു വിദ്യാർത്ഥിയാണ് നവീൻ. അപകടത്തിൽ ഒരു പെൺകുട്ടിയടക്കം മൂന്നുപേരാണ് മരിച്ചത്.
അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കടുത്ത വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറുകയാണ്. ദുരന്തത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കോച്ചിംഗ് സെന്ററിലേക്ക് മാർച്ച് നടത്താനുള്ള വിദ്യാർത്ഥികളുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ്. പൊലീസും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റവും ഉണ്ടായി.
കനത്ത മഴ തുടരുന്ന ഡൽഹിയിൽ സിവിൽ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റിൽ വെള്ളം കയറിയാണ് അപകടമുണ്ടായത്. ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന പതിനാലുപേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പടിഞ്ഞാറൻ ഡൽഹിയിലെ രാജേന്ദർ നഗറിൽ റാവു ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടോടെ വെള്ളം കയറിയത്. കനത്ത മഴയിൽ ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ബേസ്‌മെന്റിലെ ലൈബ്രറിയിൽ ഇരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ തിക്കുതിരക്കുംകൂട്ടിയ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണുവെന്നാണ് കരുതുന്നത്.
രണ്ടുദിവസമായി ഡൽഹിയിൽ കനത്ത മഴയുണ്ട്. അതിനാൽത്തന്നെ കെട്ടിടത്തിന്റെ പരിസരമെല്ലാം വെള്ളക്കെട്ടിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി മന്ത്രി അതിഷി മർലേന ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |